Thursday, November 11, 2010

കാമുകന്‍മാരുടെ ശ്രദ്ധക്ക്

ഇന്റര്‍വ്യൂ വിനു വന്നപ്പോഴേ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. മുട്ടൊപ്പം നില്‍കുന്ന കറുത്ത ഇടതൂര്‍ന്ന മുടി, മഷി എഴുതിയ കണ്ണുകള്‍, അടങ്ങി ഒതുങ്ങിയ നടത്തം, മൃദുലമായ പുഞ്ചിരി, വളരെ പഴയ രീതിയില്‍ തയ്ചെടുത്ത ചുരിദാര്‍, നമ്മുടെ കവികള്‍ പാടിയ പോലെ "ശാലീനയായ , നിലാവ് പോലെ" ഒരു പെണ്‍കുട്ടി . അവളുടെ കൂടെ അവളുടെ അനിയന്‍ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. എന്തായാലും അപ്പോയിന്മേന്റ്റ് ആയാല്‍ അവളുമായി കൂടുതല്‍ പരിചയപ്പെടാമല്ലോ എന്നോര്‍ത്തു.

വന്നപ്പോള്‍ അവള്‍ എന്‍റെ അതെ ഓഫീസില്‍, പിന്നെ ഹോസ്റ്റലില്‍ എന്‍റെ റൂം മേറ്റ്‌ ആയും അവളെ തന്നെ കിട്ടി, എനിക്ക് കൂടെ പോവാനും വരാനും ഒക്കെ ഒരു ചന്ദന മണമുള്ള കൂട്ടുകാരി, എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു . പേരും അത് പോലെ തന്നെ, നന്ദന. അവളുടെ സംസാരവും പെരുമാറ്റവും ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു. തനി വള്ളുവനാടന്‍ സ്ലാങ്ങില്‍ ഒഴുകുന്ന പോലെ സംസാരിക്കുന്നു, ചില മോഹന്‍ലാല്‍ സിനിമകളിലെ നായികമാരെ പോലെ

ഹോസ്റ്റല്‍ ജീവിതത്തിന്റെ ആദ്യ ദിവസം തന്നെ അവള്‍ അവളുടെ ഭാവി വരനെ കുറിച്ച് പറഞ്ഞു തന്നു, അന്ന് ഇന്റര്‍വ്യൂ വിനു കൂടെ വന്ന ചെറുപ്പക്കാരന്‍ ആണത്രേ, ഭാഗ്യം അത് അനിയന്‍ ആയിരുന്നോ എന്ന് ഞാന്‍ ചോദിച്ചില്ല. നന്നായി , ചെലപ്പോ അത് അവളെ വേദനിപ്പിചേനെ. അവളുടെ കൂടെ കോളേജില്‍ ഒരുമിച്ചു പഠിച്ച പയ്യന്‍. അവന്‍റെ ഇഷ്ടങ്ങള്‍ ആണ്, ശാലീനയായ , മറ്റുള്ള പയ്യന്മാരുടെ മുഖത്ത് പോലും നോക്കാത്ത .... എന്തൊക്കെയാണോ അവള്‍ , അങ്ങനെ ഉള്ള പെണ്‍കുട്ടി. ശേരിയായിരിക്കാം , എന്നും ഇപ്പോഴും പ്രേമിക്കാന്‍ നേരം അല്ലെങ്കിലും ഈ ആണ്‍ പിള്ളേര്‍ക്ക് ഭയങ്കര കോണ്‍സെപ്റ്റ് ഒക്കെ ആയിരിക്കും, കുളിപ്പിന്നലിട്ട , തുളസ്സിക്കതിര്‍ ചൂടിയ, ചന്ദനം തൊട്ട പെണ്‍കുട്ടി ..ഒരു മാസത്തെ പ്രായവ്യത്യാസമേ ഉള്ളൂ അവര്‍ തമ്മില്‍, എങ്കിലും അവള്‍ ഏട്ടാ എന്ന് വിളിച്ചു കേള്‍ക്കണം.. ഹോ, ആ പയ്യന്‍ ഭാഗ്യവാന്‍ തന്നെ . ഞാന്‍ മനസ്സില്‍ ഓര്‍ത്തു,

