Sunday, October 24, 2010

അന്വേഷണം...!!

കുറച്ചു നാള്‍ മുന്പ് ഒരു വെള്ളിയാഴ്ച ഞാന്‍ ക്ലാസ്സ്‌ ബങ്ക് ചെയ്തു വീട്ടിലേക്കു പോയി. കുറെ നാള്‍ ആയിരുന്നു വീട് കണ്ടിട്ട്. വൈകുന്നേരം ആയപ്പോള്‍ അന്നത്തെ സംഭവ വികാസങ്ങള്‍ അറിയാന്‍ ഞാന്‍ എന്റെ സുഹൃത്ത് ആയ ജസ്റ്റിന് ഫോണ്‍ ചെയ്തു. അപ്പോഴാണ് അറിയുന്നത് അന്ന് രാവിലെ ബി ടെക്കിലെ ഒരു സാര്‍ മരിച്ചു പോയി, ക്ലാസ്സ്‌ സസ്പെന്ഡ് ചെയ്തിരുന്നു , എന്ന്. കൂടുതല്‍ അന്വേഷിച്ചപ്പോള്‍ അവനു ആകപ്പാടെ അറിയാവുന്നത് സര്‍ ഒരു വയനാടുകാരന്‍ ആയിരുന്നു എന്ന് മാത്രം. ചെറുപ്പക്കാരന്‍, അവിടെ വന്നു ചേര്‍ന്നിട്ട് അധികം ആയിരുന്നില്ല. പേര് അവനു അറിയില്ല.

എന്‍റെ അകന്ന ബന്ധത്തിലുള്ള ഒരു ചേട്ടായി അവിടെ വര്‍ക്ക്‌ ചെയ്യുന്നുണ്ടെന്ന് എനിക്ക് അറിയാം. പേര് ജിനോ. ആളെ ഞാന്‍ പണ്ടെങ്ങാണ്ട് കണ്ടതാണ്, പോയി പരിചയപ്പെടണം എന്ന് വിചാരിച്ചിരുന്നെങ്കിലും സമയം കിട്ടിയേ ഇല്ല. വയനാട് അന്നെന്നും ചെറുപ്പക്കാരന്‍ ആണെന്നും ജെസ്റ്റിന്‍ പറഞ്ഞപ്പോള്‍ എന്‍റെ ഉള്ളൊന്നു കാളി. ഞാന്‍ അവനോട് ചോദിച്ചു, "ആ സാറിന്‍റെ പേര് ജിനോ എന്നെങ്ങാനുമാണോ കേട്ടത്?" അവന്‍ പറഞ്ഞു, "ആ , അങ്ങനെയെന്തോ ആണ്, നീ ഒന്ന് സബിന്‍ സാറിനെ വിളിച്ചു കണ്ഫേം ചെയ്തോ"

അപ്പോള്‍ തന്നെ ഞാന്‍ സബിന്‍ സാറിനെ വിളിച്ചു. സാറിനും കാര്യമായ ഐഡിയ ഇല്ല. പുതിയതായി ജോയിന്‍ ചെയ്ത ആള്‍ ആയതു കൊണ്ട്. സബിന്‍ സര്‍ എനിക്ക് രഞ്ജിത്ത് സാറിന്റെ നമ്പര്‍ തന്നു. മരിച്ചു പോയ സാറിന്‍റെ വളരെ അടുത്ത സുഹൃത്ത് ആണ്, രഞ്ജിത്ത് സാറും വയനാട്ടില്‍ നിന്ന് തന്നെ ഉള്ളതാണ്.

ഞാന്‍ ഉടനെ രഞ്ജിത്ത് സാറിനെ വിളിച്ചു. സാറിന്‍റെ ശബ്ദം ഇടറിയിരുന്നു. എന്താ ഇപ്പൊ ചോദിക്കുക, എങ്കിലും കാര്യം അറിയണമല്ലോ,
"സാര്‍, ഞാന്‍ _____ആണ് , PG യിലെ, ഇന്ന് മരിച്ചു പോയ സാര്‍ എന്‍റെ ബന്ധുവാണോ എന്ന് എനിക്ക് സംശയം ഉണ്ട്. സബിന്‍ സാറാണ് സാറിന്‍റെ നമ്പര്‍ തന്നത്. ആ details ഒന്ന് പറയാമോ ?"

"ശെരി, മരിച്ചു പോയ ആളുടെ പേര് സജി ജോണ്‍ എന്നാണ്, വീട് മാനന്തവാടി. തന്‍റെ ബന്ധു ആണോ?"

"അല്ല സര്‍, താങ്ക് യു "

"ശെരി തന്‍റെ ബന്ധു അല്ലല്ലോ, സന്തോഷം ആയല്ലോ അല്ലെ?"

എന്താ പറയുക, എന്‍റെ ബന്ധു അല്ലെങ്കിലും ഒരാള്‍ മരിച്ചതിനു ഞാന്‍ എങ്ങനെ സന്തോഷിക്കും? പിന്നെ മരണവീട്ടിലെ രഞ്ജിത്ത് സാറിന്‍റെ ടെന്‍ഷന്‍ ന്‍റെ പുറത്തു പറഞ്ഞതാണെന്ന് എനിക്ക് മനസിലായി. ഞാന്‍ വേഗം ഫോണ്‍ വെച്ചു.

