Friday, December 3, 2010

ഒരു ദിവസം, ഒരു കഥ

ഒരിടത്ത് എക്സ് എന്ന് പേരുള്ള ഒരു ആണ്‍കുട്ടിയും വൈ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എക്സ് ഒരു വന്‍ സംഭവം/പ്രസ്ഥാനം ആയിരുന്നു. എക്സിന്റെ ജൂനിയര്‍ ആയിരുന്നു വൈ. രണ്ടു പേരും നാട്ടിലെ തന്ത്ര പ്രധാനമായ ഒരു എന്ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.

ഒരു ദിവസം, ക്ലാസ്സ്‌ കഴിഞ്ഞു വൈ അത്യാവശ്യം ലൈബ്രറി ഇടപാടുകള്‍ ഒക്കെ നടത്തി പുറത്തേക്കു വരുമ്പോള്‍, എക്സ് ലൈബ്രറിയുടെ വാതില്കല്‍ തന്നെ നില്പുണ്ട്. വൈ യെ നോക്കി എക്സ് മെല്ലെ ചിരിച്ചു. എക്സിനെ കണ്ടതും വൈയുടെ ഹൃദയമിടിപ്പ്‌ മെല്ലെ കൂടാന്‍ തുടങ്ങി. ഒരിക്കല്‍ പോലും പരസ്പരം സംസാരിചിട്ടില്ലെങ്കിലും എക്സിന്റെ കണ്ണുകള്‍ പലപ്പോഴും തനിക്കു നേരെ വരുന്നത് അവള്‍ കണ്ടിട്ടുണ്ട്. തിരിച്ചും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് ഇത്രയടുത്ത് എക്സ് നെ കണ്ടത്. റാഗ്ഗിംഗ് ന്റെ സമയത്ത് ക്ലാസ്സില്‍ വന്നു മാത്രം കണ്ടിട്ടുണ്ട്, അപ്പോഴൊന്നും എക്സ് തന്നോട ഒരക്ഷരം പോലും സംസാരിച്ചിരുന്നില്ല.

വൈ പോകാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഇന്നെങ്കിലും ഇവളോട് രണ്ടു വാക്ക് മിണ്ടണം എന്ന് കരുതിയതാണ്, പടച്ചോനെ ഈ ചങ്ക് പെടക്കുന്നത് നിക്കനില്ലല്ലാ.. എന്തായാലും കേറി മിണ്ടിക്കളയാം, എക്സ് തീരുമാനിച്ചു.

"എക്സ്ക്യൂസ് മി , ലൈബ്രറിയില്‍ വന്നതാണ്‌ അല്ലെ ??"

വൈ തിരിഞ്ഞു നോക്കി, പിന്നെ അല്ലാതെ ഇവിടെ ചുറ്റിക്കറങ്ങാന്‍ ഞമ്മള്‍ ആരാ, പിന്നെ ചെറുതായി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു "അതേ "

"എന്താ പേര് ?" , പാവത്താന്‍. ഒന്നുമറിയാത്ത കുഞ്ഞാട് . ഇത്ര കാലമായിട്റ്റ് ഇവളെ കണ്ടിട്ടും പേര് പോലും അറിയില്ലാതത്ര നിഷ്കളങ്കന്‍.

"വൈ " , അവള്‍ മെല്ലെ മൊഴിഞ്ഞു

"ഓ , നൈസ് നെയിം. ഇയ്യ് നമ്മുടെ യുണിയന്‍ ഡേ ക്ക് ഡാന്‍സ് ചെയ്ത കുട്ട്യല്ലേ ?"

"അതേ ", വൈ യുടെ മുഖം തെളിഞ്ഞു. അപ്പൊ എക്സ് തന്നെ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ട്.

"അല്ലാ, ഞാന്‍ വെറുതെ പരിചയപ്പെടാന്‍ വന്നതാ, നമ്മുടെ കോളേജില്‍ ഇങ്ങനെ ഒരു കുട്ടി ഉണ്ടായിട്ടു പരിചയപ്പെട്ടില്ലെങ്കില്‍ മോശല്ലേ ?" എക്സ് പറഞ്ഞു.

അല്ലാതെ എന്നോട് സംസാരിക്കാന്‍ വന്നതല്ല, അല്ലെ. ഹും, വൈ മെല്ലെ എക്സിന്റെ മുഖത്തേക്ക് നോക്കി. ആ ഭാവത്തിനു എന്ത് പേരാണ് പറയണ്ടത് എന്ന് അവള്‍ക്കു അപ്പോള്‍ മനസിലായില്ല. പക്ഷെ ഒരു കാര്യം മനസിലായി തന്നോട് സംസാരിക്കാന്‍ എക്സ് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സംസാരിക്കുമ്പോള്‍ കൈ വിറക്കുന്നു. അവള്‍ക്കു ചിരി വന്നു, പക്ഷെ തന്റെ ഹൃദയമിടിപ്പുകള്‍ അതിനെക്കാളും ഉറക്കെ കേള്‍ക്ക്ന്നുണ്ടോ എന്നും ആ സമയത്ത് അവള്‍ക്കു സംശയം തോന്നി.

ഇനി എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ എക്സ് ബുദ്ധിമുട്ടുകയാണ്. എക്സിനു വൈയുടെ മുഖത്തേക്കെ നോക്കാന്‍ പറ്റുന്നില്ല. അവസാനം പറഞ്ഞു, "ശരി , ഞാന്‍ പോട്ടെ ?"

എക്സ് വൈയുടെ കണ്ണിലേക്കു നോക്കി . വൈ ശരി എന്ന് മൊഴിഞ്ഞു. ആ നിമിഷം എക്സിനു അവിടെന്നു പോകേണ്ട എന്ന് തോന്നി. പക്ഷെ മെല്ലെ അവന്‍ ചോദിച്ചു, "എന്നേ അറിയാമോ "

ഒരു നിമിഷം , എന്തുത്തരം പറയണം എന്നോര്‍ത്ത് വൈ ശങ്കിച്ച് നിന്നു. പിന്നെ പറഞ്ഞു "അറിയാം "

എക്സ് ഞെട്ടി പോയി. അവളുടെ അടുത്ത് നിന്നും അങ്ങനെ ഒരുത്തരം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതത്തോടെ അവന്‍ ചോദിച്ചു "എങ്ങനെ അറിയാം ?? !!"

"അന്‍റെ റൂമില് ഇങ്ങളെ ക്ലാസിലെ കുട്ട്യോള് ഉണ്ട്. ഓര് പറഞ്ഞിക്കണ് " വൈ മൊഴിഞ്ഞു..

"എന്താ ഓര് പറഞ്ഞെ ??" എക്സിനു അത്ഭുതം.

"ഒന്നൂലാ, ഇങ്ങളെ വീട് വയനാടല്ലെനും? പ്രിയടെ കൂടാ വീട്ടില് പോയിനീന്നും.." അപ്പ അതാണ്‌ കാര്യം. വീട്ടില്‍ പോയപ്പോള്‍ ക്ലാസിലെ പ്രിയ കൂടെ ഉണ്ടായിരുന്നത് വരെ ഇവള്‍ ശ്രദ്ധിച്ചിരിക്കുന്നു. കൊള്ളാം.

"ഇല്ലാ, അന്ന് പ്രിയാടെ കൂടെ പോയതല്ല, എന്‍റെ റൂട്ടില്‍ ബസ് ഇല്ലാത്തതോണ്ട് പോയതാ. പ്രിയയും ആ ബസില്‍ ഉണ്ടായിരുന്നു എന്നെ ഉള്ളൂ, ഇറങ്ങിയപ്പോള്‍ ആണ് കണ്ടത്" എന്തിനാണ് ഇത്രയും എക്സ്പ്ലനേഷന്‍ കൊടുക്കുന്നത് എന്ന് എക്സിനു തന്നെയും മനസിലായില്ല. പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈയുടെ മുഖത്തുണ്ടായ പുഞ്ചിരിയുടെ അര്‍ഥവും അവനു മനസിലായില്ല. ഒരുകാര്യം വ്യക്തമായി, താന്‍ തീര്‍ച്ചയായും ഇവളെ ഇനിയും കാണും. കാണാതെ ഇരിക്കാന്‍ പറ്റില്ല.

"ശരി , ഞാന്‍ പോകട്ടെ.വീട്ടില്‍ പോകുന്നു. അവധി കഴിഞ്ഞു കാണാം" കാണില്ലേ എന്ന ചോദ്യം കണ്ണില്‍ നിറച്ചു അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.
"ഓക്കേ, പിന്നെ കാണാം " എന്ന മറുപടിയില്‍ , ഞാന്‍ കാത്തിരിക്കും എന്ന ഉത്തരം നിറച്ചു അവള്‍ അവനെ യാത്രയാക്കി.


