Wednesday, December 7, 2016

എന്‍റെ കുട്ടേട്ടന്‍

2015 മാര്‍ച്ചിലാണ് നാത്തൂന് ഒരു കുഞ്ഞു മോള്‍ ഉണ്ടാവുന്നത്. മൂന്നു മാസം കഴിഞ്ഞപ്പോ അവള്‍ വാവയേം കൊണ്ട് ദുബായ്ക്ക് തിരിച്ചു പോയി.. അന്ന് മുതല്‍ തുടങ്ങിയതാണ്‌ ജോഷുനു ഡിമാണ്ട്, ദുബൈക്ക് പോകാത്ത കുഞ്ഞുമോള്‍ വേണം. രണ്ടു വയസ്സിന്റെ നിഷ്കളങ്കത.. പപ്പാ പറഞ്ഞു കൊടുത്ത ഐഡിയ ആണ്, കുരിശു വരച്ചു പ്രാര്‍ഥിച്ചോ , നിനക്ക് വാവയെ കിട്ടും. അന്ന് മുതല്‍ വല്യ പ്രാര്‍ത്ഥന ആയിരുന്നു. കൈ കൂപ്പി, മുട്ടേല്‍ നിന്നു കൊഞ്ചി കൊഞ്ചി   " ഈശോയെ , കുട്ടന് നല്ല കുഞ്ഞുമോളെ തരണേ , കുട്ടനെ ഇട്ടേച്ചു ദുബായില്‍ പോകാത്ത കുഞ്ഞുമോളെ തരണേ.." 
ഓരോ പ്രാര്‍ഥനയും കഴിഞ്ഞ് എന്‍റെ വയര്‍ വലുതായോ എന്ന് വന്നു നോക്കും... 

അങ്ങനെ ഒരു വര്‍ഷം നീണ്ട അവന്‍റെ പ്രാര്‍ഥനയുടെ ഫലമായി 2016 ഫെബ്രുവരിയില്‍ അവനു സന്തോഷം തരുന്ന ആ വിശേഷം വന്നു. റിസള്‍ട്ട് പോസിറ്റീവ് എന്ന് അറിഞ്ഞതും അവനോടു കാര്യം പറഞ്ഞു.. അവന്‍റെ സന്തോഷം കാണണം. അവന്‍ തന്നെ തീരുമാനിച്ചു , കുഞ്ഞു  വന്നാല്‍ വേറെ ആര്‍ക്കും എടുക്കാന്‍ പോലും കൊടുക്കില്ല , കുഞ്ഞുമോള്‍ കുട്ടനെ "കുട്ടേട്ടാ " എന്നാണു വിളിക്കുക.. ഒരുപാട് ഫാന്‍സീസ്... കളിപ്പാട്ടം എല്ലാം എടുത്ത് , ഏതാണ് കുഞ്ഞുവിനു hurt ആകാത്തത്, അത് നോക്കി, എടുത്ത് പൊടി തട്ടി വെച്ച്... അങ്ങനെ പോയി ഒരു മാസം.. 

പക്ഷെ , എനിക്ക് ഭയങ്കര തിരക്ക് ആയിരുന്നു. ഒന്ന് രണ്ട് ഈവന്റ്സ് എല്ലാം ഏറ്റെടുത്, വല്ലാതെ തിരക്ക് പിടിച്ചു നടന്ന സമയം. കസ്തൂരി രംഗന്‍, എക്സ് - ISRO men, ഒക്കെ വരുന്ന ഒരു വര്‍ക്ക്‌ഷോപ്പ് , ഒരു പ്രൊജക്റ്റ്‌ എക്സ്പോ ,  സ്റ്റാര്‍ട്ട്‌ അപ് വീകെണ്ട് അങ്ങനെ അങ്ങനെ.. ഇതിനിടക്ക്‌ എന്‍റെ അമ്മാമ്മ മരിച്ചു പോയി..  തിരക്കും ടെന്‍ഷനും സങ്കടവും  എല്ലാം കൂടി, ഒരുദിവസം ബ്ലീഡിംഗ് തുടങ്ങി... കുട്ടേട്ടന്‍റെ കുഞ്ഞുമോള്‍ അങ്ങ് പോയി... 

ഒരുപാട് സങ്കടം വന്നു. എന്‍റെ ശ്രദ്ധക്കുറവ് കൊണ്ടാണോ ഇങ്ങനെ സംഭവിച്ചത് എന്നുള്ള കുറ്റബോധം കൂടി കൂടി, ചെറിയ തോതില്‍ ഡിപ്രഷന്‍ സ്റ്റേജ് വരെ എത്തി. അതിന്‍റെ സില്‍ബന്ധികള്‍ ആയി കുറെ ശാരീരിക ബുദ്ധിമുട്ടുകളും.. പക്ഷെ ഏറ്റവും വേദനിപ്പിച്ചത് കുട്ടേട്ടന്റെ സങ്കടം ആയിരുന്നു.. ആശുപത്രിയില്‍ ഇരുന്നു ഞാന്‍ വേദനിച്ചു കരയുമ്പോള്‍ പോലും, കുഞ്ഞുമോള്‍ക്ക് വേദനിക്കുന്നുണ്ടോ അമ്മെ , എന്നാണു അവന്‍ ചോദിച്ചത്.. അജേഷ് പറഞ്ഞു കൊടുത്തു, "ഇപ്പൊ അമ്മയുടെ വയറ്റില്‍ കുഞ്ഞുമോള്‍ ഇല്ല,"
"കുഞ്ഞുമോള്‍ എവിടെപോയി? "
"ഈശോ കുഞ്ഞുമോളെ തിരിച്ചു കൊണ്ട് പോയി "
"അതെന്തിനാ, നമ്മക്ക് തന്നതല്ലേ ?" 
" ................ ഈശോക്ക് കുഞ്ഞുമോളെ ഒരുപാട് ഇഷ്ടമായിരുന്നു.. അതുകൊണ്ട് ഈശോ അങ്ങെടുത്തു" 

