Friday, November 19, 2010

എഗ്മോര്‍ എക്സ്പ്രെസ്സ് കഥ

സ്റ്റഡി ലീവ് ഞാന്‍ കേമമായി ആഘോഷിക്കുന്നു എന്ന് മനസിലാക്കിയപ്പോ പിതാശ്രീ എന്നോട് കെട്ടും ഭാണ്ടവും എടുത്തു വിട്ടോളാന്‍ പറഞ്ഞു. ചിണുങ്ങി നോക്കിയിട്ടും "ഓ അവിടിപ്പോ പോയാലും ഞാന്‍ പഠിച്ചത് തന്നെ " എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും വെല്യ കാര്യം ഒന്നും ഉണ്ടായില്ല. അങ്ങനെ ഞാന്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പുതിയ സിനിമകളെ ഒക്കെ മനസ്സില്‍ ധ്യാനിച് വീട്ടില്‍ നിന്നും വണ്ടി വിട്ടു.

രാവിലെ ഒന്‍പതു മണിക്ക് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ, ഇനി ഒമ്പതേ മുക്കാലിന്റെ എഗ്മോര്‍ , പത്തിന് നേത്രാവതി , പത്തേകാലിനു ഏറനാട് എന്നിങ്ങനെ അരുളപ്പാടുണ്ടായി. ഞാന്‍ ടിക്കറ്റും എടുത്ത്, എന്‍റെ പാദ സ്പര്‍ശനതാല്‍ അനുഗ്രഹീതമാകാന്‍ പോകുന്ന എഗ്മോര്‍ എക്സ്പ്രെസ്സിനു കാത്തിരുന്നു. എന്തായാലും ഷോര്‍ണൂര്‍ എത്തുമ്പോള്‍ മാറി കേറണം, ജെനറല്‍ കംപാര്ടുമെന്റില്‍ സൂചി കുത്താന്‍ സ്ഥലം ഇല്ലാത്ത തിരക്ക്. അതുകൊണ്ട് ഞാന്‍ റിസര്‍വേഷനില്‍ കയറി , ഇഷ്ടം പോലെ സ്ഥലം. ഞാന്‍ ഒരു സിംഗിള്‍ സീറ്റില്‍ ഇരുന്നു. ഇന്ത്യന്‍ റയില്‍വേ ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട്, ഞാന്‍ മുന്നിലത്തെ സീറ്റില്‍ കാലൊക്കെ എടുത്ത് വെച്ച് , പാട്ടൊക്കെ ചെവിയില്‍ തിരുകി, വിശാലമായി ഇരുന്നു.

കോഴിക്കോട് എത്തിയപ്പോ ഞാന്‍ നല്ല ഉറക്കം, എന്‍റെ പാദ പീഠമായ സീറ്റില്‍ ആരാണ്ടോ മുട്ടുന്നത് കേട്ട് ഞാന്‍ ഞെട്ടി എണീറ്റു, നേരെ ഇരുന്നു. ഒരു പത്തു മുപ്പതു വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍. എന്തൊക്കെയോ ബോംബ്‌ പൊട്ടുന്ന പടം ഒക്കെ ഉള്ള ഒരു ടി ഷര്‍ട്ട്, മള്‍ടി കളര്‍ വാച്ച് , തൊപ്പി, വെള്ള ബെല്‍റ്റ്‌, ചങ്ങല അങ്ങനെ അങ്ങനെ "സര്‍വാഭരണ വിഭൂഷിതന്‍"

"ഇരിക്കുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ?"

എനിക്കെന്തു കുഴപ്പം. എന്‍റെ അപ്പന്‍ കൊണ്ട് പിടിപ്പിച്ച കസേര അല്ലല്ലോ, എന്‍റെ മറുപടി ഒന്നും വേണ്ട, പുള്ളി അവിടെ ഇരുന്നു. പുള്ളിയുടെ കൈയില്‍ രണ്ടു പുസ്തകങ്ങള്‍, "വീട്ടില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍" മറ്റേത് "കൈരേഖാ ശാസ്ത്രം" . രണ്ടും ട്രെയിനില്‍ പത്തു രൂപയ്ക്കു വാങ്ങാന്‍ കിട്ടുന്നത്. ഞാന്‍ പുറത്തേക്കു നോക്കി , ചിരി മനസ്സില്‍ അടക്കി പിടിച്ചു ഇരുന്നു. പണ്ടൊരിക്കല്‍ ഒരു ചെങ്ങായി എന്‍റെ കൈ നോക്കി, "പ്രീഡിഗ്രി കഴിയുന്നതിനു മുന്നേ കല്യാണം കഴിക്കും, ഗള്‍ഫില്‍ പോകും " എന്നൊക്കെ പറഞ്ഞ് ഇപ്പൊ പ്രീഡിഗ്രി കഴിഞ്ഞു വര്‍ഷം എത്രയായി? ചങ്ങായി ഇത് വല്ലോം അറിയുന്നുണ്ടോ ?