വീട്ടില്‍ നിന്നും തിരിച്ചു വന്നപാടെ ഞാന്‍ ചെയ്തത്, ജിനോ ചേട്ടായിയെ കണ്ടു പിടിക്കാനുള്ള ശ്രമങ്ങള്‍ ആണ്. എല്ലാ ഡിപ്പാര്‍ട്ട്മെന്റും കേറി ഇറങ്ങി ഞാന്‍ ജിനോ യെ അന്വേഷിച്ചു. ആരും അങ്ങനെ ഒരാളെ കുറിച്ച് കേട്ടിട്ടില്ല. നോണ്‍-ടീച്ചിംഗ്-സ്റ്റാഫ്‌ ഉണ്ടോ എന്നും നോക്കി. ഇല്ല, അങ്ങനെ ഒരാള്‍ ഇല്ല. എന്തായാലും ഞാനാണ് അന്ന് രാത്രി വിളിച്ചത് എന്ന് രഞ്ജിത്ത് സാറിനോട് പറയണം. അതല്ലേ ഒരു മര്യാദ. പക്ഷെ സാറിനെ കുറെ നാളേക്ക് കണ്ടില്ല.

ഒരു മാസത്തോളം കഴിഞ്ഞാണ് ഞാന്‍ രഞ്ജിത്ത് സാറിനെ കാണുന്നത്. എന്തായാലും സാറിനോട് കാര്യം പറയാം, ഇനി
സാറിനു ജിനോയെ അറിയാമെങ്കിലോ? ഞാന്‍ സ്റ്റാഫ്‌ റൂമിലേക്ക്‌ ചെന്നു.

"സാര്‍, അന്ന് ഞാനാണ് സാറിനെ വിളിച്ചിരുന്നത്, സജി സാര്‍ മരിച്ച ദിവസം. പിന്നീട് സാറിനെ ഇന്നാണ് കണ്ടത് "

"ആ, എനിക്ക് സുഖമില്ലാരുന്നു. താന്‍ PG ആണ് അല്ലെ? വീടെവിടെ? "

"സാര്‍, കണ്ണൂര്‍ ഇരിട്ടി"

"ആ, ഞാന്‍ അവിടെ ഒക്കെ വന്നിട്ടുണ്ട്. തന്‍റെ ബന്ധുവിനെ കണ്ടു പിടിച്ചോ ?"

"ഇല്ല സാര്‍, എനിക്ക് ചേട്ടായിയെ ഇപ്പൊ കണ്ടാല്‍ മനസിലാവില്ല. ഞാന്‍ എല്ലായിടത്തും അന്വേഷിച്ചു. ആര്‍ക്കും അറിയില്ല. ചെലപ്പോ ഞാന്‍ അറിഞ്ഞത് തെറ്റായിരിക്കും "

"അതാരിക്കും, വയനാട്ടില്‍ നിന്നും ഇവിടെ വളരെ കുറച്ചു പേരെ ഉള്ളൂ, എനിക്ക് എല്ലാരേം അറിയാം "

"എനിക്ക് കൃത്യമായി വീട്ടുപേരെ അറിയൂ. കുഞ്ഞിപ്പള്ളിയില്‍"

"ഞാനും കുഞ്ഞിപ്പള്ളി ആണല്ലോ "

"ജോസഫ്‌ ചേട്ടായി,? റോസിലി ചേച്ചി ??"

"എന്‍റെ പാപ്പന്റെ മോന്‍ !!"

"ജിനോ എന്നാ പേര് ???"

"അതെന്‍റെ വീട്ടില്‍ വിളിക്കുന്ന പേരാ, രഞ്ജിത്ത് എന്ന പേര് വളരെ കുറച്ചു പേര്‍ക്കെ അറിയൂ. ഒഫീഷ്യല്‍ പേരാണ്. കസിന്‍സിന് പോലും അറിയില്ല"

"എന്‍റെ ഈശോയെ, അപ്പൊ ഞാന്‍ ______!!!", ഞാന്‍ തലയില്‍ കൈവച്ചു. പിന്നെ പറഞ്ഞ കുടുംബ കഥകള്‍ക്ക് ഒക്കെ ഞാന്‍ എന്തൊക്കെയോ മറുപടി കൊടുത്തു. തിരിച്ചു റൂമില്‍ വന്നു, കണ്ണും മിഴിച്ചിരിക്കുന്ന എന്‍റെ ഫോണിലേക്ക് ചേട്ടായിയുടെ മെസ്സേജ്.

"ലോക ചരിത്രത്തില്‍ ആദ്യമായാവും ഒരാള്‍ മരിച്ചു പോയോ എന്ന് അയാളോട് തന്നെ അന്വേഷിക്കുന്നത്. :) just joking"

എനിക്ക് അത്രേ വേണ്ടിയിരുന്നുള്ളൂ, മിണ്ടാന്‍ പറ്റാതെ ഇരിക്കുക ആയിരുന്ന ഞാന്‍ എത്ര നേരം കരഞ്ഞു എന്ന് എനിക്ക് അറിയില്ല. കാര്യം ഒന്നുമില്ല , എങ്കിലും..


1 comment:

Anonymous said...

grt............ ninne sammathichu........

Post a Comment