Thursday, November 25, 2010

ഗൂഗിള്‍ ടോക്കും ഒരു പ്രണയവും



ആഴ്ചകള്‍ക്ക് ശേഷം ഗൂഗിള്‍ ടോക്കില്‍ ലോഗിന്‍ ചെയ്തപാടെ ഒട്ടും പ്രതീക്ഷിക്കാതെ സന്ദീപിന്‍റെ മെസ്സേജ്
"സപ്നാ , സുഖമല്ലേ"
എന്ത് പറയണം, സുഖമാണെന്നോ? ഒരാഴ്ചയായി കണ്ണീര്‍ തോര്‍ന്നില്ല എന്നോ , അതോ ഒന്നും പറയണ്ടായോ.. ഒന്നും തോന്നിയില്ല.

സന്ദീപ്‌ എന്നാല്‍ സന്ദീപ്‌ യാദവ്, മറാട്ടിയാണ്. അഞ്ചു വര്‍ഷം ആയി എന്‍റെ സുഹൃത്ത്. അവന്‍ ഉണ്ടാക്കിയ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി യില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ തുടങ്ങിയ സൗഹൃദം. അബോര്‍ഷന് എതിരെ ഉള്ള ഒരു കമ്മ്യൂണിറ്റി ആയിരുന്നു അത്. വല്ലപ്പോഴും സ്ക്രാപ്പുകള്‍, ചാറ്റ് മെസ്സേജുകള്‍ തുടങ്ങിയവയില്‍ ഒതുങ്ങി നിന്ന വളരെ ചെറിയ, പക്ഷെ നല്ല സൗഹൃദം.

പഠനം കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ കൂടുതല്‍ സമയം ചാറ്റിലും ഇന്റെര്‍നെറ്റിലും ചെലവഴിക്കാന്‍ തുടങ്ങി. സന്ദീപും അവിടെ മിക്കവാറും കൂട്ടിനുണ്ടാവും. മെല്ലെ മെല്ലെ ഞങ്ങളുടെ ചാറ്റുകളുടെ ദൈര്‍ഘ്യം കൂടി തുടങ്ങി. വീടിനെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ജോലിയെക്കുറിച്ചും ഒക്കെ ഞങ്ങള്‍ സംസാരിച്ചു. ലോകത്തിന്‍റെ രണ്ടറ്റത് ഇരുന്നു മറ്റൊരു ദുരുധേശ്യവും ഇല്ലാത്ത മാന്യമായ ഒരു സൗഹൃദം. ഒരിക്കലും നേരില്‍ കാണില്ല എന്ന് അറിവുള്ളത് കൊണ്ട് വളരെ ലാഘവത്തോടെ സംസാരിക്കുവാനായി.

ഒരു വര്‍ഷം മുന്‍പാണ് സന്ദീപിന്‍റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു ദുരന്തമുണ്ടായത്‌. അവന്റെ അച്ഛന്‍, ഡല്‍ഹിയില്‍ ഒരു കോളേജില്‍ പ്രോഫെസ്സര്‍ ആയിരുന്ന രാജേന്ദ്ര യാദവിന്, ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് അറിഞ്ഞു. സന്ദീപിന് ഒരു അനുജത്തി മാത്രമാണുള്ളത്. അമ്മ ഡല്‍ഹിയില്‍ തന്നെ ഒരു വക്കീലും. ഒറ്റ മകന്‍ ആയ സന്ദീപിന് താങ്ങാന്‍ കഴിയുന്നതിലും കൂടുതല്‍ വിഷമം. അവന്‍ ഇടക്കിടക്ക് എന്നെ വിളിക്കുമായിരുന്നു. ആവും പോലെ ഞാന്‍ സമാധാനിപ്പിക്കും. എന്തായാലും അസുഖം ആണെന്ന് കണ്ടെത്തി ഒരു മാസം തികയും മുന്‍പേ കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും സന്ദീപിനെ ഏല്പിച്ചു അച്ഛന്‍ യാത്രയായി.

സന്ദീപിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'അമ്മയുടെ മുഖം കാണുവാനേ വയ്യ. അസമയത്ത് കയറി വന്ന ദുരന്തം അമ്മയെ വല്ലാതെ തളര്‍ത്തി. ആശ്വസിപ്പിക്കാനും വയ്യല്ലോ.' അനുജത്തി നേഹയെ ഒരു തരത്തില്‍ ആശ്വസിപ്പിച്ചു കോളേജിലേക്ക് പറഞ്ഞയച്ചു. ജോലിക്ക് പോയി തുടങ്ങി. സ്വന്തം വിധിയെ ധീരമായി നേരിടുന്ന സന്ദീപിനോട് ബഹുമാനം തോന്നി. ഞാന്‍ അത് അവനോടു നേരിട്ട് പറഞ്ഞു. അവനു അനുകമ്പ ആവശ്യമില്ല എന്നവന്‍ പറഞ്ഞു. എങ്കിലും ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ അല്പം ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി. അവന്‍ നേഹയെ കുറിച്ചുള്ള ആശങ്കകള്‍ എന്നോട് പങ്കു വെച്ചു. ഞാനും ഒരു പെണ്‍കുട്ടി ആയതു കൊണ്ട് പല കാര്യത്തിലും അവള്‍ക്കു നല്ലതു പറഞ്ഞു കൊടുക്കാന്‍ എനിക്ക് പറ്റി. അവന്‍റെ അമ്മയെ കുറിച്ചും ഞാന്‍ സ്ഥിരമായി അന്വേഷിക്കാരുണ്ടായിരുന്നു.

എനിക്ക് വീട്ടില്‍ കല്യാണാലോചനകള്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു. ഒരെണ്ണം പെണ്ണ് കാണലും കഴിഞ്ഞു നില്കുന്നു. അങ്ങനെ ഒരു ദിവസം സന്ദീപ്‌ എന്നോട് പറഞ്ഞു, "സപ്നാ, എനിക്ക് നിന്നെ നഷ്ടപ്പെടരുത് എന്ന് തോന്നുന്നു. നീ എനിക്ക് തരുന്ന സപ്പോര്‍ട്ട് അത്ര വലുതാണ്‌. നീ ഉള്ളത് കൊണ്ടാണ് ഞാന്‍ പലപ്പോഴും പിടിച്ചു നിന്നത്. നിനക്ക് എന്നെക്കുറിച്ച് എന്ത് തോന്നുന്നു?"

ഞാന്‍ ഞെട്ടി പോയി. അങ്ങനെ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചേ ഇല്ല. സന്ദീപ്‌ വളരെ മേച്യൂര്ട് ആയ ഒരു ആളെന്നാണ് ഞാന്‍ കരുതിയത് . ഞാന്‍ പറഞ്ഞു "സന്ദീപ്‌ നമ്മള്‍ നല്ല സുഹൃത്തുകള്‍ തന്നെ, ഈ സൗഹൃദം എന്നും ഉണ്ടാവട്ടെ. നീ നല്ല ഒരു പയ്യനുമാണ്. നീ ഈ ചോദ്യത്തില്‍ വേറെന്തെങ്കിലും ....?"

"സപ്നാ , ഞാന്‍ നേരിട്ട് തന്നെ ചോദിക്കുകയാണ്, എന്നെ ഏറ്റവും അധികം മനസിലാക്കിയ സുഹൃത്താണ് നീ, നിന്നോട് എനിക്കെന്തും പറയാമെന്നുള്ള ഒരു മാനസിക അടുപ്പം തോന്നിയിട്ടുണ്ട്. സൗഹൃദം എന്നതിലുപരി , എന്‍റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും നിന്നെ... "

"പക്ഷെ സന്ദീപ്‌, നമ്മള്‍ ഇതുവരെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഒരു പ്രണയത്തിനു വേണ്ട അടുപ്പം ഉണ്ടോ നമ്മള്‍ തമ്മില്‍? നമ്മള്‍ ഒരിക്കല്‍ പോലും ഇതുവരെ പരസ്പരം കണ്ടിട്ടില്ല, നമ്മുടെ നാടുകള്‍ , ഭാഷ, സംസ്കാരം എല്ലാം വ്യത്യസ്തം അല്ലേ. ഇത് വേണ്ടാത്ത ഒരു ചിന്തയാണ്."

"പക്ഷെ സപ്നാ, എനിക്ക് നിന്നെ മിസ്സ്‌ ചെയ്യാന്‍ വയ്യ. നീ ഒരു പക്ഷെ വിവാഹിതയായതിനു ശേഷം നിന്‍റെ
ഭര്‍ത്താവിനു ഈ സൗഹൃദം ഇഷ്ടപ്പെടാതെ വന്നാല്‍ ?"

"സന്ദീപ്‌, വെറുതെ ഓരോന്ന് ചിന്തിച്ചുണ്ടാക്കരുത്. ഇപ്പോഴത്തെ നിന്‍റെ ഒറ്റപെടലിന്റെ മാനസികാവസ്ഥ കൊണ്ട് തോന്നുന്നതാണ്. കുറച്ചു കഴിയുമ്പോള്‍ താനേ ശരിയാകും. "

"ഞാന്‍ എന്‍റെ വീട്ടുകാരെക്കൊണ്ട് നിന്‍റെ വീട്ടില്‍ അന്വേഷിക്കട്ടെ ?"

"സന്ദീപ്‌, എന്‍റെ വിവാഹം മിക്കവാറും നിശ്ചയിക്കും. ഒരു കൂട്ടര്‍ വന്നു കണ്ടിട്ട് പോയി. അവര്‍ക്കും എന്‍റെ വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടു. അത് മിക്കവാറും പ്രൊസീഡ് ചെയ്യും "

മറുവശത് നിശബ്ദത. അല്‍പ നേരത്തിനു ശേഷം അവന്‍ ചോദിച്ചു "എന്ത് കൊണ്ട് എന്നോടിത് പറഞ്ഞില്ല. ഞാന്‍ അത്രക്കും അകന്നു പോയോ സപ്നാ?"

"നീ ഇങ്ങനെ മനസ്സില്‍ വെച്ചിരിക്കുന്നു എന്ന് എനിക്കറിയില്ലല്ലോ സന്ദീപ്‌ !!"

ഫോണ്‍ കട്ട് ആയി. പിന്നെ ഒരാഴ്ചത്തേക്ക് അവനെ ഓണ്‍ലൈന്‍ കണ്ടതെ ഇല്ല. ഫോണും സ്വിചെട് ഓഫ്‌. എനിക്ക് നേരിയ വിഷമം തോന്നി. പിന്നെ ഓര്‍ത്തു സാരമില്ല, അവന്‍ തനിയെ റികവര്‍ ചെയ്തോളും. ഒരാഴ്ചക്ക് ശേഷം എന്‍റെ ഓഫീസില്‍ എനിക്ക് ഒരു വിസിറ്റര്‍ ഉണ്ടെന്നു കേട്ട്, ചെന്ന് നോക്കിയപ്പോള്‍ സന്ദീപ്‌. എനിക്ക് അത്ഭുതമോ സന്തോഷമോ ഭയമോ , എന്തൊക്കെയോ മനസ്സില്‍. ഒരു പകല്‍ മുഴുവന്‍ അവന്‍ എന്‍റെ കൂടെ ഇരുന്നു സംസാരിച്ചു. അവനു എന്നെ മിസ്സ്‌ ചെയ്യാന്‍ ആവില്ല എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു. എന്നെ കാണാന്‍ മാത്രമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെ സന്ദീപ്‌.... തിരിച്ചു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു വലിയ ഭാരവും കേറ്റി വെച്ചിട്ടാണ് അവന്‍ പോയത്.