മെല്ലെ മെല്ലെ , ഞാന്‍ അവളെ കൂടുതല്‍ മനസിലാക്കുകയായിരുന്നു. ഞാന്‍ റൂം മേറ്റ്‌ ആയതു കൊണ്ടായിരിക്കണം, അവള്‍ എന്നോട് അവരുടെ ബന്ധത്തെ കുറിച്ച് കൂടുതല്‍ പറഞ്ഞു, ഏട്ടാ എന്നാ വിളി മാത്രമല്ല, ഒരുപാട് നിയന്ത്രണങ്ങള്‍ അവളുടെ മേല്‍ കിരണ്‍ വെച്ചിട്ടുണ്ട് എന്നും, അവള്‍ക്കു സുഹൃത്തുക്കള്‍ ഉണ്ടാവുന്നത്തെ അവനു ഇഷ്ടമല്ല എന്നും, ഏട്ടന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം എന്നും. അവള്‍ പത്രം വായിക്കുന്നത് പോലും അവനു ഇഷ്ടമില്ലത്രെ . അവരുടെ വീട്ടുകാര്‍ എല്ലാം സന്തോഷത്തോടെ സമ്മതിച്ച ബന്ധമാണ്, അവളുടെ പഴയ സുഹൃത്തുക്കള്‍ക്കൊക്കെ അസൂയ ആണ്. എല്ലാം മൂളി കേള്‍ക്കുക എന്നല്ലാതെ എനിക്ക് ഇതില്‍ ഒന്നും അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ, മെല്ലെ മെല്ലെ ഈ ഏട്ടന്‍ ചരിതം എനിക്ക് ബോര്‍ അടിച്ചു തുടങ്ങി.

അവളുടെ മൊബൈല്‍ നമ്പര്‍ എനിക്ക് പോലും തന്നില്ല, എട്ടന് അത് ഇഷ്ടമല്ല, എന്നാണു പറയുക. ഓഫീസില്‍ എല്ലാര്‍ക്കും അവളെ വലിയ കാര്യം ആയിരുന്നു, ഇങ്ങനെ അടങ്ങി ഒതുങ്ങിയ ഒരു പെണ്‍കുട്ടിയെ അവര്‍ ആദ്യമായി കാണുന്ന പോലെ, അത് കൊണ്ട് തന്നെ അവളുടെ ഓവര്‍ വര്‍ക്കുകള്‍ ഒക്കെ എനിക്ക് കിട്ടാന്‍ തുടങ്ങി. ഏട്ടനോട് സംസാരിച്ചു അവള്‍ക്കു രാത്രി ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ എങ്ങനെ എങ്കിലും അവള്‍ക്കു ഭക്ഷണം എത്തിക്കുക എന്നാ ജോലിയും എനിക്കായി. അവളെ വര്‍ക്കില്‍ സഹായിക്കുക. മിക്കവാറും എന്നെക്കൊണ്ട് തന്നെയാണ് എക്സ്ട്ര ഒക്കെ ചെയ്യിപ്പിക്കുക . ഇടയ്ക്കു എനിക്ക് നല്ല ദേഷ്യം വരും, കാരണം എന്‍റെ ഒരു ആവശ്യത്തിനും അവള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാറില്ല. ഒരിക്കല്‍ ഫുഡ്‌ പോയിസനിംഗ് ആയി എനിക്ക് തീരെ വയ്യാതെ ആയപ്പോള്‍ അവള്‍ പറഞ്ഞത്, "സ്നേഹ ഇന്ന് വീട്ടില്‍ പോകണം എന്ന് ഏട്ടന്‍ പറയുന്നു. നിനക്ക് ആശുപത്രിയില്‍ ഒന്നും പോകണ്ടല്ലോ അല്ലെ " . അവള്‍ അന്ന് വീട്ടില്‍ പോയി, ഞാന്‍ 3 ദിവസം ആശുപത്രിയിലും ആയിരുന്നു. എനിക്ക് നല്ല ഒരു കൂട്ടുകാരിയെ കിട്ടിയതാണല്ലോ !!!

