Friday, November 30, 2018

ഞാൻ മരിക്കുമ്പോൾ


ഞാൻ മരിക്കുമ്പോൾ
എന്റെ അരികത്തു വരരുത്
എന്റെ ശവ ശരീരത്തിന് അവകാശം പറയരുത്

എനിക്കു വേണ്ടി പ്രാര്ഥിക്കരുത്
ഒരു പൂപോലും എന്റെ ദേഹത്തു വെക്കരുത്

എന്റെ താടി കെട്ടി വെക്കരുത്
വാ പിളർന്നു സ്വതന്ത്രമായി ഞാൻ ഉറങ്ങട്ടെ
എന്റെ സ്വാതന്ത്രം നിനക്കെന്നും വികൃതമായിരുന്നല്ലോ

നീ ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന
പെണ്ണിന്റെ ഉറക്കെയുള്ള സംസാരം
ഇനി ഉണ്ടാവില്ലല്ലോ..

ആണിനോട് കയർക്കുന്ന പെണ്ണ്,
എന്തു മാത്രം വൃത്തികെട്ടവൾ ആണെന്ന്
നിനക്കിപ്പോൾ തെളിയിക്കാം

എന്റെ മൂക്കിൽ പഞ്ഞി വെക്കരുത്
സ്രവങ്ങൾ ഒലിച്ചിറങ്ങി അളിഞ്ഞിരിക്കട്ടെ
നീയെന്നും എന്റെ മൂക്കിനെ വെറുത്തിരുന്നല്ലോ

അലങ്കരിച്ച പെട്ടിയിൽ എന്നെ കിടത്തരുത്
ജീവനുള്ള എനിക്ക് കിട്ടാത്ത ഒന്നും, എന്റെ ശവത്തിനും വേണ്ട
ജീവനോടെയും ഞാൻ ശവ തുല്യമായിരുന്നല്ലോ

സാധാരണ വസ്ത്രം മതി എനിക്ക്
എന്റെ വിവാഹ വസ്ത്രം ധരിപ്പിക്കരുത്
അതു ഞാൻ അണിഞ്ഞ അടിമക്കച്ചയാണ്

എന്നെ ആഭരണങ്ങൾ ധരിപ്പിക്കരുത്
താലിയും മോതിരവും വേണ്ട
അതായിരുന്നു എന്റെ പഴയ അടിമ ചങ്ങല

എനിക്കായി ആരും കരയരുത്
എന്റെ മരണ വാർത്തയറിഞ്ഞു ആരെങ്കിലും വന്നാൽ, കാണാനായി എന്നെ വെറും നിലത്തു കിടത്തുക

എന്റെ മക്കളെ കൊണ്ടു വന്ന്, ദൂരെ നിർത്തി കാണിച്ചു കൊടുക്കുക
അവരുടെ അമ്മയെ സസൂക്ഷ്മം അവർ കാണട്ടെ
അവരുടെ ഭാവി പങ്കാളികളോട് മാന്യമായി ഇടപെടണം എന്ന്,
അങ്ങനെയെങ്കിലും അവർ പഠിക്കട്ടെ.
നമുക്കൊരിക്കലും പറഞ്ഞു കൊടുക്കാൻ പറ്റാത്ത ജീവിത പഠമാണത്..