Monday, April 18, 2011

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.. ഹോ !!

എനിക്ക് പറയാന്‍ ഉള്ള കഥകള്‍ മുഴുവന്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നവോദയയുമായി ബന്ധപ്പെട്ടിരിക്കും. "ഇവള്‍ടെ ഒരു സ്കൂള് !!" എന്ന് കേള്‍ക്കുന്നവര്‍ തലയ്ക്കു കൈയും കൊടുത്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല. കാരണം അതങ്ങനെയാണ്. നമ്മുടെ ഒരു സുഹൃത്ത് സ്വന്തം ഭാര്യയെക്കുറിച്ച് പറഞ്ഞത് നവോദയ എന്ന് എവിടെയെങ്കിലും എഴുതി വെച്ചാലും അതും നോക്കി അവള്‍ അവിടെ നില്‍ക്കും എന്നാണു. ഹേയ് ഞാന്‍ അങ്ങനെയൊന്നും നില്‍ക്കില്ല' ...ന്നാ തോന്നുന്നേ..!!

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ സിസിഎ പ്രോഗ്രാമുകളും , ഹൌസ് ഡേകളും എല്ലാം വാശിയോടെ നടക്കുന്നു. 'ആരവല്ലി' ഹൌസ് ന്റെ സിസിഎ ഇന്ചാര്ജ് ആയിരുന്ന എന്റെ തലയില്‍ മുഴുവന്‍ ഓരോരോ പ്രോഗ്രാം പ്ലാനുകള്‍ ആണ്. ഓരോന്നിനും വേണ്ടിയുള്ള പാട്ടുകള്‍ ഒക്കെ തീരുമാനിക്കണം, പിന്നെ അത് ആരുടെയെങ്കിലും കൈയില്‍ കൊടുത്തുവിട്ടു കാസ്സറ്റില്‍ റിക്കാര്‍ഡ് ചെയ്യിക്കണം. എന്നിട്ട് വേണം പ്രാക്ടീസ് ഒക്കെ ചെയ്യാന്‍. റഫ് നോട്ടിന്റെ പുറകില്‍ അങ്ങനെ ഓരോ ഐടിയകള്‍ ഒക്കെ എഴുതി വെക്കും. പാട്ടുകളുടെ ലിസ്റ്റ് ഒക്കെ ഉണ്ടായിരുന്നു ബുക്കില്‍.

റഫ് ബുക്ക് മിക്കവാറും ടീച്ചര്‍മാരുടെ റണ്ണിംഗ് നോട്സ് എഴുതാന്‍ ഉപയോഗിക്കും. ക്ലാസ് ബോര്‍ ആണെങ്കില്‍ പടം വരക്കും, അക്കാലത്തും പിന്നീടും മുടങ്ങാതെ അനുവര്‍ത്തിച്ചു പോന്ന ഒരു കലാപരിപാടി ആയിരുന്നു ക്ലാസില്‍ വരുന്ന സകല സാറന്മാരുടെയും സ്കെച്ചുകള്‍ ബുക്കില്‍ വരച്ചിടുക എന്ന്. ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന പരാതിയും വേണ്ട, എന്നാല്‍ ബോറടിച്ചു ഉറക്കം തൂങ്ങുകയും ഇല്ല,

ആ സമയത്ത് കെമിസ്ട്രിക്ക് സ്ഥിരമായി ഒരു അദ്ധ്യാപകന്‍ ഉണ്ടായിരുന്നില്ല, പലരെ പ്രിന്‍സി അങ്കിള്‍ മാറി മാറി പരീക്ഷിക്കും, അതുകൊണ്ട് ക്ലാസില്‍ ശ്രദ്ധിക്കുക എന്നതൊന്നും നടക്കുന്ന കാര്യം അല്ലാരുന്നു, അല്ലേലും മനസിനെ പലപലയിടങ്ങളില്‍ പറന്നു നടക്കാന്‍ വിട്ടിട്ട്, കണ്ണ് മിഴിച്ചു ക്ലാസില്‍ ഇരിക്കുക എന്നതാണല്ലോ സ്ഥിരം പരിപാടി.