"സംസാരിക്കുനത് കൊണ്ട് പ്രശ്നം ഇല്ലല്ലോ അല്ലെ ? അല്ലെങ്കില്‍ വായിക്കാന്‍ ബുക്ക് വേണോ?"

'വായ്‌ പൂട്ടി വെച്ചോണം' എന്ന ഭാവം മുഖത്ത് വരുത്തി ഞാന്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കി, വാ തുറന്നു അങ്ങനെ അയാളോട് പറയാതെ ഇരുന്നത് എന്‍റെ തെറ്റ്. ഒന്നുകില്‍ പുള്ളി പറയുന്നത് കേള്‍ക്കണം, അല്ലെങ്കില്‍ പുള്ളി തരാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ ഞാന്‍ വായിക്കണം. ഇങ്ങനത്തെ എന്‍റെ വിധി എന്‍റെ കൈ നോക്കിയാ ചങ്ങായി പറഞ്ഞില്ലല്ലോ എന്‍റെ കര്‍ത്താവേ.

"എന്‍റെ പേര് ജംശീദ്, വീട് തിരൂരാ. തിരൂരെന്നു വെച്ചാ പ്രോപെര്‍ തിരൂര്‍ അല്ല, ഉള്ലോട്ടെക്കാ.. ഇപ്പൊ കൊയമ്പതൂരിലിക്ക് പോക്കാ, ആട എം ബി എ ചെയ്യുന്നാ. ഇപ്പൊ തേര്‍ഡ് സെമെസ്റെര്‍ ആയി. പെരുന്നാളിന് വീട്ടില്‍ വന്നതാ. തിരിച്ചു പോരുമ്പോ ഉമ്മാനെ വിട്ടിട്റ്റ്‌ പോരാന്‍ പറ്റണില്ല. ഒരു വിഷമം, ഇനിക്കറിയില്ലേ?"

എന്നെ കേറി "നീ" എന്ന് വിളിക്കുന്നോ? ഇവനാരെടാ. ഞാന്‍ പൂര്‍വാധികം താല്പര്യക്കേട്‌ മുഖത്ത് വരുത്തി പുറത്തേക്കു നോക്കി ഇരുന്നു. പുള്ളി നിര്‍ത്താന്‍ ഭാവമില്ല.

"പ്രൊജക്റ്റ്‌ ഒക്കെ കഴിഞ്ഞു, ഒക്കെ നല്ല രസാര്ന്നു. ഫേക്ക് പ്രൊജക്റ്റ്‌ ആണ് വെച്ചത്, അത് ഇവാലുവേറ്റരിനും അറിയാം. ഞാന്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിച്ചത് കൊണ്ട് കുക്കിംഗ്‌ ഒക്കെ നന്നായി അറിയാം, നിനക്കെങ്ങനെയാ കുക്കിംഗ്‌ അറിയുമോ? "

ഞാന്‍ ചുറ്റും നോക്കി, എനിക്ക് മാറി ഇരിക്കാന്‍ വേറെ സീറ്റ് ഒന്നും ഇല്ല, തൊട്ടപ്പുറത്തെ സീറ്റില്‍ ഒരു അപ്പാപ്പനും അമ്മാമ്മയും ഉണ്ട്, അവര്‍ എന്നോട് ഇടക്കിടക്ക് "പട്ടാമ്പി എത്തിയോ " എന്ന് ചോദിക്കുന്നതോഴിച്ചാല്‍ ആരും എന്നെ ശ്രദ്ധിക്കുന്നുമില്ല.

"വീടെവിടെയാ ?"
"കണ്ണൂര്‍" ഞാന്‍ ശബ്ദിച്ചു.