ഞാന്‍ എന്‍റെ അമ്മയോട് സംസാരിക്കാന്‍ തീരുമാനിച്ചു. അവന്‍റെ ഭാഷ, സ്ഥലം, ചാറ്റ് സൗഹൃദം എന്നതൊഴിച്ച് മറ്റെല്ലാ കാര്യവും അമ്മയോട് പറഞ്ഞു. എന്‍റെ വേദന കണ്ടു അമ്മ പറഞ്ഞു, "മോള്‍ തന്നെ തീരുമാനിച്ചോളൂ. എവിടെയാണെങ്കിലും നമുക്ക് വില കൊടുക്കുന്നിടതാണ് നമ്മള്‍ കഴിയേണ്ടത്. മോളുടെ ഏത് തീരുമാനത്തിനും അച്ഛനും അമ്മയും കൂടെ ഉണ്ടാവും. "

അമ്മ തന്ന ധൈര്യവും കൊണ്ട് ഞാന്‍ ഒരാഴ്ച ചിന്തിച്ചു. പിന്നീട് ഞാന്‍ സന്ദീപിനെ വിളിക്കാന്‍ തീരുമാനിച്ചു. എങ്ങനെ പറയണം എന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. അവന്‍ ഫോണ്‍ എടുതപാടെ ഞാന്‍ പറഞ്ഞു, "സന്ദീപ്‌ അമ്മയോട് പറഞ്ഞോളൂ. എനിക്കും നീ ഇല്ലാതെ വയ്യ എന്നായിരിക്കുന്നു. ഞാന്‍ എന്‍റെ വീട്ടിലും പറഞ്ഞു. നീ ഇപ്പോള്‍ എന്ത് പറയുന്നു?"

സന്ദീപ്‌ സന്തോഷം കൊണ്ട് തുള്ളിചാടുകയായിരുന്നു എന്ന് തോന്നി. അവന്‍ പറയുന്നുണ്ടായിരുന്നു, 'എനിക്കറിയാം നീ ഇങ്ങനെ തന്നെ തീരുമാനിക്കും എന്ന്. ദൈവം എന്നോട് അല്പമെങ്കിലും കരുണ കാണിച്ചല്ലോ '

സന്ദീപ്‌ രണ്ടു മാസത്തെ സമയം ചോദിച്ചു. രണ്ടു മാസം കഴിയുമ്പോള്‍ അവന്‍ എന്‍റെ വീട്ടില്‍ വരും എന്ന് ഉറപ്പു തന്നു. ടീനേജ് കുട്ടികളെ പോലെ , പിന്നെ പ്രണയം ആയിരുന്നു. ഒരു തൂവല്‍ പോലെ, ലാഘവത്തോടെ... പ്രണയിക്കുമ്പോള്‍ എന്നും അങ്ങനെയാണല്ലോ. എനിക്ക് എന്‍റെ അച്ഛനമ്മമാരെ പറഞ്ഞു സമ്മതിപ്പിക്കനമായിരുന്നു. അവരോടു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, ഏകദേശം ശെരിയായ ആലോചന വേണ്ടെന്നു വെപ്പിച്ചു.. അവര്‍ എപ്പോഴും അങ്ങനെയാണ്, എന്‍റെ സന്തോഷം മാത്രമേ അവര്‍ ആഗ്രഹിക്കൂ.

പ്രണയത്തിന്‍റെ നീലാകാശത്ത് ഞാനും സന്ദീപും മാത്രമുള്ള ലോകത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ ഞാന്‍ സന്ദീപിനോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. സന്ദീപ്‌ എന്നെ കളിയാക്കി, ആദ്യമൊക്കെ അവനായിരുന്നു കൂടുതല്‍ സംസാരിക്കാറ്, ഇപ്പൊ ഞാന്‍ ആ സ്ഥാനം ഏറ്റെടുത്തു "ചാറ്റര്ബോക്സ്" എന്നൊക്കെ. പിന്നെ അവന്‍ വല്ലാതെ തിരക്കിലായി. പക്ഷെ എനിക്ക് അവനെ മനസിലാക്കാന്‍ പറ്റുമായിരുന്നു, എന്തായാലും എല്ലാം എനിക്ക് വേണ്ടി തന്നെ അല്ലേ ? ഞാനും എന്‍റെ പ്രണയ സ്വപ്നങ്ങളും അങ്ങനെ രണ്ടു മാസം വളരെ വേഗം കടന്നു പോയി.

അവന്‍ എന്‍റെ വീട്ടില്‍ വരുമെന്ന് പറഞ്ഞ ദിവസം , ഞാനും അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. മനസുകൊണ്ട് ഇഷ്ടക്കെടുണ്ടായിട്ടു കൂടെ, എന്‍റെ ഇഷ്ടത്തിന് അച്ഛനും അമ്മയും അവനെ കാത്തു നിന്നു. പറഞ്ഞിരുന്ന സമയത്ത് തന്നെ സന്ദീപ്‌ എത്തി. അവന്‍റെ മുഖത്തും പെരുമാറ്റത്തിലും ഒരു തണുപ്പന്‍ മട്ട്. ചമ്മല്‍ ഉണ്ടായിരിക്കണം , ഞാന്‍ ഓര്‍ത്തു,

അച്ഛന് നന്നായി ഹിന്ദി അറിയുന്നത് കൊണ്ട് അവര്‍ നന്നായി സംസാരിച്ചു, കല്യാണത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു "എനിക്ക് സപ്നയുമായി ഒന്ന് സംസാരിക്കണം"

എന്താണിപ്പോ എന്നോട് മാത്രം പറയാന്‍? ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി, അച്ഛനും അമ്മയും ഭക്ഷണകാര്യങ്ങള്‍ ഒക്കെ ശരിയാക്കാനും പോയി.

"എന്താ സന്ദീപ്‌, എന്താ ഒരു വിഷമം പോലെ ?"

"ഐ ആം സോറി സപ്നാ, എനിക്ക് ഒരു കാര്യം പറയുവാനുണ്ട്. നിന്നോട് മറ്റൊരു തരത്തില്‍ പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഇത് എന്‍റെ വിധിയാണ്, നീ ക്ഷമിക്കണം "

"നേരെ കാര്യം പറയൂ സന്ദീപ്‌, എനിക്കൊന്നും മനസിലാകുന്നില്ല. "

"അമ്മയോട് ഞാന്‍ നിന്‍റെ കാര്യം പറഞ്ഞു. അമ്മക്ക് ഒട്ടും സമ്മതമല്ല. നാട്, ഭാഷ, ജാതി അതൊക്കെയാണ്‌ അമ്മ പറയുന്നത്. അമ്മ പറയുന്നത് ഞാന്‍ കേട്ടല്ലെ പറ്റൂ, ഞാന്‍ ഒറ്റ മകന്‍ അല്ലേ? "

"സന്ദീപ്‌ എന്താണ് പറഞ്ഞു വരുന്നത് ?" ഒച്ച ഇടറാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രെമിച്ചുവെങ്കിലും നടന്നില്ല. "ഇത് വേണ്ട എന്നാണോ ?"

"എന്‍റെ എങ്ങജുമെന്റ്റ് കഴിഞ്ഞു സപ്നാ, കഴിഞ്ഞ ആഴ്ച ആയിരുന്നു. അമ്മയുടെ സുഹൃത്തിന്റെ മകള്‍. ഞാന്‍ ആ ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ അമ്മ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോള്‍ , ഞാന്‍, വേണമെന്ന് വെച്ചിട്ടല്ല... "

എനിക്കൊന്നും മിണ്ടാന്‍ സാധിച്ചില്ല. എങ്ങലടിക്കുന്നില്ലയിരുന്നെങ്കിലും കണ്ണില്‍ നിന്നും ധാരയായി നീരൊഴുകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. 'എന്ത് കൊണ്ട് എന്നോട് ഇത് നേരത്തെ പറഞ്ഞില്ല , ഇന്നലെയെങ്കിലും പറയാമായിരുന്നു . ഇപ്പൊ എന്നെയും എന്‍റെ കുടുംബത്തെയും മുഴുവന്‍ വിഡ്ഢികള്‍ ആക്കി. '

"ഓക്കേ സന്ദീപ്‌. നല്ല കാര്യം , നിനക്ക് നല്ലത് വരട്ടെ. വേഗം പൊയ്ക്കോളൂ. ഇനി എന്‍റെ വീട്ടില്‍ കേറാന്‍ നില്‍ക്കണ്ട. പ്രതികരണം എന്തായിരിക്കും എന്ന് പറയാന്‍ വയ്യ. അവരെ ഞാന്‍ പറഞ്ഞു മനസിലാക്കിക്കോളം . " ഇത്രയും പറഞ്ഞു ഒപ്പിച്ചിട്ട് ഞാന്‍ വീട്ടിലേക്കു ഓടിക്കയറി. തിരിഞ്ഞു പോലും നോക്കിയില്ല. എന്തായാലും സന്ദീപ്‌ വീട്ടിലേക്കു കയറാന്‍ നിന്നില്ല.

എന്നിട്ട് ഒരാഴ്ചയോളം കഴിഞ്ഞിരിക്കുന്നു. ഇത്രയും ദിവസം അവധിയില്‍ ആയിരുന്നു. സുഹൃത്തുക്കള്‍ ഒക്കെ ഫോണില്‍ വിളിക്കുമ്പോഴും ഞാന്‍ എടുത്തിരുന്നില്ല. ഞാന്‍ അത്ര മേല്‍ തകര്‍ന്നു പോയിരുന്നു. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഓഫീസില്‍ എന്‍റെ ഡെസ്കില്‍ എത്തിയതാണ്. ഇനിയും ജീവിക്കണമല്ലോ. സന്ദീപിനോട് എനിക്ക് അതുവരെ ദേഷ്യം ഒന്നും തോന്നിയില്ല. അവന്‍ എന്ത് ചെയ്യാന്‍.

