Monday, October 12, 2020

നിനക്കെന്ന പോലെ ഞാൻ എനിക്കയച്ച കത്തിലൊന്ന്

നിനക്ക് അയക്കാതിരുന്ന കത്തുകളിൽ ഒന്നിൽ,

മരുഭൂമിയിലും ചൂടുള്ള വെയിൽ കഷ്ണങ്ങൾ തിരഞ്ഞു നടക്കേണ്ടി വരുന്നതിനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു.


ഒരു മരച്ചുവട്ടിൽ, ഒറ്റച്ചില്ല മാത്രം കണ്ടുകൊണ്ട് , ഒരു പകൽ മുഴുവൻ കിടന്ന ഒരു ദിവസം.


പക്ഷികൾ ഉപേക്ഷിക്കുന്ന ഭാരമാണ് മരച്ചില്ലകൾ എന്നതാരുന്നോ അതിനടുത്ത വരി?


കൈ നീട്ടിയാലും

തീപ്പൊള്ളുമെന്നോർത്ത്

ആരും വിരൽ പിടിക്കാത്തൊരു

വെയിൽ കഷ്ണം

എന്നൊരു വരി

എന്നെക്കുറിച്ച്

അതിനടുത്തതായ്

ഞാനപ്പോൾ

നിന്നോട് പറഞ്ഞിരുന്നോ?


ഓർക്കുന്നില്ല.


എല്ലാ കത്തുകളും നിനക്ക് എഴുതിയതായിരുന്നു എന്നോർക്കുന്നു.


അതിലൊന്നുപോലും നിനക്ക് അയച്ചിരുന്നില്ല എന്നും.


ഇവിടെ തണുപ്പ് കാലം വരുന്നു.

സുഖമുള്ള പകലുകൾ.

വിയർക്കാത്ത അടുക്കളപ്പണികൾ.

അതിലപ്പുറം ഈ വർഷം ഒന്നുമുണ്ടാവില്ല. മരച്ചുവടുകളോ, സമുദ്രതീരങ്ങളോ, നഗരത്തിരക്കുകളോ ഒന്നും; സുഖമുള്ള വെയിലിനൊപ്പമുള്ള ചുറ്റിക്കറക്കങ്ങളും.


മാർച്ചിലെ രണ്ടാമത്തെ ആഴ്ച മുതൽ ഇന്നലെ വരെ ഞാൻ വെയിലിനെത്തൊട്ട ബാൽക്കണിച്ചതുരം സൂര്യോദയങ്ങളുടെ കോണളവുകൾക്ക് പുറത്തായിക്കഴിഞ്ഞിരിക്കുന്നു.


വെയിൽ വീഴാത്ത വീട്ടുമുറ്റമെന്ന സങ്കടം എന്നിൽ പൊട്ടിപ്പടരുന്നു.

അപ്പോഴാണ് ഞാൻ അതോർത്തത്,  നീ എന്നെ കടന്നു പോകാറുള്ള വഴികൾ.


തിളക്കമുള്ള പ്രഭാതങ്ങൾക്ക് പകരം  ഇനിയുണ്ടാവുക ഓറഞ്ചു വെയിൽ വീഴുന്ന വൈകുന്നേരങ്ങളാണ്.


മുറിയിലേക്ക് പരന്നൊഴുകുന്ന വെളിച്ചം.

നിഴലുകൾ.


ഈ ഓറഞ്ച് വെളിച്ചം, എന്റെ മുറികൾക്ക് നേരെ എതിർ ദിശയിലെ വീടുകളിലെ കണ്ണാടികൾ, സൂര്യനെ പ്രതിഫലിപ്പിക്കുന്നതാണ്.

ഇന്നുവരെ സൂര്യന്റെ നിറവും നിഴലുകളും മാത്രം തരുന്ന ആ വെയിലിനെ വിളിക്കേണ്ടത് എന്തെന്ന് അറിയുമായിരുന്നില്ല. ഇന്ന് അതിന് ചേരുന്ന  ഒരു പുതിയ പേര് ഞാൻ പഠിച്ചെടുത്തിരിക്കുന്നു : 


വിർച്വൽ ഹഗ്‌സ് ...


നിനക്കും എന്റെ വിർച്വൽ ഹഗ്‌സ്..


അയക്കാതെ സൂക്ഷിച്ചു വെച്ച,

സ്നേഹത്തിന്റെ പതിനായിരം വാചകങ്ങൾ എഴുതി നിറച്ച,

ആ കത്തുകൾ  പോലെ ..



(this directly connects to my feelings for you, but not written by me)

No comments:

Post a Comment