Monday, October 12, 2020
മറക്കാൻ മാത്രമായൊരു പ്രണയത്തെ ഓർമിക്കുമ്പോൾ
നിനക്കെന്ന പോലെ ഞാൻ എനിക്കയച്ച കത്തിലൊന്ന്
നിനക്ക് അയക്കാതിരുന്ന കത്തുകളിൽ ഒന്നിൽ,
മരുഭൂമിയിലും ചൂടുള്ള വെയിൽ കഷ്ണങ്ങൾ തിരഞ്ഞു നടക്കേണ്ടി വരുന്നതിനെക്കുറിച്ച് ഞാൻ എഴുതിയിരുന്നു.
ഒരു മരച്ചുവട്ടിൽ, ഒറ്റച്ചില്ല മാത്രം കണ്ടുകൊണ്ട് , ഒരു പകൽ മുഴുവൻ കിടന്ന ഒരു ദിവസം.
പക്ഷികൾ ഉപേക്ഷിക്കുന്ന ഭാരമാണ് മരച്ചില്ലകൾ എന്നതാരുന്നോ അതിനടുത്ത വരി?
കൈ നീട്ടിയാലും
തീപ്പൊള്ളുമെന്നോർത്ത്
ആരും വിരൽ പിടിക്കാത്തൊരു
വെയിൽ കഷ്ണം
എന്നൊരു വരി
എന്നെക്കുറിച്ച്
അതിനടുത്തതായ്
ഞാനപ്പോൾ
നിന്നോട് പറഞ്ഞിരുന്നോ?
ഓർക്കുന്നില്ല.
എല്ലാ കത്തുകളും നിനക്ക് എഴുതിയതായിരുന്നു എന്നോർക്കുന്നു.
അതിലൊന്നുപോലും നിനക്ക് അയച്ചിരുന്നില്ല എന്നും.
ഇവിടെ തണുപ്പ് കാലം വരുന്നു.
സുഖമുള്ള പകലുകൾ.
വിയർക്കാത്ത അടുക്കളപ്പണികൾ.
അതിലപ്പുറം ഈ വർഷം ഒന്നുമുണ്ടാവില്ല. മരച്ചുവടുകളോ, സമുദ്രതീരങ്ങളോ, നഗരത്തിരക്കുകളോ ഒന്നും; സുഖമുള്ള വെയിലിനൊപ്പമുള്ള ചുറ്റിക്കറക്കങ്ങളും.
മാർച്ചിലെ രണ്ടാമത്തെ ആഴ്ച മുതൽ ഇന്നലെ വരെ ഞാൻ വെയിലിനെത്തൊട്ട ബാൽക്കണിച്ചതുരം സൂര്യോദയങ്ങളുടെ കോണളവുകൾക്ക് പുറത്തായിക്കഴിഞ്ഞിരിക്കുന്നു.
വെയിൽ വീഴാത്ത വീട്ടുമുറ്റമെന്ന സങ്കടം എന്നിൽ പൊട്ടിപ്പടരുന്നു.
അപ്പോഴാണ് ഞാൻ അതോർത്തത്, നീ എന്നെ കടന്നു പോകാറുള്ള വഴികൾ.
തിളക്കമുള്ള പ്രഭാതങ്ങൾക്ക് പകരം ഇനിയുണ്ടാവുക ഓറഞ്ചു വെയിൽ വീഴുന്ന വൈകുന്നേരങ്ങളാണ്.
മുറിയിലേക്ക് പരന്നൊഴുകുന്ന വെളിച്ചം.
നിഴലുകൾ.
ഈ ഓറഞ്ച് വെളിച്ചം, എന്റെ മുറികൾക്ക് നേരെ എതിർ ദിശയിലെ വീടുകളിലെ കണ്ണാടികൾ, സൂര്യനെ പ്രതിഫലിപ്പിക്കുന്നതാണ്.
ഇന്നുവരെ സൂര്യന്റെ നിറവും നിഴലുകളും മാത്രം തരുന്ന ആ വെയിലിനെ വിളിക്കേണ്ടത് എന്തെന്ന് അറിയുമായിരുന്നില്ല. ഇന്ന് അതിന് ചേരുന്ന ഒരു പുതിയ പേര് ഞാൻ പഠിച്ചെടുത്തിരിക്കുന്നു :
വിർച്വൽ ഹഗ്‌സ് ...
നിനക്കും എന്റെ വിർച്വൽ ഹഗ്‌സ്..
അയക്കാതെ സൂക്ഷിച്ചു വെച്ച,
സ്നേഹത്തിന്റെ പതിനായിരം വാചകങ്ങൾ എഴുതി നിറച്ച,
ആ കത്തുകൾ പോലെ ..
(this directly connects to my feelings for you, but not written by me)
Friday, November 30, 2018
ഞാൻ മരിക്കുമ്പോൾ
ഞാൻ മരിക്കുമ്പോൾ
എന്റെ അരികത്തു വരരുത്
എന്റെ ശവ ശരീരത്തിന് അവകാശം പറയരുത്
എനിക്കു വേണ്ടി പ്രാര്ഥിക്കരുത്
ഒരു പൂപോലും എന്റെ ദേഹത്തു വെക്കരുത്
എന്റെ താടി കെട്ടി വെക്കരുത്
വാ പിളർന്നു സ്വതന്ത്രമായി ഞാൻ ഉറങ്ങട്ടെ
എന്റെ സ്വാതന്ത്രം നിനക്കെന്നും വികൃതമായിരുന്നല്ലോ
നീ ഭയക്കുകയും വെറുക്കുകയും ചെയ്യുന്ന
പെണ്ണിന്റെ ഉറക്കെയുള്ള സംസാരം
ഇനി ഉണ്ടാവില്ലല്ലോ..