-------------------------------------------------------------------------------------------

വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇന്നതൊക്കെ ഓര്‍ക്കാന്‍ നല്ല രസം.

ബാലിയും ഗ്രെവാളും പിന്നെ ഞമ്മളും

അഞ്ചാറു വര്‍ഷം മുന്നത്തെ കഥയാണ്, ബി ടെക് ആദ്യ വര്‍ഷം ഒന്നും രണ്ടും പരീക്ഷ നടക്കുന്ന കാലം. ആദ്യത്തെ രണ്ടു പരീക്ഷ കണക്കാണ്, കണക്ക് മാതമാടിക്സ് അതായത് കണക്ക് , എന്തായാലും രണ്ടു പേപ്പറും കണക്കാണ്, പഠിച്ചിട്ടും പഠിച്ചിട്ടും അത് കണക്കായി തന്നെ അവശേഷിക്കുന്ന കാലം.

ഈ കഥ നടക്കുന്നത് ഒരു ലേഡീസ് ഹോസ്റ്റലില്‍ ആണ്, സുന്ദരികളും സുശീലകളും സര്‍വോപരി ബുദ്ധിമതികളും ആയ ഒരു കൂട്ടം യുവ എന്‍ജിനീയര്‍മാര്‍ ( എഞ്ചിനീയറി മാര്) താമസിക്കുന്ന ഉഗ്രന്‍ ഹോസ്റ്റല്‍. കണക്ക് എല്ലാവരുടെയും തലയ്ക്കു പിടിച്ച സമയം. കംബയിണ്ട് സ്ടടി ആയതു കൊണ്ട് ആര്‍ക്കും സ്വന്തം റൂം സ്വന്തം കിടക്ക എന്നൊന്നും ഒരു വിവേചനവും ഇല്ല. രണ്ടു കട്ടില്‍ അടുപ്പിച്ചു ഇട്ട് , നടുക്ക് ഒരു ബാലി യും, ഒരു ഗ്രെവാളും തുറന്നു വെച്ച് , ആരെങ്കിലും ഒക്കെ പഠിക്കും, ചിലര്‍ പഠിപ്പിക്കും, ചിലര്‍ കേട്ടുകൊണ്ട് ഉറങ്ങും. അങ്ങനെ ഒരു പരീക്ഷാ തലേന്ന്,

ഈ കഥയില്‍ രണ്ടു ലീഡ് കഥാപാത്രങ്ങള്‍ ആണ് ഉള്ളത്, ഒരാള് കെയ്റ്റ് വിന്‍സ്ലെറ്റ് , മറ്റെയാള്‍ ആഞ്ജലീന ജോളി. മറ്റു പല സഹതാരങ്ങളും ഈ കഥയില്‍ ഉണ്ട്, പക്ഷെ അവര്‍ ഒക്കെ ഈ നായികമാരുടെ നിഴല്‍ മാത്രം.

നമ്മുടെ കെയ്റ്റ് വിന്‍സ്ലെട്ടും , അന്ജെലീന ജോളിയും പിന്നെ മറ്റു പല സുന്ദരിമാരും കൂടെ രാത്രി പകലാക്കി പഠിച്ചു പഠിച്ചു അവസാനം പുസ്തകത്തിന്‌ ചുറ്റും കിടന്നു ഉറങ്ങി പോയി. രാത്രി കുറെ കഴിഞ്ഞപ്പോള്‍ നമ്മുടെ അന്ജെലീന ജോളി എഴുന്നേറ്റു. ഉറക്കം ശെരിയാവുന്നില്ല. സ്വന്തം കട്ടിലില്‍ കിടന്നു തന്നെ ഉറങ്ങണം പുള്ളിക്ക്, ഉറക്കച്ചടവോടെ വാതില്‍ക്കല്‍ ചെന്ന്, വാതില്‍ തുറക്കാന്‍ നോക്കി. എന്ത് ചെയ്തിട്ടും സാക്ഷ എടുക്കാന്‍ പറ്റുന്നില്ല. തിരിച്ചു വന്നു നോക്കുമ്പോള്‍ നമ്മുടെ കെയ്റ്റ് , "ബാലി " യെ തലയിണയാക്കി ചുരുണ്ട് കിടന്നു ഉറങ്ങുന്നു. കെയ്റ്റ്ന്റെ ഒരു കൈയിന്റെ മേലെ മറ്റൊരു സുന്ദരി, വാതില്‍ തുറക്കാന്‍ ആരെയെങ്കിലും വിളിക്കണമല്ലോ, കെയ്റ്റ് നെ തന്നെ വിളിക്കാം .

"കെയ്റ്റ് , കെയ്റ്റ് ..ഒന്നെണീക്കൂ." അന്ജെലിന വിളിച്ചു.

കെയ്റ്റ് അറിയുന്നേ ഇല്ല. അതങ്ങനെയാണ്, ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കെയ്റ്റ് നെ വിളിച്ചാല്‍ കിട്ടില്ല. ആന കുത്തിയാലും അറിയില്ല എന്ന് പറഞ്ഞു വീട്ടിലെത്തിയാല്‍ കെയ്റ്റ് ന്റെ മമ്മി വിറകു കൊള്ളിയും പിടിച്ചു കൊണ്ടാണ് രാവിലെ എണീപ്പിക്കാന്‍ വരിക.

"എടീ പെണ്ണെ, ഒന്നെനിക്കെടി പോത്തെ " അഞ്ജലീന കെയ്റ്റ് നിട്ടു ഒരു തട്ട് കൊടുത്തു.

കെയ്റ്റ് മെല്ലെ അനങ്ങി, "ആ , എന്താടീ " , കണ്ണ് തുറക്കാതെ തിരിഞ്ഞു കിടന്നു കൊണ്ട് കെയ്റ്റ് ചോദിച്ചു.

"എടീ വാതില്‍ തുറക്കുന്നില്ല, എന്താ ചെയ്യുക ?" അഞ്ജലീനയും പകുതി ഉറക്കത്തില്‍ തന്നെ, "എടീ എന്താ ചെയ്യണ്ടേ ? എനിക്ക് റൂമില്‍ പോകണം "

"എടീ എക്സിന്റെ വാല്യൂ സബ്സ്ടിട്യൂറ്റ് ചെയ്താ മതി , പോ, തന്നെ ചെയ്യ് " കെയ്റ്റ് ഉപദേശിച്ചു.

"ഓക്കേ " എന്നും പറഞ്ഞു ആഞ്ജലീന സാക്ഷയിന്മേല്‍ എക്സിന്റെ വാല്യു സബ്സ്ടിട്യൂറ്റ് ചെയ്യാന്‍ പോയി. വാതില്കല്‍ എത്തിയപ്പോള്‍ ആണ് ആഞ്ജലീനക്ക് ബോധം വന്നത്. എക്സ് എങ്ങനെ വാതിലില്‍ സബ്സ്ടിട്യൂറ്റ് ചെയ്യും. തിരിച്ചു വന്നു കെയ്റ്റ് നിട്ടു നല്ല ഒരു തട്ട് കൊടുത്തു. "എടീ എന്താടീ പൊട്ടീ, എന്തിനാ എനിക്കിട്ടു താങ്ങിയത് " എന്നും ചോദിച്ചോണ്ട് കെയ്റ്റ് എണീറ്റ് വന്നു.

"എടീ വാതില്‍ തുറക്കാന്‍ പറ്റുന്നില്ല, വാ "

"ഇവിടെ എങ്ങാനും കിടന്നു ഉറങ്ങെടി, രാവിലെ തുറക്കാം " കെയ്റ്റ് മൊഴിഞ്ഞു .

"പോര, എനിക്ക് ഇപ്പോതന്നെ പോണം " ആഞ്ജലീന പണ്ടേ വാശിക്കാരിയാണ്‌.

"എന്നാല്‍ ശെരി, " കെയ്റ്റ് എണീറ്റു. എന്തിനും പോന്ന നമ്മള് ഇവിടെ ഉള്ളപ്പോഴാണോ ഒരു ചിന്ന വാതില്‍ തുറക്കാന്‍ ആഞ്ജലീന കഷ്ടപെടുന്നത്. ജബ് ഹം ഹൈ തോ ക്യാ ഗം ഹൈ !!

