Friday, December 3, 2010

ഒരു ദിവസം, ഒരു കഥ

ഒരിടത്ത് എക്സ് എന്ന് പേരുള്ള ഒരു ആണ്‍കുട്ടിയും വൈ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എക്സ് ഒരു വന്‍ സംഭവം/പ്രസ്ഥാനം ആയിരുന്നു. എക്സിന്റെ ജൂനിയര്‍ ആയിരുന്നു വൈ. രണ്ടു പേരും നാട്ടിലെ തന്ത്ര പ്രധാനമായ ഒരു എന്ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.

ഒരു ദിവസം, ക്ലാസ്സ്‌ കഴിഞ്ഞു വൈ അത്യാവശ്യം ലൈബ്രറി ഇടപാടുകള്‍ ഒക്കെ നടത്തി പുറത്തേക്കു വരുമ്പോള്‍, എക്സ് ലൈബ്രറിയുടെ വാതില്കല്‍ തന്നെ നില്പുണ്ട്. വൈ യെ നോക്കി എക്സ് മെല്ലെ ചിരിച്ചു. എക്സിനെ കണ്ടതും വൈയുടെ ഹൃദയമിടിപ്പ്‌ മെല്ലെ കൂടാന്‍ തുടങ്ങി. ഒരിക്കല്‍ പോലും പരസ്പരം സംസാരിചിട്ടില്ലെങ്കിലും എക്സിന്റെ കണ്ണുകള്‍ പലപ്പോഴും തനിക്കു നേരെ വരുന്നത് അവള്‍ കണ്ടിട്ടുണ്ട്. തിരിച്ചും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് ഇത്രയടുത്ത് എക്സ് നെ കണ്ടത്. റാഗ്ഗിംഗ് ന്റെ സമയത്ത് ക്ലാസ്സില്‍ വന്നു മാത്രം കണ്ടിട്ടുണ്ട്, അപ്പോഴൊന്നും എക്സ് തന്നോട ഒരക്ഷരം പോലും സംസാരിച്ചിരുന്നില്ല.

വൈ പോകാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഇന്നെങ്കിലും ഇവളോട് രണ്ടു വാക്ക് മിണ്ടണം എന്ന് കരുതിയതാണ്, പടച്ചോനെ ഈ ചങ്ക് പെടക്കുന്നത് നിക്കനില്ലല്ലാ.. എന്തായാലും കേറി മിണ്ടിക്കളയാം, എക്സ് തീരുമാനിച്ചു.

"എക്സ്ക്യൂസ് മി , ലൈബ്രറിയില്‍ വന്നതാണ്‌ അല്ലെ ??"

വൈ തിരിഞ്ഞു നോക്കി, പിന്നെ അല്ലാതെ ഇവിടെ ചുറ്റിക്കറങ്ങാന്‍ ഞമ്മള്‍ ആരാ, പിന്നെ ചെറുതായി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു "അതേ "

"എന്താ പേര് ?" , പാവത്താന്‍. ഒന്നുമറിയാത്ത കുഞ്ഞാട് . ഇത്ര കാലമായിട്റ്റ് ഇവളെ കണ്ടിട്ടും പേര് പോലും അറിയില്ലാതത്ര നിഷ്കളങ്കന്‍.

"വൈ " , അവള്‍ മെല്ലെ മൊഴിഞ്ഞു

"ഓ , നൈസ് നെയിം. ഇയ്യ് നമ്മുടെ യുണിയന്‍ ഡേ ക്ക് ഡാന്‍സ് ചെയ്ത കുട്ട്യല്ലേ ?"

"അതേ ", വൈ യുടെ മുഖം തെളിഞ്ഞു. അപ്പൊ എക്സ് തന്നെ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ട്.

"അല്ലാ, ഞാന്‍ വെറുതെ പരിചയപ്പെടാന്‍ വന്നതാ, നമ്മുടെ കോളേജില്‍ ഇങ്ങനെ ഒരു കുട്ടി ഉണ്ടായിട്ടു പരിചയപ്പെട്ടില്ലെങ്കില്‍ മോശല്ലേ ?" എക്സ് പറഞ്ഞു.

