Monday, October 12, 2020

മറക്കാൻ മാത്രമായൊരു പ്രണയത്തെ ഓർമിക്കുമ്പോൾ

എനിക്ക് നിന്നെ ഒരുപാട് ഇഷ്ടമാണ്.
എന്നിട്ടും ഇപ്പോഴും എനിക്കറിയില്ല,നിന്നെ എന്തു വിളിക്കണം എന്ന്..!
 
നമ്മൾ എന്നെങ്കിലും ഒരിക്കൽ വീണ്ടും കാണും എന്നുറപ്പാണ്.
നിനക്ക് എന്നോടോ, എനിക്ക് നിന്നോടോ
പ്രണയപൂർവ്വം ഒന്നും പറയാനുണ്ടായില്ലെന്നും വരാം .

പക്ഷേ ചില നിമിഷങ്ങളുണ്ട് ...
       നിന്നോട് മാത്രം പറയാൻ കഴിയൂ എന്നൊതുക്കി വച്ചിരുന്ന ഹൃദയ രഹസ്യങ്ങൾ .
 എപ്പോഴോക്കയോ ..നീ കൂടെ ഉണ്ടായിരുന്നെങ്കിലെന്ന് ഓർത്തു കേട്ടിരുന്ന പാട്ടുകൾ .
നീ ഒപ്പം ഇരിക്കുന്നുണ്ടെന്നു ഓർത്തു,തനിയെ  കുടിച്ചു തീർത്ത കാപ്പി മണമുള്ള സായാഹ്നങ്ങൾ..!
ഇവയൊക്കെ എന്റെ മാത്രം സ്വപ്നങ്ങൾ.
ആ സ്വപ്നങ്ങളിൽ
എന്റെ ജീവന്റെ സ്പന്ദനങ്ങൾ തൊടുന്ന സംഗീതമാണ്,എന്റെ പ്രണയം ..!
 കാറ്റ് കിലുക്കാം ഞാത്തി പോലെ ... നിന്റെ സാന്നിദ്ധ്യത്തിനാൽ ...!

         നീ ഓർക്കുന്നുണ്ടോ എന്നറിയില്ല,
നാം എത്രയോ തവണ വെറും പരിചിതരെ പോലെ
 കണ്ടു മുട്ടിയിട്ടുണ്ട്.

അപ്പോഴൊക്കെയും  ഒരു വസന്തത്തെ ഒളിപ്പിക്കുന്ന,മുൾ മരം പോലെ ഞാൻ മാറി നിന്നു. 
ഒരു നോട്ടം കൊണ്ടു പോലും തുറന്നു പോയേക്കാവുന്ന ഹൃദയത്തെ നിന്നിൽ നിന്നും മറച്ചു പിടിച്ചു.
നീ മിണ്ടുമ്പോഴൊക്കെയും ഞാൻ നിന്നെ കാണുകയായിരുന്നു,കൺ നിറയെ ..നീ അറിയാതെ!

 നിന്റെ ചിരി,
നീ ആളുകളോട് മിണ്ടുന്ന രീതികൾ,നീ കേൾക്കുന്ന പാട്ടുകൾ എല്ലാം,എല്ലാം കട്ടെടുത്തെന്ന പോലെ ഹൃദയത്തിൽ ഒളിപ്പിച്ചു.
(എനിക്ക് കാണാൻ കഴിയാത്ത സമയങ്ങളിൽ നീ ഇങ്ങനെയൊക്കെ ആവും പെരുമാറുന്നത് എന്നു  പരിചയം വയ്ക്കാനായി ...മാത്രം,ഞാൻ മനസ് കൊണ്ടു കട്ടെടുത്ത നിന്റെ ഓർമകൾ)

എനിക്കെല്ലാം ഓർമയുണ്ടിപ്പോഴും
നീ പറഞ്ഞ വാക്കുകൾ .
നീ അരികിൽ ഉണ്ടായിരുന്ന നിമിഷങ്ങൾ ..
അൽപ നേരം കൂടെ ഇരുന്നിട്ട് പോകാമെന്ന് നീ പറഞ്ഞ നിമിഷം .

ഇടയ്ക്കെപ്പോഴോ നിന്റെ കണ്ണിൽ മിന്നി മറഞ്ഞ പ്രണയഭാവം .
           ഒരാൾക്ക് ജീവിക്കാൻ,ഇത്രയൊക്കെ മതിയെന്ന് ...

അതെങ്കിലും നിന്നോട് ഒന്നു പറയണം എന്നുണ്ട്.
പക്ഷേ.. പറയാൻ ഒരുങ്ങുമ്പോഴൊക്കെയും എനിക്ക് നീ അറിയാത്ത ആരോ ആവുന്നു.

