Saturday, January 8, 2011

മൂവി റിവ്യൂ : ട്രാഫിക്

ഈ ബ്ലോഗില്‍ ഒരു മൂവി റിവ്യൂ ഇടും എന്ന് ഒരിക്കലും വിചാരിച്ചില്ല. പക്ഷെ അടുത്ത കാലത്തൊന്നും ഇത്രക്കും മനസിനെ ഹോണ്ട് ചെയ്ത ഒരു പടം ഉണ്ടായില്ല. കാസ്റ്റ് : ശ്രീനിവാസന്‍ , റഹ്മാന്‍ , അനൂപ്‌ മേനോന്‍, വിനീത് ശ്രീനിവാസന്‍, അസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സായ് കുമാര്‍ , കൃഷ്ണ, ലെന, റോമ, കാതല്‍ സന്ധ്യ, രെമ്യ നമ്പീശന്‍, റീന ബഷീര്‍ എന്നിവര്‍.

ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, വിനീത് എന്നിവര്‍ അല്പം തലയുള്ളവര്‍ ആയതു കൊണ്ടും, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നീ ചുള്ളന്മാര്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ടും ഉള്ള മിനിമം ഗ്യാരന്റി വെച്ചിട്ടാണ് ഒരു റിവ്യൂ വും നോക്കാതെ ട്രാഫിക് നു ടിക്കറ്റ് എടുത്തത്‌. കോക്ടെയില്‍ എന്ന സിനിമ പോലെ ഇതും ഒരു വണ്‍ ഡേയ് ത്രില്ലെര്‍ ആണ്. എല്ലാവരും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ഒരാളുടെയും എന്‍ട്രി ആഘോഷമാക്കിയിട്ടില്ല. അസഹ്യമായ ഫൈട്ടുകളും ഗാനരംഗങ്ങളുമില്ല സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ ചില സംഭവങ്ങളെ എല്ലാവരും വളരെ കൈയടക്കത്തോടെ അഭിനയിച്ചിരിക്കുന്നു. ജീവിതത്തിന്റെ പല മേഖലകളില്‍ ഉള്ള അപരിചിതരായ മനുഷ്യര്‍, എങ്ങനെയൊക്കെയോ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഓരോരുത്തരും അവരവരുടെ ലോകം മാത്രമേ അറിയുന്നുള്ളൂ. ഓരോ മനുഷ്യനും എന്തുമാത്രം സെല്‍ഫ് സേന്റെര്‍ട് ആണ് എന്ന് ഇന്‍ഡയറക്റ്റ് ആയി ഒരു മെസ്സേജ് തരികയും ചെയ്യുന്നു. പാരലല്‍ ആയി പലരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ സസ്പെന്‍സ് ഒട്ടും കളയാതെ പരസ്പരം ലിങ്ക് ചെയ്തു സീക്വന്‍സ് ആക്കിയിരിക്കുന്നു സംവിധായകന്‍.

കുഞ്ചാക്കോ ബോബന്‍, കൃഷ്ണ എന്നിവര്‍ ഒരു ചെറിയ ഞെട്ടല്‍ മനസ്സില്‍ തരും, അത് സിനിമ മുഴുവന്‍ കണ്ടു കഴിഞ്ഞാലും മനസ്സില്‍ കിടക്കുകയും ചെയ്യും. ഹൃദയ ഭേദകമായ പല രംഗങ്ങളും ഉണ്ട് കഥാഗതിയില്‍, സായ് കുമാറിന്റെ അച്ഛന്‍ കഥാപാത്രം വളരെ ചെറുതാണെങ്കിലും, വേദനിപ്പിക്കുന്നു.

രെമ്യ നമ്പീശന്‍ എന്നാ ശാലീനയായ മലയാളി പെണ്‍കൊടിയുടെ മറ്റൊരു മുഖം ആണ് ഈ സിനിമയില്‍. എന്നാല്‍ അവര്‍ അത് വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ശക്തമായ മറ്റൊരു സ്ത്രീ കഥാപാത്രം ചെയ്തത് ലെന ആണ്. കഥാഗതിയില്‍ പ്രാധാന്യം ഉണ്ടെങ്കിലും ബാകി സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെയും നിഴലുകള്‍ ആയിപോയി. കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് നന്നായിരിക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം റഹ്മാന് കിട്ടിയ നല്ല ഒരു റോള്‍, അദ്ദേഹം നന്നായി ചെയ്തിരിക്കുന്നു. തമാശ എന്ന് പറയാന്‍ ഒന്നുമില്ലെങ്കിലും ചിലയിടങ്ങളില്‍ അല്പം സങ്കടത്തോടെ നമ്മള്‍ ചിരിച്ചു പോകും. റോമ സാധാരണ കാണുന്ന കുട്ടിത്തം നിറഞ്ഞ വേഷത്തില്‍ നിന്നും വ്യത്യസ്തമായി മേച്യൂര്ട് ആയ വേഷത്തില്‍. ഇടവേള എത്തിയപ്പോള്‍ ഇത്രയും സമയം ഒക്കെ ആയോ എന്ന് തോന്നിപ്പോകും പോലെ ഉദ്വേഗം ആയിരുന്നു. ആസിഫ് അലിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ നല്ല ഒരവസരം. അനൂപ്‌ മേനോന്‍ എന്ന നടനെ മലയാളം സിനിമ ഉപയോഗിച്ച് തുടങ്ങിയതേ ഉള്ളൂ, എന്ന് വീണ്ടും തെളിയിക്കുന്നു ട്രാഫിക്. ഗസ്റ്റ് റോളുകളില്‍ വന്ന ജോസ് പ്രകാശിന്റെ കഥാപാത്രവും, പുതിയ സെന്‍സേഷന്‍ നിവിന്‍ പോളിയും, അവരുടെ ചെറിയ വേഷങ്ങളെ മനോഹരമാക്കി.

രാജേഷ്‌ ആര്‍ പിള്ള എന്ന സംവിധായകന് അഭിമാനിക്കാം, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയുടെ നിഴലില്‍ നിന്നും പുറത്തുവരാനായതില്‍. ഇത്രയും അഭിനേതാക്കളെ കഥാപാത്രങ്ങളായി സ്വാഭാവികമായി കോര്‍ത്തിണക്കാനായതില്‍ . ഈ സിനിമയിലെ സൂപ്പര്‍ സ്റാര്‍ എന്നത് കഥയും തിരക്കഥയുമാണ്. ബോബി-സഞ്ജയ്‌ കളുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഗാനങ്ങള്‍ നിലവാരം ഉള്ളതായിരുന്നെങ്കിലും ശ്രദ്ധ മുഴുവന്‍ കഥയിലായിരുന്നത് കൊണ്ട് കാര്യമായി ആസ്വദിക്കാന്‍ പറ്റിയില്ല. രണ്ടര മണിക്കൂര്‍ നേരം ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയ ചിത്രത്തിനെ ഞാന്‍ എന്റെ ആസ്വാദന നിലവാരത്തില്‍ നിന്നു കൊണ്ട് പത്തില്‍ എട്ടര മാര്‍ക്ക് നല്‍കുന്നു. കഥയുടെ ഒരു തരിപോലും ഈ റിവ്യൂവില്‍ ഉള്‍പെടുതാത്തതു ആസ്വാദനത്തെ ബാധിക്കും എന്നതിനാലാണ്. എന്തുകൊണ്ടും കാണാന്‍ യോഗ്യമായ വളരെ സത്യസന്ധമായ ഒരു ചിത്രമാണ് ട്രാഫിക്.