"ഞാന്‍ ഹൈ സ്കൂള്‍ പഠിച്ചത് ആടെയാ, അപ്പൊ ഒക്കെ എല്ലാ കലകളും ഒക്കെ കൈയില്‍ ഉണ്ടായിരുന്നു. അറിയോ ഞാന്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. എസ ജാനകി യെ ഒക്കെ നന്നായി അനുകരിക്കും. യുവജനോല്സവതിനൊക്കെ സമ്മാനം ഒക്കെ കിട്ടീട്ടിന്ട്‌. ഒരു നമ്പര്‍ കേള്‍കണോ... " എന്നിട്ട് സ്ത്രീ ശബ്ദത്തില്‍ "കജ്റ മോഹോബത് വാല " പാടാന്‍ തുടങ്ങി

എന്റീശോയേ, ഞാന്‍ എന്ത് ചെയ്യുവോ? ഞാന്‍ കണ്ണും മിഴിച് അയാളെ നോക്കി. ഇങ്ങേര്‍ക്ക് എന്തിന്‍റെ അസുഖം ആണ്? എണീറ്റ് പോയാലും പുറകെ വരുമോ ? ആരേലും ഒന്ന് എന്നെ വിളിച്ചിരുന്നെങ്കില്‍, ആരേലും എന്നെ ഫോണിലെങ്കിലും വിളിച്ചിരുന്നെങ്കില്‍. ഞാന്‍ പിന്നെയും പുറത്തേക്കു നോക്കി ഇരുന്നു.

"ബോര്‍ അടിക്കുന്നെങ്കില്‍ പറയണേ.." ജംശീദ് നിര്‍ത്തുന്നില്ല. "നീ എന്താ ചെയ്യുന്നേ ?"

"ഞാന്‍ ഒരു ലെക്ച്ചറര്‍ ആണ് " അവാര്‍ഡ്‌ സിനിമ പോലെ, ഒരുപാട് സമയം എടുത്ത് മറുപടി കൊടുത്തു.

അതാ വരുന്നു അടുത്ത കഥ "നിനക്കറിയോ എന്‍റെ ഉമ്മാക്ക് എന്നെ ഒരു മാഷാക്കനെന്ന പൂതി. എന്നും അടുത്ത് കണ്ടോണ്ട് ഇരിക്കാലോ . അതിനും മേണ്ടി എന്നെ മലയാളം ബി എ ക്ക് ചേര്‍ത് . ആട ഒരു കൊല്ലം പഠിച്, പിന്നെ നിര്‍ത്തി .. പിന്നെ ഞാന്‍ അനിയന്‍റെ കൂടെ കോണ്ട്രാക്റ്റ് പണിക്കു പോയി. റിസള്‍ട്ട്‌ നോക്കീല. രണ്ടു കൊള്ളാം കയിഞ്ഞാണ് റിസള്‍ട്ട്‌ എന്താണെന്നു നോക്കീത്. പാസ്സായിനും !!!"

"ഗുഡ് ഗുഡ് " ഞാന്‍ വെയിറ്റ് ഇട്ടു. എങ്കിലും ചങ്ങായിയുടെ പേച്ചു കേള്‍കാന്‍ വയ്യാതെ പുറത്തേക്കു തുറിച്ചു നോക്കി പുറകോട്ടു ഓടുന്ന മരങ്ങളെ പേടിപ്പിച്ചു.

"അത്ര ഗുഡ് ഒന്നുമല്ല, എന്റെ ജീവിതം തകര്‍ത്തത് ആ ഒരൊറ്റ കൊല്ലാ, എനിക്ക് ഓര്‍ക്കാനേ വയ്യ, എന്താന്നറിയോ ലവ് ഫയില്യര്‍ !! നിനക്ക് ലവ് ഫയില്യര്‍ ഉണ്ടാ ?? " പുള്ളിയുടെ ശബ്ദം കഠിനമായി, ഉത്തരം പറഞ്ഞെ മതിയാകൂ. എനിക്ക് പേടിയായി തുടങ്ങി. ഇയാള്‍ എന്ത് ടൈപ്പ് ആണെന്ന് അറിയില്ലല്ലോ. പേടി പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു,
"ഓ ഇല്ല , ലവ് ഒക്കെ ഫെയില്‍ ആകാന്‍ പരീക്ഷ ഒന്നും അല്ലല്ലോ "

ജംശീദ് അവന്റെ കദന കഥ എന്നോട് പറയാന്‍ തുടങ്ങി, മലപ്പുറം സ്ലാന്ഗ് പരിഷ്കരിക്കാന്‍ ശ്രെമിച്ച ഒരു ഭാഷയില്‍
"ഓളെ വെല്ല്യ കാര്യമാര്‍ന്നു, ഓളുക്കും അങ്ങനന്നെ ആരുന്നു. അല്ലാന്ന് ഓള് പറയൂല. ദിവസോം എന്റെ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കിട്ടാതെ ഓള് വീട്ടില് പോകൂലെര്‍ന്നു. എന്നോട് ഫോണില് മിണ്ടുമ്പോഴും ഓള്‍ക്ക് വീട്ടില് ആലോചന വരുന്നത് ഞാന്‍ അറിഞ്ഞില്ല . വീട്ടില് കല്യാണോം ഒറപ്പിച്ചു ഓള്‍ ഓന്റെ കൂടെയും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഓന്‍ ഗള്‍ഫുകാരന്‍, ഞാന്‍ അത്രേം എത്തുവ. പെന്കുട്ടിയാള് ഇപ്പോഴും ഇങ്ങനെ ഒക്കെയാ "