രണ്ടു പേരും കൂടി വാതിലിന്റെ അടുതെത്തി, നോക്കുമ്പോഴാണ്, സാക്ഷ ഇട്ടിട്ടേയില്ല. ഉറക്കച്ചടവില്‍ നോക്കിയപ്പോള്‍ ആണ് ആഞ്ജലീനക്ക് അത് തുറക്കാന്‍ പറ്റാതെ തോന്നിയത്. എന്തായാലും ആഞ്ജലീന വാതില്‍ തുറന്നു സ്വന്തം റൂമിലേക്ക്‌ പോയി.

സുഖമായി ഉറങ്ങുകയായിരുന്ന കിര്‍സ്ടന്‍ സ്റ്റുവര്‍ട്ട് ഇവളുമാരുടെ ബഹളം കേട്ട് ഞെട്ടി എണീറ്റ്‌ ഈ സംഭവതിനെല്ലാം സാക്ഷിയായത് കൊണ്ട് ഡയലോഗുകള്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ഞങ്ങള്‍ക്ക് പിറ്റേ ദിവസം തന്നെ കിട്ടി.

Thursday, November 25, 2010

ഗൂഗിള്‍ ടോക്കും ഒരു പ്രണയവും



ആഴ്ചകള്‍ക്ക് ശേഷം ഗൂഗിള്‍ ടോക്കില്‍ ലോഗിന്‍ ചെയ്തപാടെ ഒട്ടും പ്രതീക്ഷിക്കാതെ സന്ദീപിന്‍റെ മെസ്സേജ്
"സപ്നാ , സുഖമല്ലേ"
എന്ത് പറയണം, സുഖമാണെന്നോ? ഒരാഴ്ചയായി കണ്ണീര്‍ തോര്‍ന്നില്ല എന്നോ , അതോ ഒന്നും പറയണ്ടായോ.. ഒന്നും തോന്നിയില്ല.

സന്ദീപ്‌ എന്നാല്‍ സന്ദീപ്‌ യാദവ്, മറാട്ടിയാണ്. അഞ്ചു വര്‍ഷം ആയി എന്‍റെ സുഹൃത്ത്. അവന്‍ ഉണ്ടാക്കിയ ഒരു ഓര്‍ക്കുട്ട് കമ്മ്യൂണിറ്റി യില്‍ ഞാന്‍ ചേര്‍ന്നപ്പോള്‍ തുടങ്ങിയ സൗഹൃദം. അബോര്‍ഷന് എതിരെ ഉള്ള ഒരു കമ്മ്യൂണിറ്റി ആയിരുന്നു അത്. വല്ലപ്പോഴും സ്ക്രാപ്പുകള്‍, ചാറ്റ് മെസ്സേജുകള്‍ തുടങ്ങിയവയില്‍ ഒതുങ്ങി നിന്ന വളരെ ചെറിയ, പക്ഷെ നല്ല സൗഹൃദം.

പഠനം കഴിഞ്ഞു ജോലിക്ക് പോയി തുടങ്ങിയപ്പോള്‍ കൂടുതല്‍ സമയം ചാറ്റിലും ഇന്റെര്‍നെറ്റിലും ചെലവഴിക്കാന്‍ തുടങ്ങി. സന്ദീപും അവിടെ മിക്കവാറും കൂട്ടിനുണ്ടാവും. മെല്ലെ മെല്ലെ ഞങ്ങളുടെ ചാറ്റുകളുടെ ദൈര്‍ഘ്യം കൂടി തുടങ്ങി. വീടിനെക്കുറിച്ചും വീട്ടുകാരെ കുറിച്ചും ജോലിയെക്കുറിച്ചും ഒക്കെ ഞങ്ങള്‍ സംസാരിച്ചു. ലോകത്തിന്‍റെ രണ്ടറ്റത് ഇരുന്നു മറ്റൊരു ദുരുധേശ്യവും ഇല്ലാത്ത മാന്യമായ ഒരു സൗഹൃദം. ഒരിക്കലും നേരില്‍ കാണില്ല എന്ന് അറിവുള്ളത് കൊണ്ട് വളരെ ലാഘവത്തോടെ സംസാരിക്കുവാനായി.

ഒരു വര്‍ഷം മുന്‍പാണ് സന്ദീപിന്‍റെ ജീവിതത്തില്‍ പ്രതീക്ഷിക്കാത്ത ഒരു ദുരന്തമുണ്ടായത്‌. അവന്റെ അച്ഛന്‍, ഡല്‍ഹിയില്‍ ഒരു കോളേജില്‍ പ്രോഫെസ്സര്‍ ആയിരുന്ന രാജേന്ദ്ര യാദവിന്, ബ്രെയിന്‍ ട്യൂമര്‍ ആണെന്ന് അറിഞ്ഞു. സന്ദീപിന് ഒരു അനുജത്തി മാത്രമാണുള്ളത്. അമ്മ ഡല്‍ഹിയില്‍ തന്നെ ഒരു വക്കീലും. ഒറ്റ മകന്‍ ആയ സന്ദീപിന് താങ്ങാന്‍ കഴിയുന്നതിലും കൂടുതല്‍ വിഷമം. അവന്‍ ഇടക്കിടക്ക് എന്നെ വിളിക്കുമായിരുന്നു. ആവും പോലെ ഞാന്‍ സമാധാനിപ്പിക്കും. എന്തായാലും അസുഖം ആണെന്ന് കണ്ടെത്തി ഒരു മാസം തികയും മുന്‍പേ കുടുംബത്തിന്‍റെ മുഴുവന്‍ ഉത്തരവാദിത്തവും സന്ദീപിനെ ഏല്പിച്ചു അച്ഛന്‍ യാത്രയായി.

സന്ദീപിന്‍റെ തന്നെ ഭാഷയില്‍ പറഞ്ഞാല്‍, 'അമ്മയുടെ മുഖം കാണുവാനേ വയ്യ. അസമയത്ത് കയറി വന്ന ദുരന്തം അമ്മയെ വല്ലാതെ തളര്‍ത്തി. ആശ്വസിപ്പിക്കാനും വയ്യല്ലോ.' അനുജത്തി നേഹയെ ഒരു തരത്തില്‍ ആശ്വസിപ്പിച്ചു കോളേജിലേക്ക് പറഞ്ഞയച്ചു. ജോലിക്ക് പോയി തുടങ്ങി. സ്വന്തം വിധിയെ ധീരമായി നേരിടുന്ന സന്ദീപിനോട് ബഹുമാനം തോന്നി. ഞാന്‍ അത് അവനോടു നേരിട്ട് പറഞ്ഞു. അവനു അനുകമ്പ ആവശ്യമില്ല എന്നവന്‍ പറഞ്ഞു. എങ്കിലും ഒരാള്‍ക്കെങ്കിലും ജീവിതത്തില്‍ അല്പം ആശ്വാസം നല്‍കാന്‍ കഴിഞ്ഞതില്‍ എനിക്ക് സന്തോഷം തോന്നി. അവന്‍ നേഹയെ കുറിച്ചുള്ള ആശങ്കകള്‍ എന്നോട് പങ്കു വെച്ചു. ഞാനും ഒരു പെണ്‍കുട്ടി ആയതു കൊണ്ട് പല കാര്യത്തിലും അവള്‍ക്കു നല്ലതു പറഞ്ഞു കൊടുക്കാന്‍ എനിക്ക് പറ്റി. അവന്‍റെ അമ്മയെ കുറിച്ചും ഞാന്‍ സ്ഥിരമായി അന്വേഷിക്കാരുണ്ടായിരുന്നു.

എനിക്ക് വീട്ടില്‍ കല്യാണാലോചനകള്‍ തകൃതിയായി നടന്നു കൊണ്ടിരുന്നു. ഒരെണ്ണം പെണ്ണ് കാണലും കഴിഞ്ഞു നില്കുന്നു. അങ്ങനെ ഒരു ദിവസം സന്ദീപ്‌ എന്നോട് പറഞ്ഞു, "സപ്നാ, എനിക്ക് നിന്നെ നഷ്ടപ്പെടരുത് എന്ന് തോന്നുന്നു. നീ എനിക്ക് തരുന്ന സപ്പോര്‍ട്ട് അത്ര വലുതാണ്‌. നീ ഉള്ളത് കൊണ്ടാണ് ഞാന്‍ പലപ്പോഴും പിടിച്ചു നിന്നത്. നിനക്ക് എന്നെക്കുറിച്ച് എന്ത് തോന്നുന്നു?"