ആണിനോട് കയർക്കുന്ന പെണ്ണ്,
എന്തു മാത്രം വൃത്തികെട്ടവൾ ആണെന്ന്
നിനക്കിപ്പോൾ തെളിയിക്കാം
എന്റെ മൂക്കിൽ പഞ്ഞി വെക്കരുത്
സ്രവങ്ങൾ ഒലിച്ചിറങ്ങി അളിഞ്ഞിരിക്കട്ടെ
നീയെന്നും എന്റെ മൂക്കിനെ വെറുത്തിരുന്നല്ലോ
അലങ്കരിച്ച പെട്ടിയിൽ എന്നെ കിടത്തരുത്
ജീവനുള്ള എനിക്ക് കിട്ടാത്ത ഒന്നും, എന്റെ ശവത്തിനും വേണ്ട
ജീവനോടെയും ഞാൻ ശവ തുല്യമായിരുന്നല്ലോ
സാധാരണ വസ്ത്രം മതി എനിക്ക്
എന്റെ വിവാഹ വസ്ത്രം ധരിപ്പിക്കരുത്
അതു ഞാൻ അണിഞ്ഞ അടിമക്കച്ചയാണ്
എന്നെ ആഭരണങ്ങൾ ധരിപ്പിക്കരുത്
താലിയും മോതിരവും വേണ്ട
അതായിരുന്നു എന്റെ പഴയ അടിമ ചങ്ങല
എനിക്കായി ആരും കരയരുത്
എന്റെ മരണ വാർത്തയറിഞ്ഞു ആരെങ്കിലും വന്നാൽ, കാണാനായി എന്നെ വെറും നിലത്തു കിടത്തുക
എന്റെ മക്കളെ കൊണ്ടു വന്ന്, ദൂരെ നിർത്തി കാണിച്ചു കൊടുക്കുക
അവരുടെ അമ്മയെ സസൂക്ഷ്മം അവർ കാണട്ടെ
അവരുടെ ഭാവി പങ്കാളികളോട് മാന്യമായി ഇടപെടണം എന്ന്,
അങ്ങനെയെങ്കിലും അവർ പഠിക്കട്ടെ.
നമുക്കൊരിക്കലും പറഞ്ഞു കൊടുക്കാൻ പറ്റാത്ത ജീവിത പഠമാണത്..
Wednesday, December 7, 2016
എന്‍റെ കുട്ടേട്ടന്
Thursday, March 22, 2012
കറുത്ത പ്രണയം
ഈ കറുത്തിരുണ്ട പ്രണയത്താല്‍,
എന്റെ ഹൃദയം ഉരുകുകയാണ്.. ..
വെളിച്ചം കണ്ട പറന്നു വരുന്ന ഈയാം പാറ്റയെ പോലെ
നീയാകുന്ന ഇരുട്ടിനെ ഞാന്‍ പ്രണയിച്ചു മരിച്ചു വീഴുന്നു..
ഈ ജനല്‍ ക്കമ്പികളുടെ അപ്പുറത്തെ..
തണുത്ത ഇരുട്ടില്‍ നിന്നും
നിന്റെ കൂര്‍ത്ത നഖമുള്ള കൈകള്‍ നീട്ടി
എന്നേയൊന്നു നിന്നോട് ചേര്‍ത്തു നിര്‍ത്തൂ...
എന്റെ ജീവന്റെ അവസാന തുള്ളിയും ഊറ്റിയെടുത്ത്,
ഞാന്‍ കൊതിക്കുന്ന
എന്റെ ആകാശ ഗോപുരത്തിലേക്ക്
എന്നേ കൊണ്ട് പോകൂ
യുഗങ്ങളായി , നീ എനിക്ക് വേണ്ടി കാത്തുവെച്ച
മണിയറയില്‍
എന്നെന്നേക്കുമായി എന്നേ ബന്ധിക്കൂ
ഓരോ നിമിഷവും, നിന്റെ വരവിനായി ഞാന്‍ വെമ്പുന്നു
കറുത്ത കുതിരകളെ പൂട്ടിയ
തീനാവുകള്‍ പറക്കുന്ന രഥത്തില്‍
നീ വരുന്നതും
എന്റെ വരണമാല്യം , കഴുത്തില്‍ മുറുകി എന്റെ ശ്വാസം നിലക്കുന്നതും
ആഴങ്ങളുടെ അഗാധതയിലേക്ക്
ഞാന്‍ താണു താണു പോകുന്നതും..
ഭാരമെതുമില്ലാതെ , ഞാന്‍ നിന്നിലേക്ക് പറന്നെത്തുന്നതും
ഞാന്‍ കൊതിയോടെ കാത്തിരിക്കുന്നു..
എന്റെ പ്രിയനേ, നീ വേഗം വരിക
ഈ വിരഹത്താല്‍ ഞാന്‍ വെന്തുരുകുന്നു
ഈ ചൂട്, എന്റെ അസ്ഥികളെ പോലും ഉരുക്കി കളയുന്നു
ചൂളയില്‍ എന്നേ തനിച്ചാക്കാതെ, നീ വരിക
എന്നെയും നീയാക്കി മാറ്റുക