"നിന്റെ കണ്ണുകളുടെ നിഷ്കളങ്കത വളരെ വേഗം ചോര്‍ന്നു പോയി,നീ പ്രായത്തില്‍ കവിഞ്ഞ പക്വത കാണിക്കുന്നത്
കാണാന്‍ എനിക്ക് ഇടവരാതിരിക്കട്ടെ കുട്ടീ "
ഈ വാക്കുകള്‍ ഇപ്പോഴും എന്റെ കാതില്‍ മുഴങ്ങുന്നു. അന്ന് അതിന്റെ അര്‍ഥം മനസിലായില്ല, അല്ലെങ്കില്‍ വിപരീതാര്‍ത്ഥം മനസിലാക്കി. അല്ലെങ്കില്‍, എന്തിനു കുഞ്ഞുങ്ങള്‍ പ്രായത്തില്‍ കവിഞ്ഞ പക്വത കാട്ടുന്നതിനെ ഭയക്കുന്നു. എല്ലാവരും അത് ഒരു അഭിമാനമായി കാണുമ്പോള്‍ ??
ഞങ്ങളുടെ ആര്‍ട്ട് റൂം, എന്റെ കണ്ണുകള്‍ക്ക് മുന്നില്‍ നിറങ്ങളുടെ മോഹിപ്പിക്കുന്ന കൂട്ടം. ഒരുപാട് തരം നിറങ്ങള്‍ ,നാല് പാടും ഉള്ള ഭിത്തികളില്‍ കുട്ടികള്‍ വരച്ച അപൂര്‍ണ്ണമായ, (പൂര്‍ത്തിയാക്കാന്‍ അവര്‍ക്ക് അറിയാത്തത് കൊണ്ടാവാം), ചിത്രങ്ങള്‍. അങ്ങിങ്ങ് അത്ഭുതപ്പെടുത്തുന്ന പൂര്‍ണ്ണതയില്‍ വരച്ചു വെച്ച ചിത്രങ്ങള്‍, അതിന്റെ അടിയില്‍ "aaro oraal " എന്ന് കോറിയിട്ടിട്ടുണ്ടായിരുന്നു. ആര്‍ട്ട് റൂമിനുള്ളില്‍ തന്നെയുള്ള സ്റ്റുഡിയോ റൂമില്‍ നിന്ന് ഒരു മൂളിപ്പാട്ട് , ചെന്ന് നോക്കുമ്പോള്‍ അവിടെ" ആരോ ഒരാള്‍ " ഊശാന്താടിയും മുഷിഞ്ഞ കുപ്പായവും ഇല്ലാത്ത ഒരു ചിത്രകാരന്‍.
ആര്‍ക്കും എപ്പോഴും കടന്നു ചെല്ലാവുന്ന ആര്‍ട്ട് റൂം , കുഞ്ഞുങ്ങളുടെ സ്വാതന്ത്രത്തിനു വിട്ടു കൊടുത്തിരിക്കുന്ന നിറങ്ങള്‍ ബ്രഷുകള്‍, "ആരോ ഒരാള്‍"ക്ക് കിട്ടുന്ന ശമ്പളതിലേരെയും അതിനാണ് ചെലവാക്കുന്നത്. എന്ത് കൊണ്ട് കുട്ടികള്‍ക്ക് ആര്‍ട്ട് വര്‍ക്കിനു വേണ്ട സാമഗ്രികള്‍ സ്വയം കൊണ്ട് വന്നു കൂടാ , എന്ന മാനേജ്‌മന്റ് ഇന്റെ ചോദ്യത്തിന് , "അത് എന്റെ ഇഷ്ടം " എന്ന് ധിക്കാരപരമായി പറഞ്ഞു അവരുടെ കണ്ണിലെ കരടായി മാറിയ "ആരോ ഒരാള്‍ " !!