ഞാന്‍ ഞെട്ടി പോയി. അങ്ങനെ ഒരു ചോദ്യം ഞാന്‍ പ്രതീക്ഷിച്ചേ ഇല്ല. സന്ദീപ്‌ വളരെ മേച്യൂര്ട് ആയ ഒരു ആളെന്നാണ് ഞാന്‍ കരുതിയത് . ഞാന്‍ പറഞ്ഞു "സന്ദീപ്‌ നമ്മള്‍ നല്ല സുഹൃത്തുകള്‍ തന്നെ, ഈ സൗഹൃദം എന്നും ഉണ്ടാവട്ടെ. നീ നല്ല ഒരു പയ്യനുമാണ്. നീ ഈ ചോദ്യത്തില്‍ വേറെന്തെങ്കിലും ....?"

"സപ്നാ , ഞാന്‍ നേരിട്ട് തന്നെ ചോദിക്കുകയാണ്, എന്നെ ഏറ്റവും അധികം മനസിലാക്കിയ സുഹൃത്താണ് നീ, നിന്നോട് എനിക്കെന്തും പറയാമെന്നുള്ള ഒരു മാനസിക അടുപ്പം തോന്നിയിട്ടുണ്ട്. സൗഹൃദം എന്നതിലുപരി , എന്‍റെ ജീവിതത്തിലേക്കും കുടുംബത്തിലേക്കും നിന്നെ... "

"പക്ഷെ സന്ദീപ്‌, നമ്മള്‍ ഇതുവരെ ഇങ്ങനെ ഒന്നും ആയിരുന്നില്ലല്ലോ. ഒരു പ്രണയത്തിനു വേണ്ട അടുപ്പം ഉണ്ടോ നമ്മള്‍ തമ്മില്‍? നമ്മള്‍ ഒരിക്കല്‍ പോലും ഇതുവരെ പരസ്പരം കണ്ടിട്ടില്ല, നമ്മുടെ നാടുകള്‍ , ഭാഷ, സംസ്കാരം എല്ലാം വ്യത്യസ്തം അല്ലേ. ഇത് വേണ്ടാത്ത ഒരു ചിന്തയാണ്."

"പക്ഷെ സപ്നാ, എനിക്ക് നിന്നെ മിസ്സ്‌ ചെയ്യാന്‍ വയ്യ. നീ ഒരു പക്ഷെ വിവാഹിതയായതിനു ശേഷം നിന്‍റെ
ഭര്‍ത്താവിനു ഈ സൗഹൃദം ഇഷ്ടപ്പെടാതെ വന്നാല്‍ ?"

"സന്ദീപ്‌, വെറുതെ ഓരോന്ന് ചിന്തിച്ചുണ്ടാക്കരുത്. ഇപ്പോഴത്തെ നിന്‍റെ ഒറ്റപെടലിന്റെ മാനസികാവസ്ഥ കൊണ്ട് തോന്നുന്നതാണ്. കുറച്ചു കഴിയുമ്പോള്‍ താനേ ശരിയാകും. "

"ഞാന്‍ എന്‍റെ വീട്ടുകാരെക്കൊണ്ട് നിന്‍റെ വീട്ടില്‍ അന്വേഷിക്കട്ടെ ?"

"സന്ദീപ്‌, എന്‍റെ വിവാഹം മിക്കവാറും നിശ്ചയിക്കും. ഒരു കൂട്ടര്‍ വന്നു കണ്ടിട്ട് പോയി. അവര്‍ക്കും എന്‍റെ വീട്ടുകാര്‍ക്കും ഇഷ്ടപ്പെട്ടു. അത് മിക്കവാറും പ്രൊസീഡ് ചെയ്യും "

മറുവശത് നിശബ്ദത. അല്‍പ നേരത്തിനു ശേഷം അവന്‍ ചോദിച്ചു "എന്ത് കൊണ്ട് എന്നോടിത് പറഞ്ഞില്ല. ഞാന്‍ അത്രക്കും അകന്നു പോയോ സപ്നാ?"

"നീ ഇങ്ങനെ മനസ്സില്‍ വെച്ചിരിക്കുന്നു എന്ന് എനിക്കറിയില്ലല്ലോ സന്ദീപ്‌ !!"

ഫോണ്‍ കട്ട് ആയി. പിന്നെ ഒരാഴ്ചത്തേക്ക് അവനെ ഓണ്‍ലൈന്‍ കണ്ടതെ ഇല്ല. ഫോണും സ്വിചെട് ഓഫ്‌. എനിക്ക് നേരിയ വിഷമം തോന്നി. പിന്നെ ഓര്‍ത്തു സാരമില്ല, അവന്‍ തനിയെ റികവര്‍ ചെയ്തോളും. ഒരാഴ്ചക്ക് ശേഷം എന്‍റെ ഓഫീസില്‍ എനിക്ക് ഒരു വിസിറ്റര്‍ ഉണ്ടെന്നു കേട്ട്, ചെന്ന് നോക്കിയപ്പോള്‍ സന്ദീപ്‌. എനിക്ക് അത്ഭുതമോ സന്തോഷമോ ഭയമോ , എന്തൊക്കെയോ മനസ്സില്‍. ഒരു പകല്‍ മുഴുവന്‍ അവന്‍ എന്‍റെ കൂടെ ഇരുന്നു സംസാരിച്ചു. അവനു എന്നെ മിസ്സ്‌ ചെയ്യാന്‍ ആവില്ല എന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ചു പറഞ്ഞു. എന്നെ കാണാന്‍ മാത്രമായി ഡല്‍ഹിയില്‍ നിന്നും തിരുവനന്തപുരം വരെ സന്ദീപ്‌.... തിരിച്ചു പോകുമ്പോള്‍ എന്‍റെ മനസ്സില്‍ ഒരു വലിയ ഭാരവും കേറ്റി വെച്ചിട്ടാണ് അവന്‍ പോയത്.

ഞാന്‍ എന്‍റെ അമ്മയോട് സംസാരിക്കാന്‍ തീരുമാനിച്ചു. അവന്‍റെ ഭാഷ, സ്ഥലം, ചാറ്റ് സൗഹൃദം എന്നതൊഴിച്ച് മറ്റെല്ലാ കാര്യവും അമ്മയോട് പറഞ്ഞു. എന്‍റെ വേദന കണ്ടു അമ്മ പറഞ്ഞു, "മോള്‍ തന്നെ തീരുമാനിച്ചോളൂ. എവിടെയാണെങ്കിലും നമുക്ക് വില കൊടുക്കുന്നിടതാണ് നമ്മള്‍ കഴിയേണ്ടത്. മോളുടെ ഏത് തീരുമാനത്തിനും അച്ഛനും അമ്മയും കൂടെ ഉണ്ടാവും. "

അമ്മ തന്ന ധൈര്യവും കൊണ്ട് ഞാന്‍ ഒരാഴ്ച ചിന്തിച്ചു. പിന്നീട് ഞാന്‍ സന്ദീപിനെ വിളിക്കാന്‍ തീരുമാനിച്ചു. എങ്ങനെ പറയണം എന്ന് എനിക്ക് ഒരു രൂപവും ഇല്ലായിരുന്നു. അവന്‍ ഫോണ്‍ എടുതപാടെ ഞാന്‍ പറഞ്ഞു, "സന്ദീപ്‌ അമ്മയോട് പറഞ്ഞോളൂ. എനിക്കും നീ ഇല്ലാതെ വയ്യ എന്നായിരിക്കുന്നു. ഞാന്‍ എന്‍റെ വീട്ടിലും പറഞ്ഞു. നീ ഇപ്പോള്‍ എന്ത് പറയുന്നു?"

സന്ദീപ്‌ സന്തോഷം കൊണ്ട് തുള്ളിചാടുകയായിരുന്നു എന്ന് തോന്നി. അവന്‍ പറയുന്നുണ്ടായിരുന്നു, 'എനിക്കറിയാം നീ ഇങ്ങനെ തന്നെ തീരുമാനിക്കും എന്ന്. ദൈവം എന്നോട് അല്പമെങ്കിലും കരുണ കാണിച്ചല്ലോ '

സന്ദീപ്‌ രണ്ടു മാസത്തെ സമയം ചോദിച്ചു. രണ്ടു മാസം കഴിയുമ്പോള്‍ അവന്‍ എന്‍റെ വീട്ടില്‍ വരും എന്ന് ഉറപ്പു തന്നു. ടീനേജ് കുട്ടികളെ പോലെ , പിന്നെ പ്രണയം ആയിരുന്നു. ഒരു തൂവല്‍ പോലെ, ലാഘവത്തോടെ... പ്രണയിക്കുമ്പോള്‍ എന്നും അങ്ങനെയാണല്ലോ. എനിക്ക് എന്‍റെ അച്ഛനമ്മമാരെ പറഞ്ഞു സമ്മതിപ്പിക്കനമായിരുന്നു. അവരോടു കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കി, ഏകദേശം ശെരിയായ ആലോചന വേണ്ടെന്നു വെപ്പിച്ചു.. അവര്‍ എപ്പോഴും അങ്ങനെയാണ്, എന്‍റെ സന്തോഷം മാത്രമേ അവര്‍ ആഗ്രഹിക്കൂ.