നന്ദനയെ കാണാന്‍ കിരണ്‍ പലപ്പോഴും ഹോസ്റ്റലില്‍ വരാറുണ്ട്. വലിയ താല്പര്യം ഇല്ലെങ്കിലും ഒരിക്കല്‍ ഞാന്‍ അവനോടു സംസാരിച്ചു, എന്‍റെ റൂം മേറ്റിന്റെ വുഡ് ബി അല്ലെ? പക്ഷെ നന്ദന ഈ പറയുന്നത് പോലെ ഭീകരനായ ഒരു പയ്യന്‍ ആണെന്ന് എനിക്ക് തോന്നിയില്ല. എന്‍റെ സുഹൃത്തുക്കളെ കുറിച്ച് ഒക്കെ ചോദിച്ചു, ഞാന്‍ ഒരുമാതിരി നല്ല രീതിയില്‍ തന്നെയാണ് അവനോടു സംസാരിച്ചത്. പക്ഷെ , അവന്‍ പോയതിനു ശേഷം നന്ദന എന്നോട് മിണ്ടുന്നേ ഇല്ല, ഞാന്‍ കുറെ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു "എട്ടന് നിന്നെ ഇഷ്ട്ടപെട്ടില്ല, നിനക്ക് ഒരുപാട് ഫ്രണ്ട്സ് ഒക്കെ ഉണ്ട്, പലരും ആണ്‍കുട്ടികള്‍ ആയിരിക്കും. അവര്‍ എങ്ങാനും എന്നോട് സംസാരിക്കാന്‍ വരുമോ എന്നാണു ഏട്ടന്റെ പേടി " . എനിക്ക് പച്ചക്ക് പറയാന്‍ തോന്നിയത് മുഴുവന്‍ ഞാന്‍ ഒരു കവിള്‍ വെള്ളത്തിന്റെ കൂടെ പച്ചക്ക് തന്നെ ഇറക്കി. ഒരിക്കലും പ്രേമികാന്‍ നില്കില്ല എന്ന് ഉറപ്പിക്കുകയും ചെയ്തു.

മിക്കവാറും വെള്ളിയാഴ്ച നന്ദന വീട്ടില്‍ പോകും. ഒരിക്കല്‍ പതിവ് പോലെ അവള്‍ വീട്ടിലേക്കു ഹോസ്റ്റലില്‍ നിന്നും ഇറങ്ങി. കിരണ്‍ ആണ് അവളെ കൊണ്ട് പോവുക, ഇവിടം വരെ എന്ന് ഞാന്‍ ചോദിച്ചില്ല. ഒരു കാര്യം എനിക്ക് മനസിലായത് എന്താണെന്നു വെച്ചാല്‍, അവളെ ഞാന്‍ കുറ്റപ്പെടുതുനതോ ഉപദേശിക്കുന്നതോ ഒന്നും അവള്‍ക്കു തീരെ ഇഷ്ട്ടമല്ല. അത് കൊണ്ട് ഞാന്‍ അതിനു നിക്കാറും ഇല്ല. അവള്‍ സാധാരണ പോലെ തിങ്കളാഴ്ച വരുമെന്ന് കണക്കു കൂട്ടി. ശനിയാഴ്ച രാവിലെ ഞാന്‍ ഭക്ഷണം ഒക്കെ കഴിഞ്ഞു റൂമില്‍ ഇരിക്കുമ്പോള്‍ ഉണ്ട് അവള്‍ കേറി വരുന്നു. ആകപ്പാടെ പേടിച്ചു വിറച്. ഞാന്‍ കാര്യം തിരക്കി. അപ്പോഴാണ് അവള്‍ പറയുന്നത്, സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞ അവള്‍ ഈ പോകുന്നത് ഒക്കെ കിരണിന്റെ കൂടെ ആണ്. എവിടേക്ക് എന്ന് ചോദിക്കാന്‍ ധൈര്യം വന്നില്ല. കിരണ്‍ വിളിക്കുമ്പോള്‍ ഒക്കെ പോകണം , അല്ലെങ്കില്‍ കിരണ്‍ അവളെ ഉപേക്ഷികുമത്രേ. ഇത് മറ്റൊരു കഥയാകുമോ എന്ന് അറിയാത്തത് കൊണ്ട് ഞാന്‍ മിണ്ടാതെ കേട്ടിരുന്നു. അവളുടെ അയല്‍പക്കം ആരോ അവരെ ഒരുമിച്ചു കണ്ട് അവളുടെ അച്ഛനെ അറിയിച്ചു എന്നും അച്ഛന് വല്ലാതെ ദേഷ്യം വന്നു എന്നും.. അങ്ങനെ അങ്ങനെ...