കുഞ്ഞുങ്ങളുടെ കണ്ണിലൂടെ നിഷ്കളങ്കത ചോര്‍ന്നു പോകുന്നത് കണ്ടു വേവലാതി പെട്ട അദ്ധ്യാപകന്‍. ഒരു വാട്ടര്‍ കളര്‍ പെയിന്റിങ്ങിലെ മനോഹരമായ പ്രക്രുതിദൃശ്യത്തെ നോക്കി അത്ഭുതം കൂറി നിന്ന എന്നോട്, "അത് എന്റെ വീടാണ്" എന്ന് പറഞ്ഞു. ഞാനത് വിശ്വസിച്ചു, ആ മനോഹര സ്ഥലത്ത് താമസിക്കാന്‍ കിട്ടിയ സാറിന്റെ ഭാഗ്യത്തെ കുറിച്ച് അപ്പോള്‍ തന്നെ അഭിപ്രായപ്പെട്ടു. എന്റെ മുഖത്ത് നിന്ന് കണ്ണെടുക്കാതെ അദ്ദേഹം പറഞ്ഞു "ഇങ്ങനെ പറഞ്ഞാല്‍ അവിശ്വസിക്കാന്‍ നീ വൈകാതെ തുടങ്ങും " , സാര്‍ എന്നെ പറ്റിച്ചു എന്ന് ഞാന്‍ കരുതി. സാര്‍ അന്ന് ഉദ്ദേശിച്ചത് എന്തെന്ന് എനിക്ക് മനസിലായില്ല, കാരണം എന്റെ നിഷ്കളങ്കത അന്ന് ബാകി ഉണ്ടായിരുന്നു.
ഒരു വലിയ വാട്ടര്‍ കളര്‍ പേപ്പറിന് മീതെ ഇരുന്നു അതില്‍ പലതരം ബ്രഷുകള്‍ കൊണ്ട് കോറിവരച്ചു കൊണ്ടിരുന്ന (അതിനെ ചിത്രമെന്ന് സാര്‍ മാത്രമേ വിളിക്കൂ) ഞങ്ങളോട് തന്റെ സ്വപ്നത്തില്‍ തനിക്കു ഒരു മകള്‍ ഉണ്ടെന്നും, അവളെ താന്‍ വര്‍ഷ എന്ന് വിളിക്കുമെന്നും, വര്‍ഷ എന്നാല്‍ മഴയാനെന്നും , എനിക്ക് പറഞ്ഞു തന്ന, ദിവസം ഒരിക്കലെങ്കിലും സാര്‍ എന്നെ വര്‍ഷ എന്ന് വിളിച്ചിരുന്നെങ്കില്‍ എന്ന് ഒരു നിമിഷം ഞാനാഗ്രഹിച്ചു, എന്ത് കൊണ്ട് അങ്ങനെ തോന്നി എന്ന് ഇന്നും എനിക്ക് അറിഞ്ഞൂടാ.
എട്ടാം ക്ലാസ്സിന്റെ അവസാനം, എന്റെ കൂട്ടുകാരിക്ക് സാര്‍ സമ്മാനമായി നല്‍കിയ പുസ്തകത്തില്‍, സാര്‍ എഴുതിയ ആശംസാ വാചകം ഒരു യാത്ര പറച്ചില്‍ ആണെന്ന് ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. വര്‍ഷങ്ങള്‍ക്കു ശേഷം, സ്കൂളിലെ പഴയ റിക്കാര്‍ഡുകള്‍ തപ്പി സാര്നിന്റെ അഡ്രസ് കണ്ടു പിടിച്ചു എഴുതിയ കത്തിന് മാസങ്ങള്‍ക്ക് ശേഷം ലഭിച്ച മറുപടിയില്‍, ഞങ്ങള്‍ ഓരോരുത്തരുടെയും വിവരങ്ങള്‍ പേര് പറഞ്ഞു അന്വേഷിച്ചു, അന്നത്തെ ഞങ്ങളുടെ കുട്ടിക്കളികള്‍ എല്ലാം അക്കമിട്ടു നിരത്തിയിരുന്നു.. ഞങ്ങള്‍ ഓരോരുത്തരുടെയും കുട്ടിത്തത്തെ ഒരുപാട് സ്നേഹിച്ചിരുന്ന "അബ്ബാജാന്‍" , ആ എഴുത്തിനോടുക്കവും, തന്റെ പെരെഴുതെണ്ടിടത് "ആരോ ഒരാള്‍" എന്ന് എഴുതിയിട്ടിരുന്നു.
No comments:
Post a Comment