Thursday, March 1, 2012

എന്റെ നവോദയ "ഡാഡി"

1998 "ട്ടൊ " ഞങ്ങള്‍ നവോദയയില്‍ എത്തി, ഓഗസ്റ്റ് അഞ്ചിനു..
കുറെ ഇട്ടാപ്പിരികള്‍, ക്ലാസ്സില്‍. എല്ലാവര്ക്കും കരച്ചില്‍ , വീട് മാനിയ,
ജീവിതത്തില്‍ ആദ്യമായി അച്ഛനമ്മമാരെ പിരിഞ്ഞു നില്‍ക്കുന്ന കുഞ്ഞു കുരുന്നുകള്‍.
എല്ലാവരും ആദ്യമായി ഹോസ്റ്റല്‍ കാണുന്നവര്‍. എല്ലാവരുടെയും മുഖങ്ങളില്‍ ആശങ്ക , അപരിചിതത്വം, സങ്കടം.

എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയപ്പോള്‍ എന്റെ അമ്മയുടെയും ചാച്ചന്റെയും മനസുകളില്‍ എന്തായിരുന്നോ? ഞാന്‍ ചോദിച്ചില്ല, പക്ഷെ അവര്‍ തിരിച്ചു പോകുമ്പോള്‍ ആ ജീപ്പിന്റെ പുറകെ ഞാന്‍ ഓടിയ ഓട്ടം ഞാന്‍ ഇതുവരെ മറന്നിട്ടില്ല. " ഞാന്‍ തനിച്ചായി, ഞാന്‍ തനിച്ചായി , എന്നെ ഒറ്റക്കാക്കി അവര് പോയി "

ക്ലാസ്സില്‍ ചെല്ലുമ്പോഴും ഇത് തന്നെ അവസ്ഥ. ഏതെങ്കിലും അറ്റതൂന്ന് ആരെങ്കിലും കരഞ്ഞു തുടങ്ങും. " അമ്മയെ കാണണം , അച്ഛനെ കാണണം " . അത് ഒരു പകര്‍ച്ച വ്യാധി പോലെ, അടുത്തയാള്‍ , അതിനടുത്തയാല്‍ അങ്ങനെ ക്ലാസിലെ നാല്പതു പേരും കൂടി കോറസ്സായി കരയും. ഇതിനു ആണെന്നോ പെണ്ണെന്നോ ഒന്നും ഭേദമില്ല. ഇപ്പോള്‍ മസില് പിടിച്ചു നടക്കുന്ന എന്റെ സുഹൃത്തുക്കളെ ഒക്കെ കാണുമ്പോള്‍ ഇതൊക്കെ ഞാന്‍ ഓര്‍ക്കാറുണ്ട്. (ഞാനും മോശമല്ല !!)

ഞങ്ങള്‍ അവിടെ എത്തിയ വര്ഷം അവിടത്തെ മുതിര്‍ന്ന ടീച്ചര്സ് (PGTs) ആയ മാധവന്‍ പി , മാധവന്‍ വി വി സാര്‍മാര്‍ക്ക് കൊച്ചു പിള്ളേരെ പഠിപ്പിക്കാന്‍ ഒരു ആഗ്രഹം. അവര്‍ ഞങ്ങളെ ഏറ്റെടുത്തു. കണ്ണൂര്‍ നവോദയയുടെ ചരിത്രത്തില്‍ മറ്റൊരു ബാച്ച് നും കിട്ടാത്ത ഭാഗ്യം.

വി വി മാധവന്‍ സാര്‍ ഞങ്ങളുടെ കണക്കു മാഷാണ്. "നമ്മള്‍ ഈ ഹരണം ഒക്കെ ഇങ്ങനെ ചെയ്യും, അല്ലെ മക്കളെ" , എന്ന് പറഞ്ഞു ബോര്‍ഡിന്റെ അടുത്ത് നില്‍ക്കുന്ന സാറിന്റെ രൂപം ഒട്ടും മായാതെ മനസിന്റെ കണ്മുന്നില്‍ ഉണ്ട്. പതിനൊന്നിലെയും പന്ത്രണ്ടിലേയും ചേട്ടന്മാര്‍ക്ക് കണക്കു പഠിപ്പിക്കുന്ന സാര്‍ ഞങ്ങള്‍ ഇപ്പോഴും തിരിഞ്ഞു കളിചോണ്ടിരിക്കുന്ന പീക്കിരികള്‍ക്ക് പറഞ്ഞു തരാന്‍ ശെരിക്കും ബുദ്ധിമുട്ടിയിട്ടുണ്ടാവണം.

സാര്‍ ഇങ്ങനെ ഒക്കെ പറഞ്ഞാലും ഹരണം ഒന്നും ഞങ്ങള്‍ക്ക് ഒരു വിഷയമല്ല. ഞങ്ങളുടെ ഏക ലക്‌ഷ്യം " വീട്ടില്‍ പോകണം, അമ്മെ കാണണം ". അത് മാത്രം. ടീചെര്‍സ് കാര്യമായി ക്ലാസ്സില്‍ പടിപിക്കുക ആണെങ്കിലും ഞങ്ങള്‍ ഗാനമേള നടത്തും. എങ്കിലും അതിനൊക്കെ ചൂരലെടുത്തു തല്ലുന്ന ടീചെര്‍സ് അല്ലാരുന്നു ഞങ്ങളുടെ.