ഞാന്‍ എന്ത് മറുപടി ആണ് അവനു കൊടുക്കേണ്ടത്. അവന്‍ ചോദിക്കുന്നു എനിക്ക് സുഖമോ ' എന്ന്. എനിക്ക് സുഖമാണോ, അവന്‍ ശെരിക്കും ആത്മാര്‍ഥതയോടെ ആയിരുന്നോ എന്നോട് സംസാരിച്ചിരുന്നത്? ഒരു കാര്യവുമില്ലാതെ എന്‍റെ ഹൃദയത്തെ നൂറായി കീറി മുറിച്ചിട്ട് ഇപ്പൊ അവന്‍ എന്തിനാണ് വീണ്ടും എന്നോട് സംസാരിക്കുന്നത്? അവന്‍ എന്നോട് കള്ളമൊന്നും പറഞ്ഞിട്ടില്ല എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. എന്‍റെ സന്ദീപിന് എന്നും നല്ലത് വരട്ടെ.

......................


ഒരു കാര്യമോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു.
കടുത്ത ചൂടിലും , എന്നിലെ പ്രണയം ഉരുകി പോയില്ല...
മഴയില്‍ അതൊലിച്ചു പോയതുമില്ല..
എന്ന് തന്നെയല്ല,
എന്റെ പ്രണയത്തെ ഉള്‍ക്കൊള്ളുവാന്‍
എന്റെ ഹൃദയത്തില്‍ ഇടം പോരാതെ ആയിരിക്കുന്നു.
പുല്‍നാമ്പുകളില്‍ നിന്നും ഇറ്റു വീഴുന്ന മഞ്ഞു തുള്ളിയെ പോലെ,
ഓരോ ദിവസവും പുതിയതായി എന്റെ പ്രണയവും..
ഇന്നലെ ഞാനൊരു മഴയായി പെയ്തുവെങ്കിലും
ആകാശത്തിനെ പ്രണയിച്ച ജലകണമെന്ന പോലെ ,
ഞാനിതാ തിരികെ വരുന്നു.. നിന്നെ വീണ്ടും പുണരാനായി..
ആ ആകാശത്തിന്റെ കോണില്‍, ഒരു ചിപ്പിയില്‍ അടച്ചു എന്നെ മാറ്റി നിര്‍ത്തൂ..
ഞാന്‍ എന്നേക്കുമായി നിന്‍റെ ആകാശത്തില്‍ ബന്ധിക്കപെടട്ടെ..

നിന്‍റെ മാത്രം ഞാന്‍





I Do Not Love You Except Because I Love You

-- by Pablo Neruda


I do not love you except because I love you;
I go from loving to not loving you,
From waiting to not waiting for you
My heart moves from cold to fire.

I love you only because it's you the one I love;
I hate you deeply, and hating you
Bend to you, and the measure of my changing love for you
Is that I do not see you but love you blindly.

Maybe January light will consume
My heart with its cruel
Ray, stealing my key to true calm.

In this part of the story I am the one who
Dies, the only one, and I will die of love because I love you,
Because I love you, Love, in fire and blood.


Friday, November 19, 2010

എഗ്മോര്‍ എക്സ്പ്രെസ്സ് കഥ

സ്റ്റഡി ലീവ് ഞാന്‍ കേമമായി ആഘോഷിക്കുന്നു എന്ന് മനസിലാക്കിയപ്പോ പിതാശ്രീ എന്നോട് കെട്ടും ഭാണ്ടവും എടുത്തു വിട്ടോളാന്‍ പറഞ്ഞു. ചിണുങ്ങി നോക്കിയിട്ടും "ഓ അവിടിപ്പോ പോയാലും ഞാന്‍ പഠിച്ചത് തന്നെ " എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും വെല്യ കാര്യം ഒന്നും ഉണ്ടായില്ല. അങ്ങനെ ഞാന്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പുതിയ സിനിമകളെ ഒക്കെ മനസ്സില്‍ ധ്യാനിച് വീട്ടില്‍ നിന്നും വണ്ടി വിട്ടു.

രാവിലെ ഒന്‍പതു മണിക്ക് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ, ഇനി ഒമ്പതേ മുക്കാലിന്റെ എഗ്മോര്‍ , പത്തിന് നേത്രാവതി , പത്തേകാലിനു ഏറനാട് എന്നിങ്ങനെ അരുളപ്പാടുണ്ടായി. ഞാന്‍ ടിക്കറ്റും എടുത്ത്, എന്‍റെ പാദ സ്പര്‍ശനതാല്‍ അനുഗ്രഹീതമാകാന്‍ പോകുന്ന എഗ്മോര്‍ എക്സ്പ്രെസ്സിനു കാത്തിരുന്നു. എന്തായാലും ഷോര്‍ണൂര്‍ എത്തുമ്പോള്‍ മാറി കേറണം, ജെനറല്‍ കംപാര്ടുമെന്റില്‍ സൂചി കുത്താന്‍ സ്ഥലം ഇല്ലാത്ത തിരക്ക്. അതുകൊണ്ട് ഞാന്‍ റിസര്‍വേഷനില്‍ കയറി , ഇഷ്ടം പോലെ സ്ഥലം. ഞാന്‍ ഒരു സിംഗിള്‍ സീറ്റില്‍ ഇരുന്നു. ഇന്ത്യന്‍ റയില്‍വേ ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട്, ഞാന്‍ മുന്നിലത്തെ സീറ്റില്‍ കാലൊക്കെ എടുത്ത് വെച്ച് , പാട്ടൊക്കെ ചെവിയില്‍ തിരുകി, വിശാലമായി ഇരുന്നു.

കോഴിക്കോട് എത്തിയപ്പോ ഞാന്‍ നല്ല ഉറക്കം, എന്‍റെ പാദ പീഠമായ സീറ്റില്‍ ആരാണ്ടോ മുട്ടുന്നത് കേട്ട് ഞാന്‍ ഞെട്ടി എണീറ്റു, നേരെ ഇരുന്നു. ഒരു പത്തു മുപ്പതു വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍. എന്തൊക്കെയോ ബോംബ്‌ പൊട്ടുന്ന പടം ഒക്കെ ഉള്ള ഒരു ടി ഷര്‍ട്ട്, മള്‍ടി കളര്‍ വാച്ച് , തൊപ്പി, വെള്ള ബെല്‍റ്റ്‌, ചങ്ങല അങ്ങനെ അങ്ങനെ "സര്‍വാഭരണ വിഭൂഷിതന്‍"

"ഇരിക്കുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ?"

എനിക്കെന്തു കുഴപ്പം. എന്‍റെ അപ്പന്‍ കൊണ്ട് പിടിപ്പിച്ച കസേര അല്ലല്ലോ, എന്‍റെ മറുപടി ഒന്നും വേണ്ട, പുള്ളി അവിടെ ഇരുന്നു. പുള്ളിയുടെ കൈയില്‍ രണ്ടു പുസ്തകങ്ങള്‍, "വീട്ടില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍" മറ്റേത് "കൈരേഖാ ശാസ്ത്രം" . രണ്ടും ട്രെയിനില്‍ പത്തു രൂപയ്ക്കു വാങ്ങാന്‍ കിട്ടുന്നത്. ഞാന്‍ പുറത്തേക്കു നോക്കി , ചിരി മനസ്സില്‍ അടക്കി പിടിച്ചു ഇരുന്നു. പണ്ടൊരിക്കല്‍ ഒരു ചെങ്ങായി എന്‍റെ കൈ നോക്കി, "പ്രീഡിഗ്രി കഴിയുന്നതിനു മുന്നേ കല്യാണം കഴിക്കും, ഗള്‍ഫില്‍ പോകും " എന്നൊക്കെ പറഞ്ഞ് ഇപ്പൊ പ്രീഡിഗ്രി കഴിഞ്ഞു വര്‍ഷം എത്രയായി? ചങ്ങായി ഇത് വല്ലോം അറിയുന്നുണ്ടോ ?

"സംസാരിക്കുനത് കൊണ്ട് പ്രശ്നം ഇല്ലല്ലോ അല്ലെ ? അല്ലെങ്കില്‍ വായിക്കാന്‍ ബുക്ക് വേണോ?"

'വായ്‌ പൂട്ടി വെച്ചോണം' എന്ന ഭാവം മുഖത്ത് വരുത്തി ഞാന്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കി, വാ തുറന്നു അങ്ങനെ അയാളോട് പറയാതെ ഇരുന്നത് എന്‍റെ തെറ്റ്. ഒന്നുകില്‍ പുള്ളി പറയുന്നത് കേള്‍ക്കണം, അല്ലെങ്കില്‍ പുള്ളി തരാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ ഞാന്‍ വായിക്കണം. ഇങ്ങനത്തെ എന്‍റെ വിധി എന്‍റെ കൈ നോക്കിയാ ചങ്ങായി പറഞ്ഞില്ലല്ലോ എന്‍റെ കര്‍ത്താവേ.

"എന്‍റെ പേര് ജംശീദ്, വീട് തിരൂരാ. തിരൂരെന്നു വെച്ചാ പ്രോപെര്‍ തിരൂര്‍ അല്ല, ഉള്ലോട്ടെക്കാ.. ഇപ്പൊ കൊയമ്പതൂരിലിക്ക് പോക്കാ, ആട എം ബി എ ചെയ്യുന്നാ. ഇപ്പൊ തേര്‍ഡ് സെമെസ്റെര്‍ ആയി. പെരുന്നാളിന് വീട്ടില്‍ വന്നതാ. തിരിച്ചു പോരുമ്പോ ഉമ്മാനെ വിട്ടിട്റ്റ്‌ പോരാന്‍ പറ്റണില്ല. ഒരു വിഷമം, ഇനിക്കറിയില്ലേ?"

എന്നെ കേറി "നീ" എന്ന് വിളിക്കുന്നോ? ഇവനാരെടാ. ഞാന്‍ പൂര്‍വാധികം താല്പര്യക്കേട്‌ മുഖത്ത് വരുത്തി പുറത്തേക്കു നോക്കി ഇരുന്നു. പുള്ളി നിര്‍ത്താന്‍ ഭാവമില്ല.

"പ്രൊജക്റ്റ്‌ ഒക്കെ കഴിഞ്ഞു, ഒക്കെ നല്ല രസാര്ന്നു. ഫേക്ക് പ്രൊജക്റ്റ്‌ ആണ് വെച്ചത്, അത് ഇവാലുവേറ്റരിനും അറിയാം. ഞാന്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിച്ചത് കൊണ്ട് കുക്കിംഗ്‌ ഒക്കെ നന്നായി അറിയാം, നിനക്കെങ്ങനെയാ കുക്കിംഗ്‌ അറിയുമോ? "

ഞാന്‍ ചുറ്റും നോക്കി, എനിക്ക് മാറി ഇരിക്കാന്‍ വേറെ സീറ്റ് ഒന്നും ഇല്ല, തൊട്ടപ്പുറത്തെ സീറ്റില്‍ ഒരു അപ്പാപ്പനും അമ്മാമ്മയും ഉണ്ട്, അവര്‍ എന്നോട് ഇടക്കിടക്ക് "പട്ടാമ്പി എത്തിയോ " എന്ന് ചോദിക്കുന്നതോഴിച്ചാല്‍ ആരും എന്നെ ശ്രദ്ധിക്കുന്നുമില്ല.