എനിക്ക് ചിരി വന്നു തുടങ്ങി. ഇതിന്റിടക്ക് ഞാന്‍ എത്ര വട്ടം വാച്ച് നോക്കി എന്നറിയില്ല. ഷോര്‍ണൂര്‍ എന്നത് ഇത്രക്കും ദൂരെ ആണോ എന്റെ ദൈവമേ. അതോ ട്രെയിന്‍ വളരെ പതുക്കെ ആണോ പോകുന്നത്.

"ഓള കൂട്ടുകാരിയാണ്‌ എന്നോട് ഈ കാര്യം എല്ലാം പറഞ്ഞത്. എനിക്കെന്തു വിഷമം ആയിന്നറിയാ, ഞാന്‍ ഓളെ ഒന്നു പേടിപ്പിക്കണം എന്ന് വിജാരിച് , ഓള കോളേജില്‍ നടുക്ക പിടിച്ചു നിര്‍ത്തി , ഒളില്ലാണ്ടേ എനിക്ക് ജീവിക്കാന്‍ വയ്യ എന്നൊക്കെ പറഞ്ഞ്. ഓള്‍ട മുഖത്ത് ഒരു കള്ളച്ചിരി , അത് കണ്ടതും ഞാന്‍ എന്റെ കൈയില്‍ വെച്ചിരുന്ന ബ്ലേഡ് എടുത്ത് കൈതണ്ടക്ക് വരഞ്ഞു."

കഥ സസ്പെന്സിലെക്ക് നീങ്ങി തുടങ്ങിയതിനാല്‍ ആയിരിക്കണം , ഞാന്‍ ജമ്ശീദിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി, പുള്ളി നല്ല എഫ്ഫെക്ട്ടും ബാക്ക് ഗ്രൌണ്ട് സൌണ്ടും ഒക്കെ ഇട്ടാണ് കഥ പറയുന്നത്. അവന്റെ വേദന ഈ ലോകത്ത് ഞാന്‍ മാത്രേ തിരിച്ചറിയുന്നുള്ളൂ എന്നാ ഭാവത്തില്‍ . ചെങ്ങായിയുടെ കണ്ട്രോള്‍ പോകല്ലേ കര്‍ത്താവേ. ഈ കുഞ്ഞാടിനെ രക്ഷിക്കാന്‍ ആരുമില്ല.

"നീ പേടിച്ചു പോയി അല്ലെ? ഞാന്‍ മരിക്കുക ഒന്നും ഇല്ലെന്നു എനിക്കറിയാര്‍ന്നു. അവളെ ഒന്നു പേടിപ്പിക്കണം എന്നേ ഞാന്‍ വിജാരിച്ചുള്ളൂ . പക്ഷെ ആദ്യം മുറിച്ചപ്പോ ചോര വന്നില്ല, വെള്ള കണ്ടപ്പോ ഞാന്‍ ആഞ്ഞൊന്നു വരഞ്ഞു . അതു നല്ല ആഴത്തില്‍ വീണു പോയി. നിനക്ക് കാണണാ ?? " ചെങ്ങായി വേഗം കൈത്തണ്ടയിലെ മുറിവുണങ്ങിയ പാട് കാണിച്ചു തന്നു. രണ്ടു മൂന്നു തുന്നിക്കെട്ടലിന്റെയും പാടുകള്‍ ഉണ്ട് അതില്‍

ഞാന്‍ ജമ്ശീദിനെ അനുഭാവ പൂര്‍വ്വം നോക്കി. പാവം, അങ്ങനെയാരിക്കും ചെലപ്പോ മനസിന്റെ കണ്ട്രോള്‍ പോയത്. വയലന്റ് ആകാതെ ഇരുന്നാല്‍ മതിയാരുന്നു. വണ്ടി പട്ടാമ്പി ഒക്കെ നേരത്തെ കഴിഞ്ഞിരുന്നു. പക്ഷെ നമ്മുടെ ചെങ്ങായിക്കു കഥ അവസാനിപ്പിക്കാന്‍ വിചാരമില്ല.