അവന്‍ കരയാന്‍ തുടങ്ങി.. കരയുന്ന എന്നെ കെട്ടി പിടിച്ചു , കുറെ ഉമ്മ തന്നു.. 

ആശുപത്രിയില്‍ നിന്നും  തിരിച്ചെത്തിയ അവന്‍, പ്രാര്‍ത്ഥന നിറുത്തി. " കുഞ്ഞുമോളെ തന്നാലും ഈശോ തിരിച്ചു കൊണ്ട് പോകും അമ്മെ , കുട്ടന്‍ കൂട്ടില്ല ഈശോയോട്" അവന്‍ എടുത്തു വെച്ച കളിപ്പാട്ടം എല്ലാം ഒരു ബോക്സില്‍ ഇട്ടു, എടുത്തു വെച്ചു.. കളിയും സന്തോഷവും എല്ലാം കുറഞ്ഞു.. നാത്തൂന്റെ മോളെ സ്കൈപില്‍ കണ്ടാല്‍ അവളോട കുറച്ചു നേരം മിണ്ടും, മിണ്ടി കഴിഞ്ഞു എന്നോട് വന്നു സങ്കടം പറയും... എന്നെക്കാളും , അജേഷിനെക്കളും ഇതെല്ലാം  അഫക്റ്റ് ചെയ്തത് അവനെ ആയിരുന്നു... 

കുട്ടേട്ടന്‍റെ സങ്കടം കണ്ട്,  ഇനി ഒട്ടും വൈകിക്കണ്ട എന്ന് ഞങ്ങള്‍  തീരുമാനിച്ചു.. അങ്ങനെ , ജൂണില്‍ കുട്ടേട്ടന് ഏറ്റവും സന്തോഷം വരുന്ന ന്യൂസ് ഞങ്ങള്‍ റിലീസ് ചെയ്തു.. ആദ്യം ഒന്ന് സംശയിച്ചെങ്കിലും കുട്ടേട്ടന്‍ പിന്നേം ട്രാക്കില്‍ ആയി.. എന്‍റെ പൊന്നിന്റെ സന്തോഷം തിരിച്ചു വന്നു.. 

ഇപ്പൊ പ്രൌഡ് കുട്ടേട്ടന്‍ ആണ്, എല്ലാരോടും പറയും, " ഇന്‍ മൈ മമ്മാസ് ബെല്ലി ,  ദെയര്‍ ഈസ്‌ മൈ ലിറ്റില്‍ ബേബി " 
ദിവസവും സ്കൂളില്‍ പഠിപ്പിച്ച പാട്ടും, കഥകളും എല്ലാം ബേബി ക്ക് പറഞ്ഞു കൊടുക്കണം, 
പാമ്പേര്‍സിന്‍റെ പരസ്യത്തില്‍ അമ്മ കുഞ്ഞിന്റെ ഡേ കെയറില്‍ കൊണ്ട് വിടുന്നത് കാണുമ്പോ, " നമ്മുടെ ബേബി യെ നമ്മള്‍ ആര്‍ക്കും കൊടുക്കാന്‍ പാടില്ല അമ്മെ, " എന്ന് എന്നോട് ഉപദേശിക്കും.. ചോക്ലേറ്റ് ഷെയര്‍ ചെയ്യുമ്പോ, എനിക്ക് രണ്ടു വീതമാണ്.. " ഒന്ന് അമ്മക്ക് , ഒന്ന് കുഞ്ഞുമോള്‍ക്ക് " ...
 " അപ്പൊ ബേബി ബ്രദര്‍ ആണെങ്കിലോ? "  ..
" ബേബി ബ്രദര്‍ ആണെങ്കില്‍ , കുഞ്ഞു  മോന്‍" 

ഇങ്ങനെ സന്തോഷ ഭരിതവും, പ്രതീക്ഷാ ഭരിതവും  ആണ് ഇപ്പൊ ജീവിതം.. ചെറിയ ഒരു പരീക്ഷണ കാലം അവസാനിച്ചു.. ഇനി MVJ ലെക്കില്ല എന്ന് ആറു മാസം മുന്നേ തീരുമാനിച്ചിരുന്നു.. അങ്ങനെ റിസൈന്‍ ചെയ്തു... ഇനി എന്ത് എന്ന് പ്ലാന്‍ ചെയ്തിട്ടില്ല.. ഇനി കുറച്ചു കാലം കുട്ടേട്ടന്‍റെയും, കുഞ്ഞുവിന്‍റെയും കൂടെ , ഗൃഹസ്ഥാശ്രമം... 

There was never a night or a problem , that could defeat sunrise or Hope " - Bernard Williams

No comments:

Post a Comment