"വീടെവിടെയാ ?"
"കണ്ണൂര്‍" ഞാന്‍ ശബ്ദിച്ചു.

"ഞാന്‍ ഹൈ സ്കൂള്‍ പഠിച്ചത് ആടെയാ, അപ്പൊ ഒക്കെ എല്ലാ കലകളും ഒക്കെ കൈയില്‍ ഉണ്ടായിരുന്നു. അറിയോ ഞാന്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. എസ ജാനകി യെ ഒക്കെ നന്നായി അനുകരിക്കും. യുവജനോല്സവതിനൊക്കെ സമ്മാനം ഒക്കെ കിട്ടീട്ടിന്ട്‌. ഒരു നമ്പര്‍ കേള്‍കണോ... " എന്നിട്ട് സ്ത്രീ ശബ്ദത്തില്‍ "കജ്റ മോഹോബത് വാല " പാടാന്‍ തുടങ്ങി

എന്റീശോയേ, ഞാന്‍ എന്ത് ചെയ്യുവോ? ഞാന്‍ കണ്ണും മിഴിച് അയാളെ നോക്കി. ഇങ്ങേര്‍ക്ക് എന്തിന്‍റെ അസുഖം ആണ്? എണീറ്റ് പോയാലും പുറകെ വരുമോ ? ആരേലും ഒന്ന് എന്നെ വിളിച്ചിരുന്നെങ്കില്‍, ആരേലും എന്നെ ഫോണിലെങ്കിലും വിളിച്ചിരുന്നെങ്കില്‍. ഞാന്‍ പിന്നെയും പുറത്തേക്കു നോക്കി ഇരുന്നു.

"ബോര്‍ അടിക്കുന്നെങ്കില്‍ പറയണേ.." ജംശീദ് നിര്‍ത്തുന്നില്ല. "നീ എന്താ ചെയ്യുന്നേ ?"

"ഞാന്‍ ഒരു ലെക്ച്ചറര്‍ ആണ് " അവാര്‍ഡ്‌ സിനിമ പോലെ, ഒരുപാട് സമയം എടുത്ത് മറുപടി കൊടുത്തു.

അതാ വരുന്നു അടുത്ത കഥ "നിനക്കറിയോ എന്‍റെ ഉമ്മാക്ക് എന്നെ ഒരു മാഷാക്കനെന്ന പൂതി. എന്നും അടുത്ത് കണ്ടോണ്ട് ഇരിക്കാലോ . അതിനും മേണ്ടി എന്നെ മലയാളം ബി എ ക്ക് ചേര്‍ത് . ആട ഒരു കൊല്ലം പഠിച്, പിന്നെ നിര്‍ത്തി .. പിന്നെ ഞാന്‍ അനിയന്‍റെ കൂടെ കോണ്ട്രാക്റ്റ് പണിക്കു പോയി. റിസള്‍ട്ട്‌ നോക്കീല. രണ്ടു കൊള്ളാം കയിഞ്ഞാണ് റിസള്‍ട്ട്‌ എന്താണെന്നു നോക്കീത്. പാസ്സായിനും !!!"

"ഗുഡ് ഗുഡ് " ഞാന്‍ വെയിറ്റ് ഇട്ടു. എങ്കിലും ചങ്ങായിയുടെ പേച്ചു കേള്‍കാന്‍ വയ്യാതെ പുറത്തേക്കു തുറിച്ചു നോക്കി പുറകോട്ടു ഓടുന്ന മരങ്ങളെ പേടിപ്പിച്ചു.

"അത്ര ഗുഡ് ഒന്നുമല്ല, എന്റെ ജീവിതം തകര്‍ത്തത് ആ ഒരൊറ്റ കൊല്ലാ, എനിക്ക് ഓര്‍ക്കാനേ വയ്യ, എന്താന്നറിയോ ലവ് ഫയില്യര്‍ !! നിനക്ക് ലവ് ഫയില്യര്‍ ഉണ്ടാ ?? " പുള്ളിയുടെ ശബ്ദം കഠിനമായി, ഉത്തരം പറഞ്ഞെ മതിയാകൂ. എനിക്ക് പേടിയായി തുടങ്ങി. ഇയാള്‍ എന്ത് ടൈപ്പ് ആണെന്ന് അറിയില്ലല്ലോ. പേടി പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു,
"ഓ ഇല്ല , ലവ് ഒക്കെ ഫെയില്‍ ആകാന്‍ പരീക്ഷ ഒന്നും അല്ലല്ലോ "

ജംശീദ് അവന്റെ കദന കഥ എന്നോട് പറയാന്‍ തുടങ്ങി, മലപ്പുറം സ്ലാന്ഗ് പരിഷ്കരിക്കാന്‍ ശ്രെമിച്ച ഒരു ഭാഷയില്‍
"ഓളെ വെല്ല്യ കാര്യമാര്‍ന്നു, ഓളുക്കും അങ്ങനന്നെ ആരുന്നു. അല്ലാന്ന് ഓള് പറയൂല. ദിവസോം എന്റെ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കിട്ടാതെ ഓള് വീട്ടില് പോകൂലെര്‍ന്നു. എന്നോട് ഫോണില് മിണ്ടുമ്പോഴും ഓള്‍ക്ക് വീട്ടില് ആലോചന വരുന്നത് ഞാന്‍ അറിഞ്ഞില്ല . വീട്ടില് കല്യാണോം ഒറപ്പിച്ചു ഓള്‍ ഓന്റെ കൂടെയും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഓന്‍ ഗള്‍ഫുകാരന്‍, ഞാന്‍ അത്രേം എത്തുവ. പെന്കുട്ടിയാള് ഇപ്പോഴും ഇങ്ങനെ ഒക്കെയാ "

എനിക്ക് ചിരി വന്നു തുടങ്ങി. ഇതിന്റിടക്ക് ഞാന്‍ എത്ര വട്ടം വാച്ച് നോക്കി എന്നറിയില്ല. ഷോര്‍ണൂര്‍ എന്നത് ഇത്രക്കും ദൂരെ ആണോ എന്റെ ദൈവമേ. അതോ ട്രെയിന്‍ വളരെ പതുക്കെ ആണോ പോകുന്നത്.

"ഓള കൂട്ടുകാരിയാണ്‌ എന്നോട് ഈ കാര്യം എല്ലാം പറഞ്ഞത്. എനിക്കെന്തു വിഷമം ആയിന്നറിയാ, ഞാന്‍ ഓളെ ഒന്നു പേടിപ്പിക്കണം എന്ന് വിജാരിച് , ഓള കോളേജില്‍ നടുക്ക പിടിച്ചു നിര്‍ത്തി , ഒളില്ലാണ്ടേ എനിക്ക് ജീവിക്കാന്‍ വയ്യ എന്നൊക്കെ പറഞ്ഞ്. ഓള്‍ട മുഖത്ത് ഒരു കള്ളച്ചിരി , അത് കണ്ടതും ഞാന്‍ എന്റെ കൈയില്‍ വെച്ചിരുന്ന ബ്ലേഡ് എടുത്ത് കൈതണ്ടക്ക് വരഞ്ഞു."

കഥ സസ്പെന്സിലെക്ക് നീങ്ങി തുടങ്ങിയതിനാല്‍ ആയിരിക്കണം , ഞാന്‍ ജമ്ശീദിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി, പുള്ളി നല്ല എഫ്ഫെക്ട്ടും ബാക്ക് ഗ്രൌണ്ട് സൌണ്ടും ഒക്കെ ഇട്ടാണ് കഥ പറയുന്നത്. അവന്റെ വേദന ഈ ലോകത്ത് ഞാന്‍ മാത്രേ തിരിച്ചറിയുന്നുള്ളൂ എന്നാ ഭാവത്തില്‍ . ചെങ്ങായിയുടെ കണ്ട്രോള്‍ പോകല്ലേ കര്‍ത്താവേ. ഈ കുഞ്ഞാടിനെ രക്ഷിക്കാന്‍ ആരുമില്ല.

"നീ പേടിച്ചു പോയി അല്ലെ? ഞാന്‍ മരിക്കുക ഒന്നും ഇല്ലെന്നു എനിക്കറിയാര്‍ന്നു. അവളെ ഒന്നു പേടിപ്പിക്കണം എന്നേ ഞാന്‍ വിജാരിച്ചുള്ളൂ . പക്ഷെ ആദ്യം മുറിച്ചപ്പോ ചോര വന്നില്ല, വെള്ള കണ്ടപ്പോ ഞാന്‍ ആഞ്ഞൊന്നു വരഞ്ഞു . അതു നല്ല ആഴത്തില്‍ വീണു പോയി. നിനക്ക് കാണണാ ?? " ചെങ്ങായി വേഗം കൈത്തണ്ടയിലെ മുറിവുണങ്ങിയ പാട് കാണിച്ചു തന്നു. രണ്ടു മൂന്നു തുന്നിക്കെട്ടലിന്റെയും പാടുകള്‍ ഉണ്ട് അതില്‍

ഞാന്‍ ജമ്ശീദിനെ അനുഭാവ പൂര്‍വ്വം നോക്കി. പാവം, അങ്ങനെയാരിക്കും ചെലപ്പോ മനസിന്റെ കണ്ട്രോള്‍ പോയത്. വയലന്റ് ആകാതെ ഇരുന്നാല്‍ മതിയാരുന്നു. വണ്ടി പട്ടാമ്പി ഒക്കെ നേരത്തെ കഴിഞ്ഞിരുന്നു. പക്ഷെ നമ്മുടെ ചെങ്ങായിക്കു കഥ അവസാനിപ്പിക്കാന്‍ വിചാരമില്ല.

"ഓള്‍ ഇപ്പൊ കെട്ട്യോന്റെ കൂടെ സുഖായി ജീവിക്കുന്നു. പക്ഷെ എനിക്ക് നാട്ടില്‍ നിക്കാന്‍ പറ്റണ്ടേ, ഒരു പെണ്ണിന് വേണ്ടി കൈ മുറിച്ചതിന്റെ ചീത്തപ്പേര് കൂടി, എനിക്കിനി ആടന്ന് ഒരു പെണ്ണ് കിട്ടുവാ "

എനിക്ക് ഇത്രേം സഹന ശക്തിയെ ഉള്ളൂ, അത്ര നേരം അടക്കി പിടിച്ചതെല്ലാം കൂടെ ഒരു പൊട്ടിച്ചിരിയായി പുറത്തേക്ക് വന്നു. അല്ലേലും എന്റെ കാര്യം ഇങ്ങനെയാണ്, എവിടെ എങ്ങനെ രേസ്പോണ്ട് ചെയ്യണം എന്ന് മറന്നു പോകും. ഞാന്‍ ചിരിച്ചത് തീര്‍ച്ചയായും ചെങ്ങായിക്കു വിഷമം ആയിക്കാണും. എന്തായാലും ഷോര്‍ണൂര്‍ എത്തി, ഞാന്‍ മെല്ലെ സ്കൂട്ട് ആയേക്കാം.