പ്രണയത്തിന്‍റെ നീലാകാശത്ത് ഞാനും സന്ദീപും മാത്രമുള്ള ലോകത്തെക്കുറിച്ചും വിവാഹത്തെക്കുറിച്ചും ഒക്കെ ഞാന്‍ സന്ദീപിനോട് വാ തോരാതെ സംസാരിച്ചുകൊണ്ടിരുന്നു. സന്ദീപ്‌ എന്നെ കളിയാക്കി, ആദ്യമൊക്കെ അവനായിരുന്നു കൂടുതല്‍ സംസാരിക്കാറ്, ഇപ്പൊ ഞാന്‍ ആ സ്ഥാനം ഏറ്റെടുത്തു "ചാറ്റര്ബോക്സ്" എന്നൊക്കെ. പിന്നെ അവന്‍ വല്ലാതെ തിരക്കിലായി. പക്ഷെ എനിക്ക് അവനെ മനസിലാക്കാന്‍ പറ്റുമായിരുന്നു, എന്തായാലും എല്ലാം എനിക്ക് വേണ്ടി തന്നെ അല്ലേ ? ഞാനും എന്‍റെ പ്രണയ സ്വപ്നങ്ങളും അങ്ങനെ രണ്ടു മാസം വളരെ വേഗം കടന്നു പോയി.

അവന്‍ എന്‍റെ വീട്ടില്‍ വരുമെന്ന് പറഞ്ഞ ദിവസം , ഞാനും അച്ഛനും അമ്മയും വീട്ടില്‍ ഉണ്ടായിരുന്നു. മനസുകൊണ്ട് ഇഷ്ടക്കെടുണ്ടായിട്ടു കൂടെ, എന്‍റെ ഇഷ്ടത്തിന് അച്ഛനും അമ്മയും അവനെ കാത്തു നിന്നു. പറഞ്ഞിരുന്ന സമയത്ത് തന്നെ സന്ദീപ്‌ എത്തി. അവന്‍റെ മുഖത്തും പെരുമാറ്റത്തിലും ഒരു തണുപ്പന്‍ മട്ട്. ചമ്മല്‍ ഉണ്ടായിരിക്കണം , ഞാന്‍ ഓര്‍ത്തു,

അച്ഛന് നന്നായി ഹിന്ദി അറിയുന്നത് കൊണ്ട് അവര്‍ നന്നായി സംസാരിച്ചു, കല്യാണത്തെക്കുറിച്ചും വീട്ടുകാരെക്കുറിച്ചും ഒക്കെ ചോദിയ്ക്കാന്‍ തുടങ്ങിയപ്പോള്‍ അവന്‍ പറഞ്ഞു "എനിക്ക് സപ്നയുമായി ഒന്ന് സംസാരിക്കണം"

എന്താണിപ്പോ എന്നോട് മാത്രം പറയാന്‍? ഞങ്ങള്‍ പുറത്തേക്ക് ഇറങ്ങി, അച്ഛനും അമ്മയും ഭക്ഷണകാര്യങ്ങള്‍ ഒക്കെ ശരിയാക്കാനും പോയി.

"എന്താ സന്ദീപ്‌, എന്താ ഒരു വിഷമം പോലെ ?"

"ഐ ആം സോറി സപ്നാ, എനിക്ക് ഒരു കാര്യം പറയുവാനുണ്ട്. നിന്നോട് മറ്റൊരു തരത്തില്‍ പറയുവാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. പക്ഷെ ഇത് എന്‍റെ വിധിയാണ്, നീ ക്ഷമിക്കണം "

"നേരെ കാര്യം പറയൂ സന്ദീപ്‌, എനിക്കൊന്നും മനസിലാകുന്നില്ല. "

"അമ്മയോട് ഞാന്‍ നിന്‍റെ കാര്യം പറഞ്ഞു. അമ്മക്ക് ഒട്ടും സമ്മതമല്ല. നാട്, ഭാഷ, ജാതി അതൊക്കെയാണ്‌ അമ്മ പറയുന്നത്. അമ്മ പറയുന്നത് ഞാന്‍ കേട്ടല്ലെ പറ്റൂ, ഞാന്‍ ഒറ്റ മകന്‍ അല്ലേ? "

"സന്ദീപ്‌ എന്താണ് പറഞ്ഞു വരുന്നത് ?" ഒച്ച ഇടറാതിരിക്കാന്‍ ഞാന്‍ പരമാവധി ശ്രെമിച്ചുവെങ്കിലും നടന്നില്ല. "ഇത് വേണ്ട എന്നാണോ ?"

"എന്‍റെ എങ്ങജുമെന്റ്റ് കഴിഞ്ഞു സപ്നാ, കഴിഞ്ഞ ആഴ്ച ആയിരുന്നു. അമ്മയുടെ സുഹൃത്തിന്റെ മകള്‍. ഞാന്‍ ആ ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ അമ്മ ജീവിച്ചിരിക്കില്ല എന്ന് പറഞ്ഞപ്പോള്‍ , ഞാന്‍, വേണമെന്ന് വെച്ചിട്ടല്ല... "

എനിക്കൊന്നും മിണ്ടാന്‍ സാധിച്ചില്ല. എങ്ങലടിക്കുന്നില്ലയിരുന്നെങ്കിലും കണ്ണില്‍ നിന്നും ധാരയായി നീരൊഴുകുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു. 'എന്ത് കൊണ്ട് എന്നോട് ഇത് നേരത്തെ പറഞ്ഞില്ല , ഇന്നലെയെങ്കിലും പറയാമായിരുന്നു . ഇപ്പൊ എന്നെയും എന്‍റെ കുടുംബത്തെയും മുഴുവന്‍ വിഡ്ഢികള്‍ ആക്കി. '

"ഓക്കേ സന്ദീപ്‌. നല്ല കാര്യം , നിനക്ക് നല്ലത് വരട്ടെ. വേഗം പൊയ്ക്കോളൂ. ഇനി എന്‍റെ വീട്ടില്‍ കേറാന്‍ നില്‍ക്കണ്ട. പ്രതികരണം എന്തായിരിക്കും എന്ന് പറയാന്‍ വയ്യ. അവരെ ഞാന്‍ പറഞ്ഞു മനസിലാക്കിക്കോളം . " ഇത്രയും പറഞ്ഞു ഒപ്പിച്ചിട്ട് ഞാന്‍ വീട്ടിലേക്കു ഓടിക്കയറി. തിരിഞ്ഞു പോലും നോക്കിയില്ല. എന്തായാലും സന്ദീപ്‌ വീട്ടിലേക്കു കയറാന്‍ നിന്നില്ല.

എന്നിട്ട് ഒരാഴ്ചയോളം കഴിഞ്ഞിരിക്കുന്നു. ഇത്രയും ദിവസം അവധിയില്‍ ആയിരുന്നു. സുഹൃത്തുക്കള്‍ ഒക്കെ ഫോണില്‍ വിളിക്കുമ്പോഴും ഞാന്‍ എടുത്തിരുന്നില്ല. ഞാന്‍ അത്ര മേല്‍ തകര്‍ന്നു പോയിരുന്നു. ഇന്ന് ദിവസങ്ങള്‍ക്കു ശേഷം ഓഫീസില്‍ എന്‍റെ ഡെസ്കില്‍ എത്തിയതാണ്. ഇനിയും ജീവിക്കണമല്ലോ. സന്ദീപിനോട് എനിക്ക് അതുവരെ ദേഷ്യം ഒന്നും തോന്നിയില്ല. അവന്‍ എന്ത് ചെയ്യാന്‍.

ഞാന്‍ എന്ത് മറുപടി ആണ് അവനു കൊടുക്കേണ്ടത്. അവന്‍ ചോദിക്കുന്നു എനിക്ക് സുഖമോ ' എന്ന്. എനിക്ക് സുഖമാണോ, അവന്‍ ശെരിക്കും ആത്മാര്‍ഥതയോടെ ആയിരുന്നോ എന്നോട് സംസാരിച്ചിരുന്നത്? ഒരു കാര്യവുമില്ലാതെ എന്‍റെ ഹൃദയത്തെ നൂറായി കീറി മുറിച്ചിട്ട് ഇപ്പൊ അവന്‍ എന്തിനാണ് വീണ്ടും എന്നോട് സംസാരിക്കുന്നത്? അവന്‍ എന്നോട് കള്ളമൊന്നും പറഞ്ഞിട്ടില്ല എന്ന് വിശ്വസിക്കാന്‍ ആണ് എനിക്കിഷ്ടം. എന്‍റെ സന്ദീപിന് എന്നും നല്ലത് വരട്ടെ.

