Thursday, March 22, 2012

കറുത്ത പ്രണയം

എന്റെ പ്രിയപ്പെട്ടവനെ....
ഈ കറുത്തിരുണ്ട പ്രണയത്താല്‍,
എന്റെ ഹൃദയം ഉരുകുകയാണ്.. ..
വെളിച്ചം കണ്ട പറന്നു വരുന്ന ഈയാം പാറ്റയെ പോലെ
നീയാകുന്ന ഇരുട്ടിനെ ഞാന്‍ പ്രണയിച്ചു മരിച്ചു വീഴുന്നു..
ഈ ജനല്‍ ക്കമ്പികളുടെ അപ്പുറത്തെ..
തണുത്ത ഇരുട്ടില്‍ നിന്നും
നിന്റെ കൂര്‍ത്ത നഖമുള്ള കൈകള്‍ നീട്ടി
എന്നേയൊന്നു നിന്നോട് ചേര്‍ത്തു നിര്‍ത്തൂ...
എന്റെ ജീവന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്‌,
ഞാന്‍ കൊതിക്കുന്ന
എന്റെ ആകാശ ഗോപുരത്തിലേക്ക്
എന്നേ കൊണ്ട് പോകൂ
യുഗങ്ങളായി , നീ എനിക്ക് വേണ്ടി കാത്തുവെച്ച
മണിയറയില്‍
എന്നെന്നേക്കുമായി എന്നേ ബന്ധിക്കൂ

ഓരോ നിമിഷവും, നിന്റെ വരവിനായി ഞാന്‍ വെമ്പുന്നു
കറുത്ത കുതിരകളെ പൂട്ടിയ
തീനാവുകള്‍ പറക്കുന്ന രഥത്തില്‍
നീ വരുന്നതും
എന്റെ വരണമാല്യം , കഴുത്തില്‍ മുറുകി എന്റെ ശ്വാസം നിലക്കുന്നതും
ആഴങ്ങളുടെ അഗാധതയിലേക്ക്‌
ഞാന്‍ താണു താണു പോകുന്നതും..
ഭാരമെതുമില്ലാതെ , ഞാന്‍ നിന്നിലേക്ക്‌ പറന്നെത്തുന്നതും
ഞാന്‍ കൊതിയോടെ കാത്തിരിക്കുന്നു..

എന്റെ പ്രിയനേ, നീ വേഗം വരിക
ഈ വിരഹത്താല്‍ ഞാന്‍ വെന്തുരുകുന്നു
ഈ ചൂട്, എന്റെ അസ്ഥികളെ പോലും ഉരുക്കി കളയുന്നു
ചൂളയില്‍ എന്നേ തനിച്ചാക്കാതെ, നീ വരിക
എന്നെയും നീയാക്കി മാറ്റുക

No comments:

Post a Comment