"ചിരിച്ചോ ചിരിച്ചോ, സ്വന്തം കാര്യം വരുമ്പോഴേ എല്ലാര്‍ക്കും മനസിലാവൂ. പ്രണയം എപ്പോഴും അങ്ങനെയാണ്. എത്ര വേദനിച്ചാലും പ്രണയിക്കണം എന്ന് തോന്നും . ഹോ, കണ്ടോ ഞാന്‍ ഒരു വര്‍ഷമാണെങ്കിലും ബിയെ മലയാളം പടിച്ചതോണ്ടാ ഇങ്ങനെ ഒക്കെ പറയുന്നേ"

ഇനി ഫിലോസഫി കൂടെ എനിക്ക് താങ്ങാന്‍ വയ്യ. ഞാന്‍ വേഗം ബാഗ് ഒക്കെ എടുത്തു ഇറങ്ങാന്‍ റെഡി ആയി.

"ഇറങ്ങാരായോ, ഞാന്‍ ഇന്നെ ബോര്‍ അടിപ്പിചില്ലല്ലോ അല്ലെ, എനിക്ക് എപ്പോഴും അങ്ങനെയാ, വേഗം സുഹൃത്തുക്കളെ ഉണ്ടാക്കും. നമുക്ക് ഇനിയും കോണ്ടാക്റ്റ് ചെയ്യാം, ഞാന്‍ കുക്കിംഗ്‌ ഒക്കെ പഠിപ്പിക്കാം ഫോണ്‍ ഉണ്ടോ??"

എന്നെ ആരും അത്രേം നേരം ഫോണ്‍ വിളിക്കാതെ ഇരുന്നതിനു ഞാന്‍ ദൈവത്തോട് മനസാ നന്ദി പറഞ്ഞു "ഇല്ല, കേടായി പോയി. "

"ഓര്‍ക്കുട്ട് ഐ ഡി ഉണ്ടോ "
"ഇപ്പൊ ഇല്ല , ഡിലീറ്റ് ചെയ്തു "
"ഫയ്സ്ബുക് ??"
"ഇല്ല "

ഭാഗ്യത്തിന് ഞാന്‍ എന്റെ പേര് പറഞ്ഞു കൊടുത്തില്ല. ഇനി പോയി അന്വേഷിച്ചാലും ആന്‍ എന്നാ പേരില്‍ നോക്കട്ടെ. അല്ലാതെ എന്ത് ചെയ്യാനാ.
ഞാന്‍ വേഗം ബാഗും എടുത്ത്, തിരിഞ്ഞു നോക്കാതെ , മിണ്ടാതെ ഉരിയാടാതെ, ചാടി ഇറങ്ങി അവിടെ കാത്തു കിടക്കുന്ന വേണാട് എക്സ്പ്രെസ്സില്‍ കയറി. എഗ്മോര്‍ ഷോര്‍ണൂര്‍ ജങ്ക്ഷന്‍ വിട്ടു പോയിട്ടേ ഞാന്‍ ശ്വാസം വിട്ടുള്ളൂ.

Thursday, November 11, 2010

കാമുകന്‍മാരുടെ ശ്രദ്ധക്ക്

ഇന്റര്‍വ്യൂ വിനു വന്നപ്പോഴേ ഞാന്‍ അവളെ ശ്രദ്ധിച്ചിരുന്നു. മുട്ടൊപ്പം നില്‍കുന്ന കറുത്ത ഇടതൂര്‍ന്ന മുടി, മഷി എഴുതിയ കണ്ണുകള്‍, അടങ്ങി ഒതുങ്ങിയ നടത്തം, മൃദുലമായ പുഞ്ചിരി, വളരെ പഴയ രീതിയില്‍ തയ്ചെടുത്ത ചുരിദാര്‍, നമ്മുടെ കവികള്‍ പാടിയ പോലെ "ശാലീനയായ , നിലാവ് പോലെ" ഒരു പെണ്‍കുട്ടി . അവളുടെ കൂടെ അവളുടെ അനിയന്‍ എന്ന് തോന്നിക്കുന്ന ഒരു ചെറുപ്പക്കാരനും ഉണ്ടായിരുന്നു. എന്തായാലും അപ്പോയിന്മേന്റ്റ് ആയാല്‍ അവളുമായി കൂടുതല്‍ പരിചയപ്പെടാമല്ലോ എന്നോര്‍ത്തു.

വന്നപ്പോള്‍ അവള്‍ എന്‍റെ അതെ ഓഫീസില്‍, പിന്നെ ഹോസ്റ്റലില്‍ എന്‍റെ റൂം മേറ്റ്‌ ആയും അവളെ തന്നെ കിട്ടി, എനിക്ക് കൂടെ പോവാനും വരാനും ഒക്കെ ഒരു ചന്ദന മണമുള്ള കൂട്ടുകാരി, എന്ന് ഞാന്‍ മനസ്സില്‍ ഓര്‍ത്തു . പേരും അത് പോലെ തന്നെ, നന്ദന. അവളുടെ സംസാരവും പെരുമാറ്റവും ഒക്കെ എനിക്ക് ഇഷ്ടപ്പെട്ടു. തനി വള്ളുവനാടന്‍ സ്ലാങ്ങില്‍ ഒഴുകുന്ന പോലെ സംസാരിക്കുന്നു, ചില മോഹന്‍ലാല്‍ സിനിമകളിലെ നായികമാരെ പോലെ

ഹോസ്റ്റല്‍ ജീവിതത്തിന്റെ ആദ്യ ദിവസം തന്നെ അവള്‍ അവളുടെ ഭാവി വരനെ കുറിച്ച് പറഞ്ഞു തന്നു, അന്ന് ഇന്റര്‍വ്യൂ വിനു കൂടെ വന്ന ചെറുപ്പക്കാരന്‍ ആണത്രേ, ഭാഗ്യം അത് അനിയന്‍ ആയിരുന്നോ എന്ന് ഞാന്‍ ചോദിച്ചില്ല. നന്നായി , ചെലപ്പോ അത് അവളെ വേദനിപ്പിചേനെ. അവളുടെ കൂടെ കോളേജില്‍ ഒരുമിച്ചു പഠിച്ച പയ്യന്‍. അവന്‍റെ ഇഷ്ടങ്ങള്‍ ആണ്, ശാലീനയായ , മറ്റുള്ള പയ്യന്മാരുടെ മുഖത്ത് പോലും നോക്കാത്ത .... എന്തൊക്കെയാണോ അവള്‍ , അങ്ങനെ ഉള്ള പെണ്‍കുട്ടി. ശേരിയായിരിക്കാം , എന്നും ഇപ്പോഴും പ്രേമിക്കാന്‍ നേരം അല്ലെങ്കിലും ഈ ആണ്‍ പിള്ളേര്‍ക്ക് ഭയങ്കര കോണ്‍സെപ്റ്റ് ഒക്കെ ആയിരിക്കും, കുളിപ്പിന്നലിട്ട , തുളസ്സിക്കതിര്‍ ചൂടിയ, ചന്ദനം തൊട്ട പെണ്‍കുട്ടി ..ഒരു മാസത്തെ പ്രായവ്യത്യാസമേ ഉള്ളൂ അവര്‍ തമ്മില്‍, എങ്കിലും അവള്‍ ഏട്ടാ എന്ന് വിളിച്ചു കേള്‍ക്കണം.. ഹോ, ആ പയ്യന്‍ ഭാഗ്യവാന്‍ തന്നെ . ഞാന്‍ മനസ്സില്‍ ഓര്‍ത്തു,

മെല്ലെ മെല്ലെ , ഞാന്‍ അവളെ കൂടുതല്‍ മനസിലാക്കുകയായിരുന്നു. ഞാന്‍ റൂം മേറ്റ്‌ ആയതു കൊണ്ടായിരിക്കണം, അവള്‍ എന്നോട് അവരുടെ ബന്ധത്തെ കുറിച്ച് കൂടുതല്‍ പറഞ്ഞു, ഏട്ടാ എന്നാ വിളി മാത്രമല്ല, ഒരുപാട് നിയന്ത്രണങ്ങള്‍ അവളുടെ മേല്‍ കിരണ്‍ വെച്ചിട്ടുണ്ട് എന്നും, അവള്‍ക്കു സുഹൃത്തുക്കള്‍ ഉണ്ടാവുന്നത്തെ അവനു ഇഷ്ടമല്ല എന്നും, ഏട്ടന്റെ ഇഷ്ടമാണ് എന്റെയും ഇഷ്ടം എന്നും. അവള്‍ പത്രം വായിക്കുന്നത് പോലും അവനു ഇഷ്ടമില്ലത്രെ . അവരുടെ വീട്ടുകാര്‍ എല്ലാം സന്തോഷത്തോടെ സമ്മതിച്ച ബന്ധമാണ്, അവളുടെ പഴയ സുഹൃത്തുക്കള്‍ക്കൊക്കെ അസൂയ ആണ്. എല്ലാം മൂളി കേള്‍ക്കുക എന്നല്ലാതെ എനിക്ക് ഇതില്‍ ഒന്നും അഭിപ്രായം പറയാന്‍ പറ്റില്ലല്ലോ, മെല്ലെ മെല്ലെ ഈ ഏട്ടന്‍ ചരിതം എനിക്ക് ബോര്‍ അടിച്ചു തുടങ്ങി.

അവളുടെ മൊബൈല്‍ നമ്പര്‍ എനിക്ക് പോലും തന്നില്ല, എട്ടന് അത് ഇഷ്ടമല്ല, എന്നാണു പറയുക. ഓഫീസില്‍ എല്ലാര്‍ക്കും അവളെ വലിയ കാര്യം ആയിരുന്നു, ഇങ്ങനെ അടങ്ങി ഒതുങ്ങിയ ഒരു പെണ്‍കുട്ടിയെ അവര്‍ ആദ്യമായി കാണുന്ന പോലെ, അത് കൊണ്ട് തന്നെ അവളുടെ ഓവര്‍ വര്‍ക്കുകള്‍ ഒക്കെ എനിക്ക് കിട്ടാന്‍ തുടങ്ങി. ഏട്ടനോട് സംസാരിച്ചു അവള്‍ക്കു രാത്രി ഭക്ഷണം കഴിക്കാന്‍ പറ്റിയില്ലെങ്കില്‍ എങ്ങനെ എങ്കിലും അവള്‍ക്കു ഭക്ഷണം എത്തിക്കുക എന്നാ ജോലിയും എനിക്കായി. അവളെ വര്‍ക്കില്‍ സഹായിക്കുക. മിക്കവാറും എന്നെക്കൊണ്ട് തന്നെയാണ് എക്സ്ട്ര ഒക്കെ ചെയ്യിപ്പിക്കുക . ഇടയ്ക്കു എനിക്ക് നല്ല ദേഷ്യം വരും, കാരണം എന്‍റെ ഒരു ആവശ്യത്തിനും അവള്‍ ഒന്ന് തിരിഞ്ഞു പോലും നോക്കാറില്ല. ഒരിക്കല്‍ ഫുഡ്‌ പോയിസനിംഗ് ആയി എനിക്ക് തീരെ വയ്യാതെ ആയപ്പോള്‍ അവള്‍ പറഞ്ഞത്, "സ്നേഹ ഇന്ന് വീട്ടില്‍ പോകണം എന്ന് ഏട്ടന്‍ പറയുന്നു. നിനക്ക് ആശുപത്രിയില്‍ ഒന്നും പോകണ്ടല്ലോ അല്ലെ " . അവള്‍ അന്ന് വീട്ടില്‍ പോയി, ഞാന്‍ 3 ദിവസം ആശുപത്രിയിലും ആയിരുന്നു. എനിക്ക് നല്ല ഒരു കൂട്ടുകാരിയെ കിട്ടിയതാണല്ലോ !!!