......................


ഒരു കാര്യമോര്‍ത്ത് ഞാന്‍ അത്ഭുതപ്പെടുന്നു.
കടുത്ത ചൂടിലും , എന്നിലെ പ്രണയം ഉരുകി പോയില്ല...
മഴയില്‍ അതൊലിച്ചു പോയതുമില്ല..
എന്ന് തന്നെയല്ല,
എന്റെ പ്രണയത്തെ ഉള്‍ക്കൊള്ളുവാന്‍
എന്റെ ഹൃദയത്തില്‍ ഇടം പോരാതെ ആയിരിക്കുന്നു.
പുല്‍നാമ്പുകളില്‍ നിന്നും ഇറ്റു വീഴുന്ന മഞ്ഞു തുള്ളിയെ പോലെ,
ഓരോ ദിവസവും പുതിയതായി എന്റെ പ്രണയവും..
ഇന്നലെ ഞാനൊരു മഴയായി പെയ്തുവെങ്കിലും
ആകാശത്തിനെ പ്രണയിച്ച ജലകണമെന്ന പോലെ ,
ഞാനിതാ തിരികെ വരുന്നു.. നിന്നെ വീണ്ടും പുണരാനായി..
ആ ആകാശത്തിന്റെ കോണില്‍, ഒരു ചിപ്പിയില്‍ അടച്ചു എന്നെ മാറ്റി നിര്‍ത്തൂ..
ഞാന്‍ എന്നേക്കുമായി നിന്‍റെ ആകാശത്തില്‍ ബന്ധിക്കപെടട്ടെ..

നിന്‍റെ മാത്രം ഞാന്‍





I Do Not Love You Except Because I Love You

-- by Pablo Neruda


I do not love you except because I love you;
I go from loving to not loving you,
From waiting to not waiting for you
My heart moves from cold to fire.

I love you only because it's you the one I love;
I hate you deeply, and hating you
Bend to you, and the measure of my changing love for you
Is that I do not see you but love you blindly.

Maybe January light will consume
My heart with its cruel
Ray, stealing my key to true calm.

In this part of the story I am the one who
Dies, the only one, and I will die of love because I love you,
Because I love you, Love, in fire and blood.


Friday, November 19, 2010

എഗ്മോര്‍ എക്സ്പ്രെസ്സ് കഥ

സ്റ്റഡി ലീവ് ഞാന്‍ കേമമായി ആഘോഷിക്കുന്നു എന്ന് മനസിലാക്കിയപ്പോ പിതാശ്രീ എന്നോട് കെട്ടും ഭാണ്ടവും എടുത്തു വിട്ടോളാന്‍ പറഞ്ഞു. ചിണുങ്ങി നോക്കിയിട്ടും "ഓ അവിടിപ്പോ പോയാലും ഞാന്‍ പഠിച്ചത് തന്നെ " എന്നൊക്കെ ഭീഷണിപ്പെടുത്തിയിട്ടും വെല്യ കാര്യം ഒന്നും ഉണ്ടായില്ല. അങ്ങനെ ഞാന്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ പുതിയ സിനിമകളെ ഒക്കെ മനസ്സില്‍ ധ്യാനിച് വീട്ടില്‍ നിന്നും വണ്ടി വിട്ടു.

രാവിലെ ഒന്‍പതു മണിക്ക് തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോ, ഇനി ഒമ്പതേ മുക്കാലിന്റെ എഗ്മോര്‍ , പത്തിന് നേത്രാവതി , പത്തേകാലിനു ഏറനാട് എന്നിങ്ങനെ അരുളപ്പാടുണ്ടായി. ഞാന്‍ ടിക്കറ്റും എടുത്ത്, എന്‍റെ പാദ സ്പര്‍ശനതാല്‍ അനുഗ്രഹീതമാകാന്‍ പോകുന്ന എഗ്മോര്‍ എക്സ്പ്രെസ്സിനു കാത്തിരുന്നു. എന്തായാലും ഷോര്‍ണൂര്‍ എത്തുമ്പോള്‍ മാറി കേറണം, ജെനറല്‍ കംപാര്ടുമെന്റില്‍ സൂചി കുത്താന്‍ സ്ഥലം ഇല്ലാത്ത തിരക്ക്. അതുകൊണ്ട് ഞാന്‍ റിസര്‍വേഷനില്‍ കയറി , ഇഷ്ടം പോലെ സ്ഥലം. ഞാന്‍ ഒരു സിംഗിള്‍ സീറ്റില്‍ ഇരുന്നു. ഇന്ത്യന്‍ റയില്‍വേ ക്ക് ചോദിക്കാനും പറയാനും ആരും ഇല്ലാത്തത് കൊണ്ട്, ഞാന്‍ മുന്നിലത്തെ സീറ്റില്‍ കാലൊക്കെ എടുത്ത് വെച്ച് , പാട്ടൊക്കെ ചെവിയില്‍ തിരുകി, വിശാലമായി ഇരുന്നു.

കോഴിക്കോട് എത്തിയപ്പോ ഞാന്‍ നല്ല ഉറക്കം, എന്‍റെ പാദ പീഠമായ സീറ്റില്‍ ആരാണ്ടോ മുട്ടുന്നത് കേട്ട് ഞാന്‍ ഞെട്ടി എണീറ്റു, നേരെ ഇരുന്നു. ഒരു പത്തു മുപ്പതു വയസ് തോന്നിക്കുന്ന ചെറുപ്പക്കാരന്‍. എന്തൊക്കെയോ ബോംബ്‌ പൊട്ടുന്ന പടം ഒക്കെ ഉള്ള ഒരു ടി ഷര്‍ട്ട്, മള്‍ടി കളര്‍ വാച്ച് , തൊപ്പി, വെള്ള ബെല്‍റ്റ്‌, ചങ്ങല അങ്ങനെ അങ്ങനെ "സര്‍വാഭരണ വിഭൂഷിതന്‍"

"ഇരിക്കുന്നതിനു കുഴപ്പം ഇല്ലല്ലോ അല്ലെ?"

എനിക്കെന്തു കുഴപ്പം. എന്‍റെ അപ്പന്‍ കൊണ്ട് പിടിപ്പിച്ച കസേര അല്ലല്ലോ, എന്‍റെ മറുപടി ഒന്നും വേണ്ട, പുള്ളി അവിടെ ഇരുന്നു. പുള്ളിയുടെ കൈയില്‍ രണ്ടു പുസ്തകങ്ങള്‍, "വീട്ടില്‍ ഒരു ബ്യൂട്ടി പാര്‍ലര്‍" മറ്റേത് "കൈരേഖാ ശാസ്ത്രം" . രണ്ടും ട്രെയിനില്‍ പത്തു രൂപയ്ക്കു വാങ്ങാന്‍ കിട്ടുന്നത്. ഞാന്‍ പുറത്തേക്കു നോക്കി , ചിരി മനസ്സില്‍ അടക്കി പിടിച്ചു ഇരുന്നു. പണ്ടൊരിക്കല്‍ ഒരു ചെങ്ങായി എന്‍റെ കൈ നോക്കി, "പ്രീഡിഗ്രി കഴിയുന്നതിനു മുന്നേ കല്യാണം കഴിക്കും, ഗള്‍ഫില്‍ പോകും " എന്നൊക്കെ പറഞ്ഞ് ഇപ്പൊ പ്രീഡിഗ്രി കഴിഞ്ഞു വര്‍ഷം എത്രയായി? ചങ്ങായി ഇത് വല്ലോം അറിയുന്നുണ്ടോ ?

"സംസാരിക്കുനത് കൊണ്ട് പ്രശ്നം ഇല്ലല്ലോ അല്ലെ ? അല്ലെങ്കില്‍ വായിക്കാന്‍ ബുക്ക് വേണോ?"

'വായ്‌ പൂട്ടി വെച്ചോണം' എന്ന ഭാവം മുഖത്ത് വരുത്തി ഞാന്‍ പുള്ളിയുടെ മുഖത്തേക്ക് നോക്കി, വാ തുറന്നു അങ്ങനെ അയാളോട് പറയാതെ ഇരുന്നത് എന്‍റെ തെറ്റ്. ഒന്നുകില്‍ പുള്ളി പറയുന്നത് കേള്‍ക്കണം, അല്ലെങ്കില്‍ പുള്ളി തരാന്‍ പോകുന്ന ഇന്റര്‍നാഷണല്‍ ബെസ്റ്റ് സെല്ലര്‍ ഞാന്‍ വായിക്കണം. ഇങ്ങനത്തെ എന്‍റെ വിധി എന്‍റെ കൈ നോക്കിയാ ചങ്ങായി പറഞ്ഞില്ലല്ലോ എന്‍റെ കര്‍ത്താവേ.