അല്ലാതെ എന്നോട് സംസാരിക്കാന്‍ വന്നതല്ല, അല്ലെ. ഹും, വൈ മെല്ലെ എക്സിന്റെ മുഖത്തേക്ക് നോക്കി. ആ ഭാവത്തിനു എന്ത് പേരാണ് പറയണ്ടത് എന്ന് അവള്‍ക്കു അപ്പോള്‍ മനസിലായില്ല. പക്ഷെ ഒരു കാര്യം മനസിലായി തന്നോട് സംസാരിക്കാന്‍ എക്സ് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സംസാരിക്കുമ്പോള്‍ കൈ വിറക്കുന്നു. അവള്‍ക്കു ചിരി വന്നു, പക്ഷെ തന്റെ ഹൃദയമിടിപ്പുകള്‍ അതിനെക്കാളും ഉറക്കെ കേള്‍ക്ക്ന്നുണ്ടോ എന്നും ആ സമയത്ത് അവള്‍ക്കു സംശയം തോന്നി.

ഇനി എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ എക്സ് ബുദ്ധിമുട്ടുകയാണ്. എക്സിനു വൈയുടെ മുഖത്തേക്കെ നോക്കാന്‍ പറ്റുന്നില്ല. അവസാനം പറഞ്ഞു, "ശരി , ഞാന്‍ പോട്ടെ ?"

എക്സ് വൈയുടെ കണ്ണിലേക്കു നോക്കി . വൈ ശരി എന്ന് മൊഴിഞ്ഞു. ആ നിമിഷം എക്സിനു അവിടെന്നു പോകേണ്ട എന്ന് തോന്നി. പക്ഷെ മെല്ലെ അവന്‍ ചോദിച്ചു, "എന്നേ അറിയാമോ "

ഒരു നിമിഷം , എന്തുത്തരം പറയണം എന്നോര്‍ത്ത് വൈ ശങ്കിച്ച് നിന്നു. പിന്നെ പറഞ്ഞു "അറിയാം "

എക്സ് ഞെട്ടി പോയി. അവളുടെ അടുത്ത് നിന്നും അങ്ങനെ ഒരുത്തരം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതത്തോടെ അവന്‍ ചോദിച്ചു "എങ്ങനെ അറിയാം ?? !!"

"അന്‍റെ റൂമില് ഇങ്ങളെ ക്ലാസിലെ കുട്ട്യോള് ഉണ്ട്. ഓര് പറഞ്ഞിക്കണ് " വൈ മൊഴിഞ്ഞു..

"എന്താ ഓര് പറഞ്ഞെ ??" എക്സിനു അത്ഭുതം.

"ഒന്നൂലാ, ഇങ്ങളെ വീട് വയനാടല്ലെനും? പ്രിയടെ കൂടാ വീട്ടില് പോയിനീന്നും.." അപ്പ അതാണ്‌ കാര്യം. വീട്ടില്‍ പോയപ്പോള്‍ ക്ലാസിലെ പ്രിയ കൂടെ ഉണ്ടായിരുന്നത് വരെ ഇവള്‍ ശ്രദ്ധിച്ചിരിക്കുന്നു. കൊള്ളാം.

"ഇല്ലാ, അന്ന് പ്രിയാടെ കൂടെ പോയതല്ല, എന്‍റെ റൂട്ടില്‍ ബസ് ഇല്ലാത്തതോണ്ട് പോയതാ. പ്രിയയും ആ ബസില്‍ ഉണ്ടായിരുന്നു എന്നെ ഉള്ളൂ, ഇറങ്ങിയപ്പോള്‍ ആണ് കണ്ടത്" എന്തിനാണ് ഇത്രയും എക്സ്പ്ലനേഷന്‍ കൊടുക്കുന്നത് എന്ന് എക്സിനു തന്നെയും മനസിലായില്ല. പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈയുടെ മുഖത്തുണ്ടായ പുഞ്ചിരിയുടെ അര്‍ഥവും അവനു മനസിലായില്ല. ഒരുകാര്യം വ്യക്തമായി, താന്‍ തീര്‍ച്ചയായും ഇവളെ ഇനിയും കാണും. കാണാതെ ഇരിക്കാന്‍ പറ്റില്ല.

"ശരി , ഞാന്‍ പോകട്ടെ.വീട്ടില്‍ പോകുന്നു. അവധി കഴിഞ്ഞു കാണാം" കാണില്ലേ എന്ന ചോദ്യം കണ്ണില്‍ നിറച്ചു അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.
"ഓക്കേ, പിന്നെ കാണാം " എന്ന മറുപടിയില്‍ , ഞാന്‍ കാത്തിരിക്കും എന്ന ഉത്തരം നിറച്ചു അവള്‍ അവനെ യാത്രയാക്കി.


-------------------------------------------------------------------------------------------

വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇന്നതൊക്കെ ഓര്‍ക്കാന്‍ നല്ല രസം.

1 comment:

sijo george said...

സത്യം പറയാലോ, എനിക്കൊന്നും മനസ്സിലായില്ല.. എന്റെ കുഴപ്പമാരിക്കും.. :(

Post a Comment