ഞാന്‍ മിണ്ടാതെ കേട്ടിരിക്കുന്ന കണ്ട് അവള്‍ പറഞ്ഞു "നീ എനിക്ക് ഒരു ഉപകാരം ചെയ്യണം, അച്ഛന്‍ ചോദിച്ചാല്‍ ഞാന്‍ ഇവിടെ തന്നെ ഉണ്ടാരുന്നു എന്ന് പറയണം. " ഞാന്‍ കണ്ണും മിഴിച്ചു ഇരുന്നു. " ഒരിക്കലും ഏട്ടന്റെ കാര്യം നിനക്ക് അറിയാം എന്ന് അച്ഛനോട് പറയരുത്" അതിനെന്താ, വീട്ടുകാര്‍ ഉറപ്പിച്ചതല്ലേ ?? ഞാന്‍ ചോദിച്ചു. അപ്പോഴാണ്‌ അവള്‍ ഒരു കഥയുടെ സത്യാവസ്ഥ പറയുന്നത്. ഒരു ബലം കിട്ടാനും , ഞാന്‍ സംശയിക്കാതെ ഇരിക്കാനും പറഞ്ഞതാണ്. വീട്ടില്‍ അറിയില്ല. ശെരി, എനിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസിലായി. എങ്കിലും അച്ഛനോട് കള്ളം പറയില്ല എന്നും ഉറപ്പിച്ചു.

പിറ്റേദിവസം അവളുടെ അമ്മ എന്നെ വിളിച്ചു, പാവം ആ സ്ത്രീ കരച്ചിലിന്റെ വക്കത്തായിരുന്നു. അവര്‍ പറഞ്ഞത് മറ്റൊരു കഥയാണ്. ഡിഗ്രി ക്ക് പഠിക്കുമ്പോള്‍ ആദ്യ വര്ഷം ഒരു മുസ്ലിം പയ്യനുമായി നന്ദന ഇഷ്ടത്തില്‍ ആയി. അവന്‍റെ കൂടെ കറങ്ങി നടന്ന്, അവന്‍ തന്നെ അവളെ ചതിച്ചു. കുറെ ഫോട്ടോയും ഒക്കെ അവന്‍റെ കൈയില്‍ ഉണ്ട്. അത് ഒരു കണക്കിന് വീട്ടുകാര്‍ ഇടപെട്ടു അവസാനിച്ചപ്പോള്‍, അതിന്റെ ദേഷ്യത്തിന് അവള്‍ സ്വന്തം കൈ മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. അത് പരാജയപ്പെട്ടു , രണ്ടു മാസം ആവുന്നതിനു മുന്‍പേ ആണ് അവള്‍ കിരണും ആയി ഇഷ്ടമായത്. അതും ഇങ്ങനെ ഒക്കെ ആകാന്‍ തുടങ്ങിയപ്പോള്‍ അവളുടെ അമ്മ തന്നെ മുന്‍കൈ എടുത്ത് കിരണിനോട് സംസാരിക്കുകയും ചെയ്തു. അതാണ്‌ അവള്‍ വുഡ് ബി എന്നൊക്കെ പറയുന്നത്. പിന്നെ ആ സ്ത്രീ എന്നോട് പറയുകയാണ്‌ " മോളെ , നീ എന്‍റെ മോളെ പറഞ്ഞ ഒന്ന് മനസിലാക്കണം " . നല്ല കഥയായി, സ്വന്തം അമ്മ പറഞ്ഞാല്‍ കേള്‍കാത്ത ആള്‍ ഞാന്‍ പറയുന്നതിന്...