"ഓള്‍ ഇപ്പൊ കെട്ട്യോന്റെ കൂടെ സുഖായി ജീവിക്കുന്നു. പക്ഷെ എനിക്ക് നാട്ടില്‍ നിക്കാന്‍ പറ്റണ്ടേ, ഒരു പെണ്ണിന് വേണ്ടി കൈ മുറിച്ചതിന്റെ ചീത്തപ്പേര് കൂടി, എനിക്കിനി ആടന്ന് ഒരു പെണ്ണ് കിട്ടുവാ "

എനിക്ക് ഇത്രേം സഹന ശക്തിയെ ഉള്ളൂ, അത്ര നേരം അടക്കി പിടിച്ചതെല്ലാം കൂടെ ഒരു പൊട്ടിച്ചിരിയായി പുറത്തേക്ക് വന്നു. അല്ലേലും എന്റെ കാര്യം ഇങ്ങനെയാണ്, എവിടെ എങ്ങനെ രേസ്പോണ്ട് ചെയ്യണം എന്ന് മറന്നു പോകും. ഞാന്‍ ചിരിച്ചത് തീര്‍ച്ചയായും ചെങ്ങായിക്കു വിഷമം ആയിക്കാണും. എന്തായാലും ഷോര്‍ണൂര്‍ എത്തി, ഞാന്‍ മെല്ലെ സ്കൂട്ട് ആയേക്കാം.

"ചിരിച്ചോ ചിരിച്ചോ, സ്വന്തം കാര്യം വരുമ്പോഴേ എല്ലാര്‍ക്കും മനസിലാവൂ. പ്രണയം എപ്പോഴും അങ്ങനെയാണ്. എത്ര വേദനിച്ചാലും പ്രണയിക്കണം എന്ന് തോന്നും . ഹോ, കണ്ടോ ഞാന്‍ ഒരു വര്‍ഷമാണെങ്കിലും ബിയെ മലയാളം പടിച്ചതോണ്ടാ ഇങ്ങനെ ഒക്കെ പറയുന്നേ"

ഇനി ഫിലോസഫി കൂടെ എനിക്ക് താങ്ങാന്‍ വയ്യ. ഞാന്‍ വേഗം ബാഗ് ഒക്കെ എടുത്തു ഇറങ്ങാന്‍ റെഡി ആയി.

"ഇറങ്ങാരായോ, ഞാന്‍ ഇന്നെ ബോര്‍ അടിപ്പിചില്ലല്ലോ അല്ലെ, എനിക്ക് എപ്പോഴും അങ്ങനെയാ, വേഗം സുഹൃത്തുക്കളെ ഉണ്ടാക്കും. നമുക്ക് ഇനിയും കോണ്ടാക്റ്റ് ചെയ്യാം, ഞാന്‍ കുക്കിംഗ്‌ ഒക്കെ പഠിപ്പിക്കാം ഫോണ്‍ ഉണ്ടോ??"

എന്നെ ആരും അത്രേം നേരം ഫോണ്‍ വിളിക്കാതെ ഇരുന്നതിനു ഞാന്‍ ദൈവത്തോട് മനസാ നന്ദി പറഞ്ഞു "ഇല്ല, കേടായി പോയി. "

"ഓര്‍ക്കുട്ട് ഐ ഡി ഉണ്ടോ "
"ഇപ്പൊ ഇല്ല , ഡിലീറ്റ് ചെയ്തു "
"ഫയ്സ്ബുക് ??"
"ഇല്ല "

ഭാഗ്യത്തിന് ഞാന്‍ എന്റെ പേര് പറഞ്ഞു കൊടുത്തില്ല. ഇനി പോയി അന്വേഷിച്ചാലും ആന്‍ എന്നാ പേരില്‍ നോക്കട്ടെ. അല്ലാതെ എന്ത് ചെയ്യാനാ.
ഞാന്‍ വേഗം ബാഗും എടുത്ത്, തിരിഞ്ഞു നോക്കാതെ , മിണ്ടാതെ ഉരിയാടാതെ, ചാടി ഇറങ്ങി അവിടെ കാത്തു കിടക്കുന്ന വേണാട് എക്സ്പ്രെസ്സില്‍ കയറി. എഗ്മോര്‍ ഷോര്‍ണൂര്‍ ജങ്ക്ഷന്‍ വിട്ടു പോയിട്ടേ ഞാന്‍ ശ്വാസം വിട്ടുള്ളൂ.

4 comments:

Unknown said...

തകര്‍പ്പന്‍ . ജംശീദ് കീ ജയ്‌ !!!

Binoy said...

അടിപൊളി ...

Unknown said...

kollam , saadharan nere thirichalle sambhavikkuka
;)

Unknown said...

oru basheer story vayicha sukhm....shibin chandra editor

Post a Comment