അങ്ങനെ ഒരു ദിവസം , സാറിന്റെ ക്ലാസിനിടയില്‍ ആരോ കരയാന്‍ തുടങ്ങി, രമിഷ ആണെന്ന് തോന്നുന്നു, അവളായിരുന്നു ക്ലാസിലെ കരച്ചില്‍ പെട്ടി :) . അത് വേഗം മറ്റുള്ളവരിലേക്ക് പടര്‍ന്നു. സാറിനു നിയന്ത്രിക്കാന്‍ പറ്റാത്ത വിധം കോറസ്. സമാധാനിപ്പിക്കാന്‍ സാര്‍ ആവുന്നത് ശ്രമിച്ചു നോക്കി. കരച്ചില്‍ ഉച്ചത്തിലായി. ആരെയോ
(വിജേഷ് എന്ന് ഓര്മ ) അടുത്ത് പിടിച്ചു സാര്‍ പറയുകയാണ്‌. "നോക്ക് മക്കളെ, എന്തിനാ കരയുന്നെ. ഞാനല്ലേ ഇപ്പൊ നിങ്ങടെ അച്ഛന്‍ , നിങ്ങളുടെ ഡാഡി. ഡാഡി എന്ന് വിളിക്ക് മക്കളെ"

എനിക്ക് ദേഷ്യം വന്നു , ഡാഡി പോലും. എന്റെ അപ്പന്‍ എന്റെ വീട്ടിലല്ലേ, പിന്നെ ഈ സാറെന്തിനാ ഇങ്ങനെ പറയുന്നത് ? എന്റെ അപ്പന്റെ സ്ഥാനത് സാറിനെ കാണാനോ, നടപ്പില്ല !!!

എന്നാല്‍ ഇന്ന്, വര്‍ഷങ്ങള്‍ക്കു ശേഷം.. സാറിന്റെ ആ വാക്കുകള്‍ ഓര്‍ക്കുമ്പോള്‍, എനിക്ക് അത്ഭുതം തോന്നുന്നു. ഒരു അദ്ധ്യാപകന്‍ എന്നതിനേക്കാള്‍ ഉപരി, സാര്‍ അക്ഷരാര്ധത്തില്‍ ഞങ്ങള്‍ക്ക് ഒക്കെ പിതൃ തുല്യനായി തീര്‍ന്നിരുന്നു. ഒരു അദ്ധ്യാപകന്‍ എന്തുമാത്രം വലിയ മനസുള്ളവന്‍ ആയിരിക്കണം അങ്ങനെ ഒക്കെ പറയാന്‍. സാറിന്റെ മക്കള്‍ ഒക്കെ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നെങ്കിലും, സാര്‍ അവരെ ഞങ്ങളെ സ്നേഹിക്കുന്നതില്‍ കൂടുതല്‍ സ്നേഹിക്കുന്നു എന്ന് ഒരിക്കലും തോന്നിയിട്ടില്ല.
എത്ര വര്ഷം കഴിഞ്ഞു, എന്റെ മനസ്സില്‍ അദ്ധ്യാപകന്‍ എന്ന് പറഞ്ഞാല്‍ ആദ്യം വരിക വി വി മാധവന്‍ സാറിന്റെ മുഖം തന്നെ. വര്‍ഷങ്ങള്‍ക്കു ശേഷം ഞാനും ഒരു അധ്യാപിക ആവാന്‍ ആഗ്രഹിച്ചത് ഒരു പക്ഷെ എന്റെ അധ്യാപകരെ ഞാന്‍ അത്ര മാത്രം സ്നേഹിക്കുന്നത് കൊണ്ടായിരിക്കണം. എന്റെ മുന്നില്‍ ഇരിക്കുന്ന കുട്ടികളെ കാണുമ്പോള്‍ ഞാന്‍ പ്രാര്‍ത്ഥിക്കുക , "ദൈവമേ, ഇവരെ മക്കളെ എന്ന് മനസറിഞ്ഞു വിളിക്കാന്‍ സാധിക്കണേ " എന്ന് തന്നെ. സാറിനെ പോലെ ആയില്ലെങ്കിലും, സാറിന്റെ student ആയതു കൊണ്ട് മാത്രം ഒരല്‍പം virtue ദൈവം എനിക്കും തന്നിരുന്നെങ്കില്‍.

ഇന്ന് ആ ദിവസത്തെ കുറിച്ച് ഓര്‍ക്കുമ്പോള്‍ , എന്തെന്നറിയാത്ത ഒരു നനുത്ത സന്തോഷം, പിന്നെ ദൂരെ മറഞ്ഞു പോയ ആ കാലത്തേക്ക് തിരിചെത്തുവാനുള്ള മനസിന്റെ ഒരു വിങ്ങല്‍. എല്ലാം വല്ലാതെ miss ചെയ്യുന്നു. എന്റെ അധ്യാപകര്‍ എന്റെ കൂട്ടുകാര്‍, എന്റെ വീട്.. അതെ അത് തന്നെയാണ് വീട്.

വാല്‍ക്കഷ്ണം : അന്ന് ജീപ്പിന്റെ പുറകെ ഓടിയ ഞാന്‍ അവസാനം അവിടുന്ന് പോരുന്ന ദിവസം "എനിക്കിവിടുന്നു പോരണ്ട, എന്നെ കൊണ്ട് പോകല്ലേ " എന്ന് പറഞ്ഞു electric post നെ കെട്ടിപിടിച്ചു കരഞ്ഞതും മറ്റൊരു ഓര്മ.

2 comments:

LK said...

I miss Navodaya... :(

vijesh said...

u really took me to those days..thanku
and madhavan sir hes the grtest of grtest

Post a Comment