നന്ദനയെ കാണാന്‍ കിരണ്‍ പലപ്പോഴും ഹോസ്റ്റലില്‍ വരാറുണ്ട്. വലിയ താല്പര്യം ഇല്ലെങ്കിലും ഒരിക്കല്‍ ഞാന്‍ അവനോടു സംസാരിച്ചു, എന്‍റെ റൂം മേറ്റിന്റെ വുഡ് ബി അല്ലെ? പക്ഷെ നന്ദന ഈ പറയുന്നത് പോലെ ഭീകരനായ ഒരു പയ്യന്‍ ആണെന്ന് എനിക്ക് തോന്നിയില്ല. എന്‍റെ സുഹൃത്തുക്കളെ കുറിച്ച് ഒക്കെ ചോദിച്ചു, ഞാന്‍ ഒരുമാതിരി നല്ല രീതിയില്‍ തന്നെയാണ് അവനോടു സംസാരിച്ചത്. പക്ഷെ , അവന്‍ പോയതിനു ശേഷം നന്ദന എന്നോട് മിണ്ടുന്നേ ഇല്ല, ഞാന്‍ കുറെ ചോദിച്ചപ്പോള്‍ അവള്‍ പറഞ്ഞു "എട്ടന് നിന്നെ ഇഷ്ട്ടപെട്ടില്ല, നിനക്ക് ഒരുപാട് ഫ്രണ്ട്സ് ഒക്കെ ഉണ്ട്, പലരും ആണ്‍കുട്ടികള്‍ ആയിരിക്കും. അവര്‍ എങ്ങാനും എന്നോട് സംസാരിക്കാന്‍ വരുമോ എന്നാണു ഏട്ടന്റെ പേടി " . എനിക്ക് പച്ചക്ക് പറയാന്‍ തോന്നിയത് മുഴുവന്‍ ഞാന്‍ ഒരു കവിള്‍ വെള്ളത്തിന്റെ കൂടെ പച്ചക്ക് തന്നെ ഇറക്കി. ഒരിക്കലും പ്രേമികാന്‍ നില്കില്ല എന്ന് ഉറപ്പിക്കുകയും ചെയ്തു.

മിക്കവാറും വെള്ളിയാഴ്ച നന്ദന വീട്ടില്‍ പോകും. ഒരിക്കല്‍ പതിവ് പോലെ അവള്‍ വീട്ടിലേക്കു ഹോസ്റ്റലില്‍ നിന്നും ഇറങ്ങി. കിരണ്‍ ആണ് അവളെ കൊണ്ട് പോവുക, ഇവിടം വരെ എന്ന് ഞാന്‍ ചോദിച്ചില്ല. ഒരു കാര്യം എനിക്ക് മനസിലായത് എന്താണെന്നു വെച്ചാല്‍, അവളെ ഞാന്‍ കുറ്റപ്പെടുതുനതോ ഉപദേശിക്കുന്നതോ ഒന്നും അവള്‍ക്കു തീരെ ഇഷ്ട്ടമല്ല. അത് കൊണ്ട് ഞാന്‍ അതിനു നിക്കാറും ഇല്ല. അവള്‍ സാധാരണ പോലെ തിങ്കളാഴ്ച വരുമെന്ന് കണക്കു കൂട്ടി. ശനിയാഴ്ച രാവിലെ ഞാന്‍ ഭക്ഷണം ഒക്കെ കഴിഞ്ഞു റൂമില്‍ ഇരിക്കുമ്പോള്‍ ഉണ്ട് അവള്‍ കേറി വരുന്നു. ആകപ്പാടെ പേടിച്ചു വിറച്. ഞാന്‍ കാര്യം തിരക്കി. അപ്പോഴാണ് അവള്‍ പറയുന്നത്, സ്വന്തം വീട്ടിലേക്ക് എന്ന് പറഞ്ഞ അവള്‍ ഈ പോകുന്നത് ഒക്കെ കിരണിന്റെ കൂടെ ആണ്. എവിടേക്ക് എന്ന് ചോദിക്കാന്‍ ധൈര്യം വന്നില്ല. കിരണ്‍ വിളിക്കുമ്പോള്‍ ഒക്കെ പോകണം , അല്ലെങ്കില്‍ കിരണ്‍ അവളെ ഉപേക്ഷികുമത്രേ. ഇത് മറ്റൊരു കഥയാകുമോ എന്ന് അറിയാത്തത് കൊണ്ട് ഞാന്‍ മിണ്ടാതെ കേട്ടിരുന്നു. അവളുടെ അയല്‍പക്കം ആരോ അവരെ ഒരുമിച്ചു കണ്ട് അവളുടെ അച്ഛനെ അറിയിച്ചു എന്നും അച്ഛന് വല്ലാതെ ദേഷ്യം വന്നു എന്നും.. അങ്ങനെ അങ്ങനെ...

ഞാന്‍ മിണ്ടാതെ കേട്ടിരിക്കുന്ന കണ്ട് അവള്‍ പറഞ്ഞു "നീ എനിക്ക് ഒരു ഉപകാരം ചെയ്യണം, അച്ഛന്‍ ചോദിച്ചാല്‍ ഞാന്‍ ഇവിടെ തന്നെ ഉണ്ടാരുന്നു എന്ന് പറയണം. " ഞാന്‍ കണ്ണും മിഴിച്ചു ഇരുന്നു. " ഒരിക്കലും ഏട്ടന്റെ കാര്യം നിനക്ക് അറിയാം എന്ന് അച്ഛനോട് പറയരുത്" അതിനെന്താ, വീട്ടുകാര്‍ ഉറപ്പിച്ചതല്ലേ ?? ഞാന്‍ ചോദിച്ചു. അപ്പോഴാണ്‌ അവള്‍ ഒരു കഥയുടെ സത്യാവസ്ഥ പറയുന്നത്. ഒരു ബലം കിട്ടാനും , ഞാന്‍ സംശയിക്കാതെ ഇരിക്കാനും പറഞ്ഞതാണ്. വീട്ടില്‍ അറിയില്ല. ശെരി, എനിക്ക് കാര്യങ്ങളുടെ ഏകദേശ രൂപം മനസിലായി. എങ്കിലും അച്ഛനോട് കള്ളം പറയില്ല എന്നും ഉറപ്പിച്ചു.

പിറ്റേദിവസം അവളുടെ അമ്മ എന്നെ വിളിച്ചു, പാവം ആ സ്ത്രീ കരച്ചിലിന്റെ വക്കത്തായിരുന്നു. അവര്‍ പറഞ്ഞത് മറ്റൊരു കഥയാണ്. ഡിഗ്രി ക്ക് പഠിക്കുമ്പോള്‍ ആദ്യ വര്ഷം ഒരു മുസ്ലിം പയ്യനുമായി നന്ദന ഇഷ്ടത്തില്‍ ആയി. അവന്‍റെ കൂടെ കറങ്ങി നടന്ന്, അവന്‍ തന്നെ അവളെ ചതിച്ചു. കുറെ ഫോട്ടോയും ഒക്കെ അവന്‍റെ കൈയില്‍ ഉണ്ട്. അത് ഒരു കണക്കിന് വീട്ടുകാര്‍ ഇടപെട്ടു അവസാനിച്ചപ്പോള്‍, അതിന്റെ ദേഷ്യത്തിന് അവള്‍ സ്വന്തം കൈ മുറിച്ചു ആത്മഹത്യക്ക് ശ്രമിച്ചു. അത് പരാജയപ്പെട്ടു , രണ്ടു മാസം ആവുന്നതിനു മുന്‍പേ ആണ് അവള്‍ കിരണും ആയി ഇഷ്ടമായത്. അതും ഇങ്ങനെ ഒക്കെ ആകാന്‍ തുടങ്ങിയപ്പോള്‍ അവളുടെ അമ്മ തന്നെ മുന്‍കൈ എടുത്ത് കിരണിനോട് സംസാരിക്കുകയും ചെയ്തു. അതാണ്‌ അവള്‍ വുഡ് ബി എന്നൊക്കെ പറയുന്നത്. പിന്നെ ആ സ്ത്രീ എന്നോട് പറയുകയാണ്‌ " മോളെ , നീ എന്‍റെ മോളെ പറഞ്ഞ ഒന്ന് മനസിലാക്കണം " . നല്ല കഥയായി, സ്വന്തം അമ്മ പറഞ്ഞാല്‍ കേള്‍കാത്ത ആള്‍ ഞാന്‍ പറയുന്നതിന്...