ഞാന്‍ നന്ദനയോട് സംസാരിക്കാന്‍ തീരുമാനിച്ചു. എന്‍റെ ശബ്ദം ഉപദേശത്തിന്റെ ലെവല്‍ വിട്ടു വഴക്ക് എത്തുന്നതിനു മുന്‍പേ അവള്‍ എന്നോട് പറഞ്ഞു "നീ എന്നെ പഠിപ്പിക്കാന്‍ വരണ്ട. ഒരു ഉപകാരത്തിനും കൊള്ളാത്ത നീ ഒരു ഫ്രണ്ട് ആണോ , ഞാന്‍ ഇവിടുന്ന മാറുകയാണ് "

ഹോസ്റ്റല്‍ വാര്‍ടന്റെ അടുത്ത് ചെന്ന് അവള്‍ കരഞ്ഞു എന്ന് തോന്നുന്നു, സ്നേഹ അവളെ വിഷമിപ്പിക്കുന്നു. സ്നേഹയുടെ സ്വഭാവം താങ്ങാന്‍ പറ്റുന്നില്ല. എന്തായാലും, അവളെ മറ്റൊരു മുറിയിലേക്ക് മാറ്റാന്‍ തീരുമാനമായി, എന്നെ വാര്‍ഡന്‍ വിളിച്ചു താക്കീത് ചെയ്തു. അവരുടെ ഒക്കെ കണ്ണില്‍ നന്ദന ഒരു "ശാലീനയായ , ചന്ദനക്കുറി തൊട്ട പെണ്‍കുട്ടി " , പ്രശ്നം തീര്‍ച്ചയായും സ്നേഹയുടെ ഭാഗത്ത് ആയിരിക്കുമല്ലോ. അതെ പോലെ ഓഫീസിലും സംഭവിച്ചു. ഞങ്ങളുടെ സുപ്പീരിയര്‍ ലക്ഷ്മി മാഡത്തിന്റെ അടുത്ത് കരഞ്ഞു കൊണ്ട് നില്‍ക്കുന്നത് കണ്ടു, പിറ്റേ ദിവസം മുതല്‍ അവര്‍ക്ക് എന്നോട് ദേഷ്യം. നന്ദനയോട് വല്ലാത്ത സിംപതിയും. മീറ്റിങ്ങുകളില്‍ എല്ലാം അവര്‍ എന്നോട് വെറുതെ ദേഷ്യപെട്ടു സംസാരിക്കാന്‍ തുടങ്ങി. എനിക്കുള്ള അപ്പ്രേസിയെഷന്‍ ഒന്നും കിട്ടുന്നില്ല. എന്ത് കഥയാണോ ഇനി അവിടെ പറഞ്ഞിരിക്കുന്നത്?