          നീയിങ്നെ എന്റെ ഓർമകളിൽ മാത്രം ജീവിക്കട്ടെ ല്ലേ...?!


(this directly connects to my feelings for you, but not written by me)

നിനക്കെന്ന പോലെ ഞാൻ എനിക്കയച്ച കത്തിലൊന്ന്

നിനക്ക് അയക്കാതിരുന്ന കത്തുകളിൽ ഒന്നിൽ,

മരുഭൂമിയിലും ചൂടുള്ള വെയിൽ കഷ്ണങ്ങൾ തിരഞ്ഞു നടക്കേണ്ടി വരുന്നതിനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു.


ഒരു മരച്ചുവട്ടിൽ, ഒറ്റച്ചില്ല മാത്രം കണ്ടുകൊണ്ട് , ഒരു പകൽ മുഴുവൻ കിടന്ന ഒരു ദിവസം.


പക്ഷികൾ ഉപേക്ഷിക്കുന്ന ഭാരമാണ് മരച്ചില്ലകൾ എന്നതാരുന്നോ അതിനടുത്ത വരി?


കൈ നീട്ടിയാലും

തീപ്പൊള്ളുമെന്നോർത്ത്

ആരും വിരൽ പിടിക്കാത്തൊരു

വെയിൽ കഷ്ണം

എന്നൊരു വരി

എന്നെക്കുറിച്ച്

അതിനടുത്തതായ്

ഞാനപ്പോൾ

നിന്നോട് പറഞ്ഞിരുന്നോ?


ഓർക്കുന്നില്ല.


എല്ലാ കത്തുകളും നിനക്ക് എഴുതിയതായിരുന്നു എന്നോർക്കുന്നു.


അതിലൊന്നുപോലും നിനക്ക് അയച്ചിരുന്നില്ല എന്നും.


ഇവിടെ തണുപ്പ് കാലം വരുന്നു.

സുഖമുള്ള പകലുകൾ.

വിയർക്കാത്ത അടുക്കളപ്പണികൾ.

അതിലപ്പുറം ഈ വർഷം ഒന്നുമുണ്ടാവില്ല. മരച്ചുവടുകളോ, സമുദ്രതീരങ്ങളോ, നഗരത്തിരക്കുകളോ ഒന്നും; സുഖമുള്ള വെയിലിനൊപ്പമുള്ള ചുറ്റിക്കറക്കങ്ങളും.


മാർച്ചിലെ രണ്ടാമത്തെ ആഴ്ച മുതൽ ഇന്നലെ വരെ ഞാൻ വെയിലിനെത്തൊട്ട ബാൽക്കണിച്ചതുരം സൂര്യോദയങ്ങളുടെ കോണളവുകൾക്ക് പുറത്തായിക്കഴിഞ്ഞിരിക്കുന്നു.


വെയിൽ വീഴാത്ത വീട്ടുമുറ്റമെന്ന സങ്കടം എന്നിൽ പൊട്ടിപ്പടരുന്നു.

അപ്പോഴാണ് ഞാൻ അതോർത്തത്,  നീ എന്നെ കടന്നു പോകാറുള്ള വഴികൾ.


തിളക്കമുള്ള പ്രഭാതങ്ങൾക്ക് പകരം  ഇനിയുണ്ടാവുക ഓറഞ്ചു വെയിൽ വീഴുന്ന വൈകുന്നേരങ്ങളാണ്.


മുറിയിലേക്ക് പരന്നൊഴുകുന്ന വെളിച്ചം.

നിഴലുകൾ.


ഈ ഓറഞ്ച് വെളിച്ചം, എന്റെ മുറികൾക്ക് നേരെ എതിർ ദിശയിലെ വീടുകളിലെ കണ്ണാടികൾ, സൂര്യനെ പ്രതിഫലിപ്പിക്കുന്നതാണ്.

ഇന്നുവരെ സൂര്യന്റെ നിറവും നിഴലുകളും മാത്രം തരുന്ന ആ വെയിലിനെ വിളിക്കേണ്ടത് എന്തെന്ന് അറിയുമായിരുന്നില്ല. ഇന്ന് അതിന് ചേരുന്ന  ഒരു പുതിയ പേര് ഞാൻ പഠിച്ചെടുത്തിരിക്കുന്നു : 


വിർച്വൽ ഹഗ്‌സ് ...


നിനക്കും എന്റെ വിർച്വൽ ഹഗ്‌സ്..


അയക്കാതെ സൂക്ഷിച്ചു വെച്ച,

സ്നേഹത്തിന്റെ പതിനായിരം വാചകങ്ങൾ എഴുതി നിറച്ച,

ആ കത്തുകൾ  പോലെ ..



(this directly connects to my feelings for you, but not written by me)