ഞാന്‍ നന്ദനയോട് സംസാരിക്കാന്‍ തീരുമാനിച്ചു. എന്‍റെ ശബ്ദം ഉപദേശത്തിന്റെ ലെവല്‍ വിട്ടു വഴക്ക് എത്തുന്നതിനു മുന്‍പേ അവള്‍ എന്നോട് പറഞ്ഞു "നീ എന്നെ പഠിപ്പിക്കാന്‍ വരണ്ട. ഒരു ഉപകാരത്തിനും കൊള്ളാത്ത നീ ഒരു ഫ്രണ്ട് ആണോ , ഞാന്‍ ഇവിടുന്ന മാറുകയാണ് "

ഹോസ്റ്റല്‍ വാര്‍ടന്റെ അടുത്ത് ചെന്ന് അവള്‍ കരഞ്ഞു എന്ന് തോന്നുന്നു, സ്നേഹ അവളെ വിഷമിപ്പിക്കുന്നു. സ്നേഹയുടെ സ്വഭാവം താങ്ങാന്‍ പറ്റുന്നില്ല. എന്തായാലും, അവളെ മറ്റൊരു മുറിയിലേക്ക് മാറ്റാന്‍ തീരുമാനമായി, എന്നെ വാര്‍ഡന്‍ വിളിച്ചു താക്കീത് ചെയ്തു. അവരുടെ ഒക്കെ കണ്ണില്‍ നന്ദന ഒരു "ശാലീനയായ , ചന്ദനക്കുറി തൊട്ട പെണ്‍കുട്ടി " , പ്രശ്നം തീര്‍ച്ചയായും സ്നേഹയുടെ ഭാഗത്ത് ആയിരിക്കുമല്ലോ. അതെ പോലെ ഓഫീസിലും സംഭവിച്ചു. ഞങ്ങളുടെ സുപ്പീരിയര്‍ ലക്ഷ്മി മാഡത്തിന്റെ അടുത്ത് കരഞ്ഞു കൊണ്ട് നില്‍ക്കുന്നത് കണ്ടു, പിറ്റേ ദിവസം മുതല്‍ അവര്‍ക്ക് എന്നോട് ദേഷ്യം. നന്ദനയോട് വല്ലാത്ത സിംപതിയും. മീറ്റിങ്ങുകളില്‍ എല്ലാം അവര്‍ എന്നോട് വെറുതെ ദേഷ്യപെട്ടു സംസാരിക്കാന്‍ തുടങ്ങി. എനിക്കുള്ള അപ്പ്രേസിയെഷന്‍ ഒന്നും കിട്ടുന്നില്ല. എന്ത് കഥയാണോ ഇനി അവിടെ പറഞ്ഞിരിക്കുന്നത്?

എന്തായാലും കുറച്ചു നാളുകള്‍ കഴിഞ്ഞപ്പോള്‍ ദൈവം സഹായിച്ച് മറ്റൊരു ജോലി എനിക്ക് വേഗം തരപ്പെട്ടു ഹോസ്റ്റലും മാറി, സമാധാനപരമായ ജീവിതം ആരംഭിച്ചപ്പോള്‍, ഒരു ദിവസം ഓഫീസില്‍ കിരണ്‍ എന്നെ കാണാന്‍ വന്നു. അവനു പറയാനുള്ളത് ഞാന്‍ കേള്‍കണം എന്ന് ആവശ്യം. അവിടെ ഒരു സീന്‍ ആക്കണ്ട എന്ന് കരുതി ഞാന്‍ സമ്മതിച്ചു. "അവനോടു താല്പര്യം ഉള്ള ഒരു ആള്‍ ആയതു കൊണ്ട് ആണ് അവന്‍ ഇത് പറയുന്നത്, " എന്നാ മുഖവുരയോടെ തുടക്കം. നന്ദന ഞാന്‍ ഉദ്ദേശിക്കുന്ന തരം കുട്ടി അല്ലെന്നും, അവന്‍ അവളുടെ പെരുമാറ്റം കണ്ട് വീണ്‌പോയതാനെന്നും, അവള്‍ക്കു ഇപ്പോള്‍ അങ്ങനെ പലരുമായും ബന്ധം ഉണ്ടെന്നും, ഞാന്‍ അവനെ തെറ്റിദ്ധരിക്കരുതെന്നും.. അങ്ങനെ എന്തൊക്കെയോ.. എന്‍റെ മെയിലിലേക്ക് അവന്‍ എന്തൊക്കെയോ അയച്ചിട്ടുണ്ടെന്ന് പറഞ്ഞു . ഇതിനൊക്കെ പുറമേ വളരെ ദേഷ്യക്കാരിയും, ശാട്യക്കാരിയും ഒക്കെയാണ് പോലും .ഇപ്പോള്‍ ഓഫീസില്‍ അവള്‍ക്കു മറ്റൊരാളുമായി.... അവര്‍ക്കൊന്നും അറിയില്ലല്ലോ സത്യത്തില്‍...

"ഓക്കേ, പക്ഷെ എന്തിനാണ് കിരണ്‍ എന്നെ കണ്‍വിന്‍സ് ചെയ്യാന്‍ ശ്രമിക്കുന്നത്? " ഞാന്‍ ചോദിച്ചു. "നന്ദന പറഞ്ഞിട്ടുണ്ട്, സ്നേഹക്ക് എന്നോട് ഇഷ്ടം ഉണ്ട്. അങ്ങനെ ഉള്ളത് കൊണ്ടാണ് ഞാന്‍ അവരുടെ ബന്ധത്തെ എതിര്‍ത്ത് സംസാരിച്ചതും തകര്‍ക്കാന്‍ ശ്രെമിച്ചതും, സാധിക്കാതെ വന്നപ്പോള്‍ ജോലിയും ഹോസ്റെലും ഒക്കെ മാറിയതും എന്നൊക്കെ " .

എനിക്ക് ആവുന്നത്രയും ബലത്തില്‍ അവനെ ഒരു ആട്ട് ആട്ടി, ഇനി മേലാല്‍ ഈ വഴിക്ക് വരികയോ എനിക്ക് മെയില്‍ വഴി പോലും കൊണ്ടാക്ട്ടിനു ശ്രേമിക്കുകയോ ചെയ്യരുതെന്ന് താക്കീതും ചെയ്തു ഞാന്‍ തിരിഞ്ഞു നടന്നു. അവനെ ചെരുപ്പ് എടുത്ത് ഒന്ന് കൊടുക്കാമായിരുന്നല്ലോ എന്ന് പിന്നീട് ഓര്‍ത്തു.

ഇപ്പോള്‍ എനിക്ക് ഈ ചന്ദനക്കുറി-തുളസിക്കതിര്‍-നാണംകുണുങ്ങി പെണ്ണുങ്ങളെ കണ്ടുകൂടാ. അതൊക്കെ ഒരു കളിപ്പീരാ. പഠിച് ജോലി ഒക്കെ ചെയ്യാറായ പെണ്‍കുട്ടികള്‍ എന്തിനാ ഇങ്ങനെ അഭിനയിക്കുന്നത്. എന്‍റെ എട്ടന് പെണ്ണിനെ അന്വേഷിക്കുമ്പോള്‍ തീര്‍ച്ചയായും ഞാന്‍ കണ്ണില്‍ കണ്ണില്‍ നോക്കി സംസാരിക്കാന്‍ അറിയാവുന്ന പെണ്ണിനെയേ നോക്കൂ. സത്യസന്ധമായി പെരുമാറിയാല്‍ പോരെ? ഇവിടെ ആരാണ് തെറ്റ് ചെയ്തത് എന്ന് എനിക്ക് അറിയില്ല, ഞാന്‍ അത് അറിയാന്‍ കൂടുതല്‍ ശ്രമിക്കുന്നുമില്ല. ഒരു കാര്യം എനിക്കറിയാം, നന്ദനയുടെ ആ രൂപവും പെരുമാറ്റവും വെറും പൊള്ളയായിരുന്നു.

പ്രേമിക്കാന്‍ പോകുന്നവരോടും, പ്രേമിച്ചു കല്യാണം കഴിക്കാന്‍ ഉദ്ടെഷിക്കുന്നവരോടും ഒരു കാര്യം എനിക്ക് പറയാന്‍ ഉണ്ട്, വെറുതെ കാണാന്‍ ഉള്ള രൂപം നോക്കി ആരെയും വിധി എഴുതരുത്. കുറെ പൊള്ളയായ അളവ് കോലുകള്‍ കൊണ്ട് ആരെയും അളക്കരുത്. സത്യസന്ധമായി പെരുമാറുക, നന്നായി പരസ്പരം മനസിലാക്കുക, ഇതൊക്കെയാണ് പ്രേമത്തില്‍ വേണ്ടത്, അല്ലാതെ ചന്ദനക്കുറിയും തുളസിക്കതിരും നിലത്തു നഖം കൊണ്ട് എഴുതലും ... അല്ലെങ്കില്‍ മസില്‍ ശരീരവും ബൈക്കും വലിയ ശമ്പളം ഉള്ള ജോലിയും.. അങ്ങനെ അങ്ങനെ ബാഹ്യമായ കുറെ മോടികള്‍ അല്ല..

പറഞ്ഞു പറഞ്ഞു കാട് കയറിയോ? ബോര്‍ അടിച്ചു അല്ലെ?
എനിക്കറിയാം, ഇത് വായിച്ചു കഴിഞ്ഞാലും ഒരു കഥയെന്ന പോലെ മറന്നു കളയാം. ഇനി ആണ്‍കുട്ടികള്‍ വീണ്ടും തുളസിക്കതിരിന്റെ സ്വപ്നതിലെക്കും, പെണ്‍കുട്ടികള്‍ ബൈക്കും മസിലും ഉള്ള സ്വപ്നങ്ങളിലേക്കും തിരിച്ചു പോവുക.

ഞാന്‍ അറിയാത്ത ഞാന്‍

ചുള്ളിക്കമ്പുകളും തൂവലും കൊണ്ട്
ഞാന്‍ കെട്ടിയുണ്ടാക്കിയ
എന്‍റെ കുഞ്ഞു കൊട്ടാരത്തിലേക്ക്
നീ വന്നത് മുതല്‍
ഞാന്‍ ഞാനല്ലാതായി
ഞാന്‍ നീ ആയി എന്ന് പറയുന്നതാകും ശരി

നിറം മങ്ങിയ എന്‍റെ പീലികള്‍ക്ക്
ഏഴു വര്‍ണ്ണങ്ങളും നീ പകര്‍ന്നേകി
സ്വപ്നങ്ങള്‍ക്ക് ചിറകു വെച്ച് തന്നു
തണുത്ത നീലാകാശത്ത് , മത്സരിച്ചു പറക്കാന്‍ വേഗം തന്നു

നീ വരുന്നതിനു മുന്‍പേ ഞാനൊരു കരിയിലപ്പക്ഷിയായിരുന്നെനും
നീ എന്നെ ഞ്ചര്‍ണ്ണക്കിളിയാക്കിയെന്നും ,
നിന്‍റെ കൈക്കുമ്പിളില്‍ ആണ് എന്‍റെ മറവിപെട്ട ഹൃദയമെന്നും
ഇന്നലെയാണ് ഞാന്‍ അറിഞ്ഞത്
നീ പോകുമ്പോള്‍, ഞാന്‍ ഇനി ആരായി തീരുമെന്ന്
എനിക്കറിഞ്ഞു കൂടാ,

പോകുമ്പോള്‍ , എന്‍റെ നനഞ്ഞു വിറച്ച ഹൃദയവും കൊണ്ടു പോവുക
ഈ കൂട്ടില്‍ അത് സൂക്ഷിച്ചു വെക്കാനിടമില്ല.


Sunday, November 7, 2010

ഇതാ ഞാന്‍


വരണ്ട മരുഭൂമിയില്‍
ദാഹജലം പോലുമില്ലാത്ത വറുതിയില്‍
എന്നെ തനിച്ചലയാന്‍ വിട്ട്,
എന്‍റെ പ്രണയമേ, നീ എവിടെയാണ്?

മിഴികളിലൂടെ അഗ്നി ഊറുന്നു.
പൊള്ളിയടരുന്ന കവിളുകളില്‍നിന്നത് തുടച്ചു മാറ്റാതെ,
എന്‍റെ പ്രണയമേ, നീ എങ്ങു മറഞ്ഞു ?