എന്തായാലും കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ദൈവം സഹായിച്ച് മറ്റൊരു ജോലി എനിക്ക് വേഗം തരപ്പെട്ടു ഹോസ്റ്റലും മാറി, സമാധാനപരമായ ജീവിതം ആരംഭിച്ചപ്പോള്‍, ഒരു ദിവസം ഓഫീസില്‍ കിരണ്‍ എന്നെ കാണാന്‍ വന്നു. അവനു പറയാനുള്ളത് ഞാന്‍ കേള്‍കണം എന്ന് ആവശ്യം. അവിടെ ഒരു സീന്‍ ആക്കണ്ട എന്ന് കരുതി ഞാന്‍ സമ്മതിച്ചു. "അവനോടു താല്പര്യം ഉള്ള ഒരു ആള്‍ ആയതു കൊണ്ട് ആണ് അവന്‍ ഇത് പറയുന്നത്, " എന്നാ മുഖവുരയോടെ തുടക്കം. നന്ദന ഞാന്‍ ഉദ്ദേശിക്കുന്ന തരം കുട്ടി അല്ലെന്നും, അവന്‍ അവളുടെ പെരുമാറ്റം കണ്ട് വീണ്‌പോയതാനെന്നും, അവള്‍ക്കു ഇപ്പോള്‍ അങ്ങനെ പലരുമായും ബന്ധം ഉണ്ടെന്നും, ഞാന്‍ അവനെ തെറ്റിദ്ധരിക്കരുതെന്നും.. അങ്ങനെ എന്തൊക്കെയോ.. എന്‍റെ മെയിലിലേക്ക് അവന്‍ എന്തൊക്കെയോ അയച്ചിട്ടുണ്ടെന്ന് പറഞ്ഞു . ഇതിനൊക്കെ പുറമേ വളരെ ദേഷ്യക്കാരിയും, ശാട്യക്കാരിയും ഒക്കെയാണ് പോലും .ഇപ്പോള്‍ ഓഫീസില്‍ അവള്‍ക്കു മറ്റൊരാളുമായി.... അവര്‍ക്കൊന്നും അറിയില്ലല്ലോ സത്യത്തില്‍...

"ഓക്കേ, പക്ഷെ എന്തിനാണ് കിരണ്‍ എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നത്? " ഞാന്‍ ചോദിച്ചു. "നന്ദന പറഞ്ഞിട്ടുണ്ട്, സ്നേഹക്ക് എന്നോട് ഇഷ്ടം ഉണ്ട്. അങ്ങനെ ഉള്ളത് കൊണ്ടാണ് ഞാന്‍ അവരുടെ ബന്ധത്തെ എതിര്‍ത്ത് സംസാരിച്ചതും തകര്‍ക്കാന്‍ ശ്രെമിച്ചതും, സാധിക്കാതെ വന്നപ്പോള്‍ ജോലിയും ഹോസ്റെലും ഒക്കെ മാറിയതും എന്നൊക്കെ " .

എനിക്ക് ആവുന്നത്രയും ബലത്തില്‍ അവനെ ഒരു ആട്ട് ആട്ടി, ഇനി മേലാല്‍ ഈ വഴിക്ക് വരികയോ എനിക്ക് മെയില്‍ വഴി പോലും കൊണ്ടാക്ട്ടിനു ശ്രേമിക്കുകയോ ചെയ്യരുതെന്ന് താക്കീതും ചെയ്തു ഞാന്‍ തിരിഞ്ഞു നടന്നു. അവനെ ചെരുപ്പ് എടുത്ത് ഒന്ന് കൊടുക്കാമായിരുന്നല്ലോ എന്ന് പിന്നീട് ഓര്‍ത്തു.

ഇപ്പോള്‍ എനിക്ക് ഈ ചന്ദനക്കുറി-തുളസിക്കതിര്‍-നാണംകുണുങ്ങി പെണ്ണുങ്ങളെ കണ്ടുകൂടാ. അതൊക്കെ ഒരു കളിപ്പീരാ. പഠിച് ജോലി ഒക്കെ ചെയ്യാറായ പെണ്‍കുട്ടികള്‍ എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്. എന്‍റെ എട്ടന് പെണ്ണിനെ അന്വേഷിക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിക്കാന്‍ അറിയാവുന്ന പെണ്ണിനെയേ നോക്കൂ. സത്യസന്ധമായി പെരുമാറിയാല്‍ പോരെ? ഇവിടെ ആരാണ് തെറ്റ് ചെയ്തത് എന്ന് എനിക്ക് അറിയില്ല, ഞാന്‍ അത് അറിയാന്‍ കൂടുതല്‍ ശ്രമിക്കുന്നുമില്ല. ഒരു കാര്യം എനിക്കറിയാം, നന്ദനയുടെ ആ രൂപവും പെരുമാറ്റവും വെറും പൊള്ളയായിരുന്നു.