"എന്‍റെ പേര് ജംശീദ്, വീട് തിരൂരാ. തിരൂരെന്നു വെച്ചാ പ്രോപെര്‍ തിരൂര്‍ അല്ല, ഉള്ലോട്ടെക്കാ.. ഇപ്പൊ കൊയമ്പതൂരിലിക്ക് പോക്കാ, ആട എം ബി എ ചെയ്യുന്നാ. ഇപ്പൊ തേര്‍ഡ് സെമെസ്റെര്‍ ആയി. പെരുന്നാളിന് വീട്ടില്‍ വന്നതാ. തിരിച്ചു പോരുമ്പോ ഉമ്മാനെ വിട്ടിട്റ്റ്‌ പോരാന്‍ പറ്റണില്ല. ഒരു വിഷമം, ഇനിക്കറിയില്ലേ?"

എന്നെ കേറി "നീ" എന്ന് വിളിക്കുന്നോ? ഇവനാരെടാ. ഞാന്‍ പൂര്‍വാധികം താല്പര്യക്കേട്‌ മുഖത്ത് വരുത്തി പുറത്തേക്കു നോക്കി ഇരുന്നു. പുള്ളി നിര്‍ത്താന്‍ ഭാവമില്ല.

"പ്രൊജക്റ്റ്‌ ഒക്കെ കഴിഞ്ഞു, ഒക്കെ നല്ല രസാര്ന്നു. ഫേക്ക് പ്രൊജക്റ്റ്‌ ആണ് വെച്ചത്, അത് ഇവാലുവേറ്റരിനും അറിയാം. ഞാന്‍ ഹോട്ടല്‍ മാനേജ്‌മന്റ്‌ പഠിച്ചത് കൊണ്ട് കുക്കിംഗ്‌ ഒക്കെ നന്നായി അറിയാം, നിനക്കെങ്ങനെയാ കുക്കിംഗ്‌ അറിയുമോ? "

ഞാന്‍ ചുറ്റും നോക്കി, എനിക്ക് മാറി ഇരിക്കാന്‍ വേറെ സീറ്റ് ഒന്നും ഇല്ല, തൊട്ടപ്പുറത്തെ സീറ്റില്‍ ഒരു അപ്പാപ്പനും അമ്മാമ്മയും ഉണ്ട്, അവര്‍ എന്നോട് ഇടക്കിടക്ക് "പട്ടാമ്പി എത്തിയോ " എന്ന് ചോദിക്കുന്നതോഴിച്ചാല്‍ ആരും എന്നെ ശ്രദ്ധിക്കുന്നുമില്ല.

"വീടെവിടെയാ ?"
"കണ്ണൂര്‍" ഞാന്‍ ശബ്ദിച്ചു.

"ഞാന്‍ ഹൈ സ്കൂള്‍ പഠിച്ചത് ആടെയാ, അപ്പൊ ഒക്കെ എല്ലാ കലകളും ഒക്കെ കൈയില്‍ ഉണ്ടായിരുന്നു. അറിയോ ഞാന്‍ ഒരു മിമിക്രി ആര്‍ട്ടിസ്റ്റ് ആണ്. എസ ജാനകി യെ ഒക്കെ നന്നായി അനുകരിക്കും. യുവജനോല്സവതിനൊക്കെ സമ്മാനം ഒക്കെ കിട്ടീട്ടിന്ട്‌. ഒരു നമ്പര്‍ കേള്‍കണോ... " എന്നിട്ട് സ്ത്രീ ശബ്ദത്തില്‍ "കജ്റ മോഹോബത് വാല " പാടാന്‍ തുടങ്ങി

എന്റീശോയേ, ഞാന്‍ എന്ത് ചെയ്യുവോ? ഞാന്‍ കണ്ണും മിഴിച് അയാളെ നോക്കി. ഇങ്ങേര്‍ക്ക് എന്തിന്‍റെ അസുഖം ആണ്? എണീറ്റ് പോയാലും പുറകെ വരുമോ ? ആരേലും ഒന്ന് എന്നെ വിളിച്ചിരുന്നെങ്കില്‍, ആരേലും എന്നെ ഫോണിലെങ്കിലും വിളിച്ചിരുന്നെങ്കില്‍. ഞാന്‍ പിന്നെയും പുറത്തേക്കു നോക്കി ഇരുന്നു.

"ബോര്‍ അടിക്കുന്നെങ്കില്‍ പറയണേ.." ജംശീദ് നിര്‍ത്തുന്നില്ല. "നീ എന്താ ചെയ്യുന്നേ ?"

"ഞാന്‍ ഒരു ലെക്ച്ചറര്‍ ആണ് " അവാര്‍ഡ്‌ സിനിമ പോലെ, ഒരുപാട് സമയം എടുത്ത് മറുപടി കൊടുത്തു.

അതാ വരുന്നു അടുത്ത കഥ "നിനക്കറിയോ എന്‍റെ ഉമ്മാക്ക് എന്നെ ഒരു മാഷാക്കനെന്ന പൂതി. എന്നും അടുത്ത് കണ്ടോണ്ട് ഇരിക്കാലോ . അതിനും മേണ്ടി എന്നെ മലയാളം ബി എ ക്ക് ചേര്‍ത് . ആട ഒരു കൊല്ലം പഠിച്, പിന്നെ നിര്‍ത്തി .. പിന്നെ ഞാന്‍ അനിയന്‍റെ കൂടെ കോണ്ട്രാക്റ്റ് പണിക്കു പോയി. റിസള്‍ട്ട്‌ നോക്കീല. രണ്ടു കൊള്ളാം കയിഞ്ഞാണ് റിസള്‍ട്ട്‌ എന്താണെന്നു നോക്കീത്. പാസ്സായിനും !!!"

"ഗുഡ് ഗുഡ് " ഞാന്‍ വെയിറ്റ് ഇട്ടു. എങ്കിലും ചങ്ങായിയുടെ പേച്ചു കേള്‍കാന്‍ വയ്യാതെ പുറത്തേക്കു തുറിച്ചു നോക്കി പുറകോട്ടു ഓടുന്ന മരങ്ങളെ പേടിപ്പിച്ചു.

"അത്ര ഗുഡ് ഒന്നുമല്ല, എന്റെ ജീവിതം തകര്‍ത്തത് ആ ഒരൊറ്റ കൊല്ലാ, എനിക്ക് ഓര്‍ക്കാനേ വയ്യ, എന്താന്നറിയോ ലവ് ഫയില്യര്‍ !! നിനക്ക് ലവ് ഫയില്യര്‍ ഉണ്ടാ ?? " പുള്ളിയുടെ ശബ്ദം കഠിനമായി, ഉത്തരം പറഞ്ഞെ മതിയാകൂ. എനിക്ക് പേടിയായി തുടങ്ങി. ഇയാള്‍ എന്ത് ടൈപ്പ് ആണെന്ന് അറിയില്ലല്ലോ. പേടി പുറത്തു കാണിക്കാതെ ഞാന്‍ പറഞ്ഞു,
"ഓ ഇല്ല , ലവ് ഒക്കെ ഫെയില്‍ ആകാന്‍ പരീക്ഷ ഒന്നും അല്ലല്ലോ "

ജംശീദ് അവന്റെ കദന കഥ എന്നോട് പറയാന്‍ തുടങ്ങി, മലപ്പുറം സ്ലാന്ഗ് പരിഷ്കരിക്കാന്‍ ശ്രെമിച്ച ഒരു ഭാഷയില്‍
"ഓളെ വെല്ല്യ കാര്യമാര്‍ന്നു, ഓളുക്കും അങ്ങനന്നെ ആരുന്നു. അല്ലാന്ന് ഓള് പറയൂല. ദിവസോം എന്റെ ഒരു ഷേക്ക്‌ ഹാന്‍ഡ്‌ കിട്ടാതെ ഓള് വീട്ടില് പോകൂലെര്‍ന്നു. എന്നോട് ഫോണില് മിണ്ടുമ്പോഴും ഓള്‍ക്ക് വീട്ടില് ആലോചന വരുന്നത് ഞാന്‍ അറിഞ്ഞില്ല . വീട്ടില് കല്യാണോം ഒറപ്പിച്ചു ഓള്‍ ഓന്റെ കൂടെയും ഫോണില്‍ സംസാരിക്കാന്‍ തുടങ്ങി. ഓന്‍ ഗള്‍ഫുകാരന്‍, ഞാന്‍ അത്രേം എത്തുവ. പെന്കുട്ടിയാള് ഇപ്പോഴും ഇങ്ങനെ ഒക്കെയാ "

എനിക്ക് ചിരി വന്നു തുടങ്ങി. ഇതിന്റിടക്ക് ഞാന്‍ എത്ര വട്ടം വാച്ച് നോക്കി എന്നറിയില്ല. ഷോര്‍ണൂര്‍ എന്നത് ഇത്രക്കും ദൂരെ ആണോ എന്റെ ദൈവമേ. അതോ ട്രെയിന്‍ വളരെ പതുക്കെ ആണോ പോകുന്നത്.