പേനാതുമ്പിലെ മഷി പടര്‍ന്ന്,
എന്‍റെ മനസ്സ് മാഞ്ഞു തുടങ്ങി.
വിങ്ങിക്കരയാന്‍ കൊതിച്ച പൈതല്‍ പോലെ,
തല ചായ്കാന്‍ ഒരിടം തേടി.
ഞാന്‍ നികൃഷ്ടയെന്നു ,
എന്‍റെ ചുറ്റും പ്രകൃതി ആര്‍ത്ത് വിളിക്കുന്നു

ഇനിയെന്‍റെ മിഴികളില്‍ നീര്‍ പൊടിയില്ല
മനമിടറില്ല, ഒന്നുമോര്‍ക്കില്ല
മകളല്ല ഞാന്‍, സ്വയം ഭൂ
മരണവുമെന്നെ ഉപേക്ഷിച്ചു കളഞ്ഞു.

പ്രണയമേ നീയുറങ്ങി പോയോ?
നീ മയങ്ങി കിടക്കുക, യുഗാന്ത്യതോളം
നിന്നിലെനിക്കവകാശമില്ല
ഞാനുരുകി തീര്‍ന്നു കൊള്ളാം ,
നീയെന്നില്‍ ഉറങ്ങുക
എന്നിലെക്കഗ്നിശരങ്ങള്‍ വര്‍ഷിക്കപെടുമ്പോള്‍
മനസ്സിന്‍റെ കമ്പിളി പുതപ്പില്‍ ചുരുണ്ടു കിടക്കുക

ചൂളയില്‍ ഞാന്‍ വെന്തു മരിക്കും വരെ
നീ ബന്ധനസ്ഥനായിരിക്കുക..
അതു വരെ...........
അതുവരെയെങ്കിലും.....
എന്നിലെ ഹൃദയത്തുടിപ്പുകള്‍
നീയാണെന്ന് അറിയുക

ഒരു കണ്ണീര്‍മണിയുടെ ഓര്‍മയ്ക്ക് !!


വെറുതെ ഓര്‍ക്കുട്ട് തുറന്നു, ഇപ്പോള്‍ ഒരുപാട് നാളായി ഇതൊക്കെ ഉപയോഗിച്ചിട്ട്. സ്ക്രാപ്പ് ബുക്ക്‌ ഒക്കെ ഒന്ന് ഓടിച്ചു നോക്കി, ചിലതിനൊക്കെ മറുപടി അയച്ചു. അവിടെ reminder ആയി കിടപ്പുണ്ട് ശരത്തിന്റെ പിറന്നാള്‍. ശരത് ഇല്ലെങ്കിലും അവന്‍റെ അക്കൗണ്ട്‌ അവിടെ ഉണ്ടാകുമല്ലോ. അവന്‍ എങ്ങും പോയിട്ടില്ല എന്ന് തോന്നിപ്പിക്കാന്‍... കണ്ണ് നിറയാതെ ഇരിക്കാന്‍ പരമാവധി ശ്രദ്ധിച്ചു. വെറുതെ ഒരു സ്ക്രാപ്പ് പോസ്റ്റ്‌ ചെയ്യാം എന്ന് വിചാരിച്ചു. "ശരത്, happy birthday .. miss you so much " കണ്ണ് നിറഞ്ഞു കവിഞ്ഞു ഒഴുകി പോയി. ആരെങ്കിലും കണ്ടാല്‍!! വേഗം കണ്ണീര്‍ തുടച്ചു. ശരത് ഉണ്ടായിരുന്നെകില്‍, അവനു സന്തോഷം ആയേനെ.. എന്നെ ഓര്‍ക്കുട്ട് എന്ന കവലയില്‍ കൊണ്ട് എത്തിച്ചതും ശരത് ആണ്. ഇപ്പൊ ഞാന്‍ അവിടെ തനിച് ആയി അല്ലെ?

ഇന്ന് ശരത്തിന്റെ പിറന്നാള്‍ ആണ്, എനിക്ക് ശരത്തിനെ ഇത്രനാളായിട്ടും മറക്കാന്‍ പറ്റുന്നില്ലല്ലോ .. അവന്‍ അവശേഷിപ്പിച്ച വിടവ് മനസ്സില്‍ മാറുന്നുമില്ല. ഒരു വര്‍ഷം എന്നത് ഇത്ര ചെറിയ കാലയളവ് ആണോ ? ഒന്നിച്ചു നടന്ന കുന്നിറക്കങ്ങളും , നനഞ്ഞു കുതിര്‍ന്ന മഴയും .... ഇന്നലെയും ഈ കുന്നിറങ്ങുമ്പോള്‍ അവന്‍ കൂടെ ഉള്ളത് പോലെ.. എന്റെ കൈ ചേര്‍ത്ത് പിടിച്ച്, മറ്റാരും അറിയാത്ത ഒരു നനുത്ത വിരല്‍ എന്റെ കൈവെള്ളയില്‍ കൂടി..

എന്‍റെ കണ്ണിന്‍റെ ഓരോ ചലനവും അവന്‍ അറിഞ്ഞു, അവന്‍ മാത്രം.. എന്‍റെ മനസിനെ അവന്‍ ഒരു നനഞ്ഞ കിളിക്കുഞ്ഞിനെ പോലെ കൈക്കുള്ളില്‍ ചേര്‍ത്ത് വെച്ചിരുന്നു.. ഞാന്‍ അവന്‍റെ ആണെന്ന് ഒരല്പം അഹങ്കാരത്തോടെ മനസ്സില്‍ കുറിച്ചിട്ടിരുന്നു.. ഒരു വര്‍ഷം മുന്പ് വരെ. ഒരു അപകടം അവനെ എന്നില്‍ നിന്നും ഈ ലോകത്തില്‍ നിന്നും അടര്തിയെടുക്കും വരെ, ഞാന്‍ അവന്റെത്‌ മാത്രമായിരുന്നു. പിന്നീട് ഞാന്‍ എന്താണെന്നു എനിക്ക് തന്നെ അറിയില്ല. സത്യം , എനിക്കറിയില്ല ഞാന്‍ എന്താണെന്ന്, ആരാണെന്നും.

ഇരുട്ടും വരെ മുറിക്കു പുറത്തേക്കിറങ്ങാന്‍ തോന്നിയില്ല. ഞാനും എന്‍റെ ലോകവും ഈ ഇരുട്ട് മാത്രം ആയിപോയോ? വെറുതെ, വെറും വെറുതെ വീണ്ടും ഞാന്‍ ഓര്‍കുടില്‍ ലോഗിന്‍ ചെയ്തു. ഞാന്‍ വീണ്ടും പറയുന്നു, വെറും വെറുതെ....... എനിക്ക് ഒരു പുതിയ സ്ക്രാപ്പ് ഉണ്ട് എന്ന് കാണുന്നു. നോക്കട്ടെ.. ശരത്??!!! അവന്‍ പറയുന്നു. "i too miss you all , But what to do , fate has played a dirty game in my life " ശരത്? എന്‍റെ ശരത്. പക്ഷെ അവന്‍ എന്തിനു എന്നെ "എല്ലാവരും" എന്ന് പറയുന്നു. ശരത് എവിടെയാ? എന്തിനാ എന്നെ ഇത്ര നാളും തനിചാക്കിയത്? എനിക്ക് ഒന്നും മനസിലാകുന്നില്ലല്ലോ.. സന്തോഷിക്കണോ കരയണോ?

ഒരു ഫ്രണ്ട് റിക്വസ്റ്റ് ഉണ്ട്. ശ്രീജ, ആരാണത്? ഓ .. എനിക്ക് കാര്യം മനസിലായി.. ശ്രീജ, ശരത്തിന്റെ ചേച്ചി. ശരത്തിന്റെ ഫ്രണ്ട്സിന് റിക്വസ്റ്റ് അയച്ചതാണ്. ചേച്ചിയുടെ മെസ്സേജ് ഉണ്ട്, "സ്നേഹാ, ഞാനാണ്‌ ഇപ്പോള്‍ കുട്ടന്‍റെ അക്കൗണ്ട്‌ വെച്ചിരിക്കുന്നത്, കുട്ടന്‍റെ ഫ്രണ്ട്സിനോട് കുട്ടന്‍ സംസാരിക്കും പോലെ സംസാരിക്കാന്‍. ചിലപ്പോള്‍ അവനോടു തന്നെ സംസാരിക്കുന്നത് പോലെ തോന്നും" ശരത്തിന്റെ സുഹൃത്ത് എന്നതില്‍ കൂടുതല്‍ എന്നെ ചേച്ചിക്ക് അറിയില്ല, ചേച്ചിയുടെ കുട്ടന് ഞാന്‍ ആരാണെന്നും, ഇപ്പോള്‍ ഞാന്‍ എന്ത് മാത്രം .....

ഒരു നിമിഷതെക്കെങ്കിലും വിചാരിച്ചു പോയി , അത് എന്‍റെ ശരത് തന്നെ. എന്‍റെ ശരത് എവിടെയോ ഉണ്ട്‌. എന്‍റെ അടുത്ത് തന്നെ, എന്‍റെ കൈ പിടിക്കാന്‍ പറ്റാത്ത അകലത്തില്‍, എനിക്കറിയാം നിനക്ക് എന്നെ വിട്ടു പോകാന്‍ പറ്റില്ലെന്ന്. ശ്രീജേച്ചിയുടെ കുട്ടന് ചേച്ചിയെ വിട്ടു പോകാനും പറ്റില്ലല്ലോ. ശരത്, മതി ഈ ഒളിച്ചു കളി. ഞാന്‍ കരഞ്ഞു തളര്‍ന്നു. ഈ കളി മതിയാക്കാം, നീ തിരിച്ചു വരൂ. എനിക്ക് അത് മാത്രം മതി. എന്‍റെ കൈവെള്ളയില്‍ നിന്‍റെ വിരലിന്റെ ചൂട്. ആ ഒരു ആശ്വാസം മാത്രം മതി എനിക്ക്, ഒരു ജീവിതം മുഴുവനും. .. ഹോ, എനിക്ക് വയ്യ , മറക്കാന്‍ ശ്രമിക്കുന്തോറും നീ കൂടുതല്‍ കൂടുതല്‍ തെളിമയോടെ എന്‍റെ കണ്മുന്നിലുണ്ട്. എനിക്കറിയാം , എനിക്ക് മാത്രമറിയാം നീ മടങ്ങി വരുമെന്ന്. അല്ലെങ്കില്‍ നിന്‍റെ അടുത്തേക്ക് നിനക്ക് എന്നെ കൊണ്ട് പോകേണ്ടി വരും ശരത്, തിരിച്ചു വരൂ. ഈ ഭ്രാന്ത്‌ എന്നെ കൊല്ലുന്നു!!