അങ്ങനെഇരിക്കെ ഒരു ദിവസം, അന്നൊരു വ്യാഴാഴ്ച ആണോ എന്നെനിക്കറിയില്ല, എങ്കിലും ഒരിടിവെട്ടു ദിവസം ആയിരുന്നു. സതീഷ്‌ സാറിന്റെ ഫിസിക്സ് ക്ലാസ് നടക്കുന്നു. ഞാന്‍ സ്ഥിരമായി ശ്രദ്ധിച്ചു ഇരിക്കുന്ന ഒരേയൊരു ക്ലാസ്. ക്ലാസ് ഇന്സ്പെക്ഷന് വേണ്ടി പ്രിന്‍സി അങ്കിള്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു,ഒരു ചെയര്‍ എടുത്ത് ലാസ്റ്റ് ബെന്ച്ചുകളുടെ ഇടക്കിട്ട്, അവിടെ ഇരുന്നു. പ്രിന്‍സിയുടെ ഏറ്റവും അടുത്ത ബെഞ്ചില്‍ ഇരിക്കുന്നത് ഞാന്‍. സാറിന്റെ ക്ലാസ് ആയതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടില്ല, ഞാന്‍ വളരെ ഡീസന്റ് ആയി സാര്‍ പറയുന്ന കാര്യങ്ങളൊക്കെ റഫ് ബുക്കിലേക്ക് എഴുതിയെടുത്തുകൊണ്ടിരുന്നു.

ക്ലാസ് കഴിയാറായപ്പോ പ്രിന്‍സി "ഇവളെന്താ ഇത്ര മാത്രം എഴുതി പിടിപ്പിക്കുന്നെ" എന്ന മട്ടില്‍ എന്റെ ബുക്ക് വാങ്ങി. നോട്സ് ഒക്കെ കണ്ടു തൃപ്തിയായ അങ്കിള്‍ ബുക്ക് മറിച്ചു നോക്കി. ഞാന്‍ അത് ശ്രദ്ധിക്കുന്നേയില്ല, ഭയങ്കര കോണ്ഫി.
"എന്തുവാടോ ഇത് ??" പ്രിന്‍സി ഒരലര്‍ച്ച.. ഞാന്‍ ഞെട്ടി, ക്ലാസില്‍ ഉള്ളവരും ഞെട്ടി. സതീഷ്‌ സാര്‍ ഒന്നും മനസിലാവാത്തത് കൊണ്ട് കണ്ണുമിഴിച്ചു നിന്നു. എന്റെ നിഷ്കളങ്ക ഭാവം കണ്ടിട്ടായിരിക്കണം പ്രിന്‍സി കൈയിലിരുന്ന ബുക്ക് എന്റെ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞു.
"ആരോടോ ഇത്? ആരെക്കുരിച്ചാ താന്‍ ഈ എഴുതി വെച്ചിരിക്കുന്നത്?"
ഞാന്‍ എന്റെ മുന്നില്‍ തുറന്നു മലര്‍ന്നു കിടക്കുന്ന ബുക്കിലേക്ക് നോക്കി, ഒരു വശത്ത് കുറെ അധികം പാട്ടുകള്‍ ലിസ്റ്റു ചെയ്തു വെച്ചിട്ടുണ്ട്, റിക്കാര്‍ഡ് ചെയ്യാനുള്ളവ. മറു വശത്ത്, കഴിഞ്ഞ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വന്നു കെമിസ്ടി എടുത്തു ബോര്‍ അടിപ്പിച്ചു കൊന്ന മാഷടെ പടം!!! ഉറങ്ങി ഉറങ്ങി ബെഞ്ചില്‍ നിന്നും താഴെ വീഴും എന്നുള്ള അവസ്ഥയില്‍ ആയിരുന്നതുകൊണ്ട് വളരെ നന്നായി ടൈം എടുത്തു വരച്ചതാണ്. സതീഷ്‌ സാര്‍ ഓടി വന്നു, പടം കണ്ടപ്പോ സാറിനു സംഗതി പിടികിട്ടി, ചിരി വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ച് എന്റെയും പ്രിന്സിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

"എന്താണ് സതീഷ്‌ സാറേ ഈ കുട്ടിയെ ചെയ്യേണ്ടത്.. നന്നായി പഠിക്കേണ്ട സമയത്ത് കുട്ടികളുടെ മനസ്സില്‍ എന്തൊക്കെയാണെന്ന് കണ്ടില്ലേ."