പ്രേമിക്കാന്‍ പോകുന്നവരോടും, പ്രേമിച്ചു കല്യാണം കഴിക്കാന്‍ ഉദ്ടെഷിക്കുന്നവരോടും ഒരു കാര്യം എനിക്ക് പറയാന്‍ ഉണ്ട്, വെറുതെ കാണാന്‍ ഉള്ള രൂപം നോക്കി ആരെയും വിധി എഴുതരുത്. കുറെ പൊള്ളയായ അളവ് കോലുകള്‍ കൊണ്ട് ആരെയും അളക്കരുത്. സത്യസന്ധമായി പെരുമാറുക, നന്നായി പരസ്പരം മനസിലാക്കുക, ഇതൊക്കെയാണ് പ്രേമത്തില്‍ വേണ്ടത്, അല്ലാതെ ചന്ദനക്കുറിയും തുളസിക്കതിരും നിലത്തു നഖം കൊണ്ട് എഴുതലും ... അല്ലെങ്കില്‍ മസില്‍ ശരീരവും ബൈക്കും വലിയ ശമ്പളം ഉള്ള ജോലിയും.. അങ്ങനെ അങ്ങനെ ബാഹ്യമായ കുറെ മോടികള്‍ അല്ല..

പറഞ്ഞു പറഞ്ഞു കാട് കയറിയോ? ബോര്‍ അടിച്ചു അല്ലെ?
എനിക്കറിയാം, ഇത് വായിച്ചു കഴിഞ്ഞാലും ഒരു കഥയെന്ന പോലെ മറന്നു കളയാം. ഇനി ആണ്‍കുട്ടികള്‍ വീണ്ടും തുളസിക്കതിരിന്റെ സ്വപ്നതിലെക്കും, പെണ്‍കുട്ടികള്‍ ബൈക്കും മസിലും ഉള്ള സ്വപ്നങ്ങളിലേക്കും തിരിച്ചു പോവുക.

5 comments:

ഓലപ്പടക്കം said...

കൊള്ളാം, കഥ നന്നായിരിക്കുന്നു. പക്ഷേ ഇതൊക്കെ കണ്ട് ഒരിക്കലും പ്രേമിക്കില്ല എന്നൊക്കെ പറയുന്നത് വിഡ്ഢിത്തമല്ലേ. തീരെ Possessive അല്ലാത്ത കാമുകീകാമുകമാരെയും നമുക്ക് കാണാന്‍ കഴിയുമല്ലോ.

Bijo J Francis said...

so true...
ഓലപ്പടക്കം പേടിക്കണ്ട...
അങ്ങനെ പ്രേമിക്കില്ല എന്നു തീരുമാനിച്ചാല്‍ പ്രേമിക്കതിരിക്കുമോ??
You don't decide to or not to fall in love... You just fall into it...
If you decide and fall in love with someone,it lacks a certain base...
എനിക്ക് അനുഭവം ഉണ്ടെന്നേ..

Jestin Joy said...

ഈ കഥയുടെ കുറച്ചു ഭാഗങ്ങള്‍ എവിടെയോ കേട്ടിട്ടുള്ളത് പോലെ ;)

ഒറ്റനിലാപക്ഷി said...

jj, u said it.

Neethu said...

evideyokkeyo aareyokkeyo enthokkeyo ormakal varunnu...:):):)

Post a Comment