"ഓള കൂട്ടുകാരിയാണ്‌ എന്നോട് ഈ കാര്യം എല്ലാം പറഞ്ഞത്. എനിക്കെന്തു വിഷമം ആയിന്നറിയാ, ഞാന്‍ ഓളെ ഒന്നു പേടിപ്പിക്കണം എന്ന് വിജാരിച് , ഓള കോളേജില്‍ നടുക്ക പിടിച്ചു നിര്‍ത്തി , ഒളില്ലാണ്ടേ എനിക്ക് ജീവിക്കാന്‍ വയ്യ എന്നൊക്കെ പറഞ്ഞ്. ഓള്‍ട മുഖത്ത് ഒരു കള്ളച്ചിരി , അത് കണ്ടതും ഞാന്‍ എന്റെ കൈയില്‍ വെച്ചിരുന്ന ബ്ലേഡ് എടുത്ത് കൈതണ്ടക്ക് വരഞ്ഞു."

കഥ സസ്പെന്സിലെക്ക് നീങ്ങി തുടങ്ങിയതിനാല്‍ ആയിരിക്കണം , ഞാന്‍ ജമ്ശീദിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി, പുള്ളി നല്ല എഫ്ഫെക്ട്ടും ബാക്ക് ഗ്രൌണ്ട് സൌണ്ടും ഒക്കെ ഇട്ടാണ് കഥ പറയുന്നത്. അവന്റെ വേദന ഈ ലോകത്ത് ഞാന്‍ മാത്രേ തിരിച്ചറിയുന്നുള്ളൂ എന്നാ ഭാവത്തില്‍ . ചെങ്ങായിയുടെ കണ്ട്രോള്‍ പോകല്ലേ കര്‍ത്താവേ. ഈ കുഞ്ഞാടിനെ രക്ഷിക്കാന്‍ ആരുമില്ല.

"നീ പേടിച്ചു പോയി അല്ലെ? ഞാന്‍ മരിക്കുക ഒന്നും ഇല്ലെന്നു എനിക്കറിയാര്‍ന്നു. അവളെ ഒന്നു പേടിപ്പിക്കണം എന്നേ ഞാന്‍ വിജാരിച്ചുള്ളൂ . പക്ഷെ ആദ്യം മുറിച്ചപ്പോ ചോര വന്നില്ല, വെള്ള കണ്ടപ്പോ ഞാന്‍ ആഞ്ഞൊന്നു വരഞ്ഞു . അതു നല്ല ആഴത്തില്‍ വീണു പോയി. നിനക്ക് കാണണാ ?? " ചെങ്ങായി വേഗം കൈത്തണ്ടയിലെ മുറിവുണങ്ങിയ പാട് കാണിച്ചു തന്നു. രണ്ടു മൂന്നു തുന്നിക്കെട്ടലിന്റെയും പാടുകള്‍ ഉണ്ട് അതില്‍

ഞാന്‍ ജമ്ശീദിനെ അനുഭാവ പൂര്‍വ്വം നോക്കി. പാവം, അങ്ങനെയാരിക്കും ചെലപ്പോ മനസിന്റെ കണ്ട്രോള്‍ പോയത്. വയലന്റ് ആകാതെ ഇരുന്നാല്‍ മതിയാരുന്നു. വണ്ടി പട്ടാമ്പി ഒക്കെ നേരത്തെ കഴിഞ്ഞിരുന്നു. പക്ഷെ നമ്മുടെ ചെങ്ങായിക്കു കഥ അവസാനിപ്പിക്കാന്‍ വിചാരമില്ല.

"ഓള്‍ ഇപ്പൊ കെട്ട്യോന്റെ കൂടെ സുഖായി ജീവിക്കുന്നു. പക്ഷെ എനിക്ക് നാട്ടില്‍ നിക്കാന്‍ പറ്റണ്ടേ, ഒരു പെണ്ണിന് വേണ്ടി കൈ മുറിച്ചതിന്റെ ചീത്തപ്പേര് കൂടി, എനിക്കിനി ആടന്ന് ഒരു പെണ്ണ് കിട്ടുവാ "

എനിക്ക് ഇത്രേം സഹന ശക്തിയെ ഉള്ളൂ, അത്ര നേരം അടക്കി പിടിച്ചതെല്ലാം കൂടെ ഒരു പൊട്ടിച്ചിരിയായി പുറത്തേക്ക് വന്നു. അല്ലേലും എന്റെ കാര്യം ഇങ്ങനെയാണ്, എവിടെ എങ്ങനെ രേസ്പോണ്ട് ചെയ്യണം എന്ന് മറന്നു പോകും. ഞാന്‍ ചിരിച്ചത് തീര്‍ച്ചയായും ചെങ്ങായിക്കു വിഷമം ആയിക്കാണും. എന്തായാലും ഷോര്‍ണൂര്‍ എത്തി, ഞാന്‍ മെല്ലെ സ്കൂട്ട് ആയേക്കാം.

"ചിരിച്ചോ ചിരിച്ചോ, സ്വന്തം കാര്യം വരുമ്പോഴേ എല്ലാര്‍ക്കും മനസിലാവൂ. പ്രണയം എപ്പോഴും അങ്ങനെയാണ്. എത്ര വേദനിച്ചാലും പ്രണയിക്കണം എന്ന് തോന്നും . ഹോ, കണ്ടോ ഞാന്‍ ഒരു വര്‍ഷമാണെങ്കിലും ബിയെ മലയാളം പടിച്ചതോണ്ടാ ഇങ്ങനെ ഒക്കെ പറയുന്നേ"

ഇനി ഫിലോസഫി കൂടെ എനിക്ക് താങ്ങാന്‍ വയ്യ. ഞാന്‍ വേഗം ബാഗ് ഒക്കെ എടുത്തു ഇറങ്ങാന്‍ റെഡി ആയി.

"ഇറങ്ങാരായോ, ഞാന്‍ ഇന്നെ ബോര്‍ അടിപ്പിചില്ലല്ലോ അല്ലെ, എനിക്ക് എപ്പോഴും അങ്ങനെയാ, വേഗം സുഹൃത്തുക്കളെ ഉണ്ടാക്കും. നമുക്ക് ഇനിയും കോണ്ടാക്റ്റ് ചെയ്യാം, ഞാന്‍ കുക്കിംഗ്‌ ഒക്കെ പഠിപ്പിക്കാം ഫോണ്‍ ഉണ്ടോ??"

എന്നെ ആരും അത്രേം നേരം ഫോണ്‍ വിളിക്കാതെ ഇരുന്നതിനു ഞാന്‍ ദൈവത്തോട് മനസാ നന്ദി പറഞ്ഞു "ഇല്ല, കേടായി പോയി. "

"ഓര്‍ക്കുട്ട് ഐ ഡി ഉണ്ടോ "
"ഇപ്പൊ ഇല്ല , ഡിലീറ്റ് ചെയ്തു "
"ഫയ്സ്ബുക് ??"
"ഇല്ല "

ഭാഗ്യത്തിന് ഞാന്‍ എന്റെ പേര് പറഞ്ഞു കൊടുത്തില്ല. ഇനി പോയി അന്വേഷിച്ചാലും ആന്‍ എന്നാ പേരില്‍ നോക്കട്ടെ. അല്ലാതെ എന്ത് ചെയ്യാനാ.
ഞാന്‍ വേഗം ബാഗും എടുത്ത്, തിരിഞ്ഞു നോക്കാതെ , മിണ്ടാതെ ഉരിയാടാതെ, ചാടി ഇറങ്ങി അവിടെ കാത്തു കിടക്കുന്ന വേണാട് എക്സ്പ്രെസ്സില്‍ കയറി. എഗ്മോര്‍ ഷോര്‍ണൂര്‍ ജങ്ക്ഷന്‍ വിട്ടു പോയിട്ടേ ഞാന്‍ ശ്വാസം വിട്ടുള്ളൂ.