"അത്, സാര്‍... പിന്നെ .." സതീഷ്‌ സാര്‍ നിന്നു പരുങ്ങി, സാറിന്റെ ക്ലാസില്‍ ശ്രധിക്കുന്നില്ലെന്നാണോ, പടം വരച്ചതിനാണോ.. എന്തിനാണ് പ്രിന്‍സി ചൂടാവുന്നത് എന്ന് മനസിലായില്ല. എനിക്കപ്പഴും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ല, ഞാന്‍ ക്ലാസില്‍ അലമ്പിയില്ലല്ലോ. കോണ്ഫി കോണ്ഫി..

" കണ്ടില്ലേ, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ എഴുതി വെച്ചിരിക്കുന്നു. ഇയാളെക്കുറിച്ച്.ഇപ്പഴത്തെ പിള്ളേര്‍ക്കൊക്കെ മൊട്ടേന്നു വിരിയുന്നതിനു മുന്നേ പ്രേമമാ.. ഇതാരാ? തന്റെ നാട്ടിലുള്ള ആളാണോ? കാമുകന്‍ ആണല്ലോ.. കാണാതെ ഇരിക്കാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ തനിക്കു ടിസി തന്നു വിടാം."

അപ്പോഴാണ്‌ സംഗതിയുടെ കൊടുംഫീകരത എനിക്ക് മനസിലാവുന്നത്. കെമിസ്ട്രി സാറിനെയും പ്രിന്സിക്ക് മനസിലായില്ല, ആകപ്പാടെ രണ്ടു ദിവസമേ അങ്ങേര് സ്കൂളില്‍ വന്നിടുള്ളൂ. പാട്ടുകളുടെ ലിസ്റ്റില്‍ "അരികില്‍ നീ" എന്ന പഴയ പാട്ടും ഉണ്ടായിരുന്നു. പക്ഷെ ഇത് രണ്ടും ഇങ്ങനെ കണക്റ്റ് ചെയ്യാം എന്ന് ഒരാളും വിചാരിച്ചില്ല.. പ്രിന്‍സി ഒഴികെ.

ഞാന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി. ന്യായീകരിക്കാന്‍ ചെന്നതിനു സതീഷ്‌ സാറിനു കണക്കിന് കിട്ടി. അവസാനം അത് റിക്കാര്‍ഡ് ചെയ്യാനുള്ള പാട്ടുകളാനെന്നും, പടം വെറുതെ കാരിക്കേച്ചര്‍ വരച്ചതാനെന്നും ക്ലാസിലെ നല്ല കുട്ടിയാണെന്നും ഒക്കെയുള്ള ടീച്ചര്‍മാരുടെ സര്ട്ടിഫികേഷന്‍ കൊണ്ട് അവസാനം പ്രിന്‍സി തണുത്തു. എങ്കിലും ഈ പാട്ട് എപ്പോ കേട്ടാലും മനസിനകത്ത് ഒരു ലടു പൊട്ടും. പിന്നീട് പ്രേമം അസ്ഥിക്ക് പിടിച്ച സമയത്തും ഈ പാട്ടുകൊണ്ട് ഞാന്‍ എന്റെ ചങ്ങാതിയെ ഓര്‍ത്തിട്ടില്ല. ഇപ്പോഴും ദാ..ചങ്ക് പെടക്കുന്നു. അരികില്‍ പ്രിന്‍സി ഉണ്ടായിരുന്നെങ്കില്‍....എന്റമ്മേ.

4 comments:

Bijo J Francis said...

Kalyanam aayappol commentsinte okke ennam kuranja pole
:D
:P
;)

pinne sthiram pallavi
i lov most of ur school stories...
:D

reshin said...

njaan annu absent aayirikkum.....

Anonymous said...

ഓ.. നീ ഒരു സംഭവം തന്നെ, പക്ഷ ഇതേ എനിക്കെ ഓര്മ വരുന്നില്ല... !!!!!

Riya Shaji said...

very nice, I also same experience during my degree classes. It was really funny, when teacher was taking classes in back bench doing some other things,

Post a Comment