Monday, April 18, 2011

അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍.. ഹോ !!

എനിക്ക് പറയാന്‍ ഉള്ള കഥകള്‍ മുഴുവന്‍ ഒരുതരത്തില്‍ അല്ലെങ്കില്‍ മറ്റൊരു തരത്തില്‍ നവോദയയുമായി ബന്ധപ്പെട്ടിരിക്കും. "ഇവള്‍ടെ ഒരു സ്കൂള് !!" എന്ന് കേള്‍ക്കുന്നവര്‍ തലയ്ക്കു കൈയും കൊടുത്തു പറഞ്ഞാലും എനിക്കൊരു ചുക്കുമില്ല. കാരണം അതങ്ങനെയാണ്. നമ്മുടെ ഒരു സുഹൃത്ത് സ്വന്തം ഭാര്യയെക്കുറിച്ച് പറഞ്ഞത് നവോദയ എന്ന് എവിടെയെങ്കിലും എഴുതി വെച്ചാലും അതും നോക്കി അവള്‍ അവിടെ നില്‍ക്കും എന്നാണു. ഹേയ് ഞാന്‍ അങ്ങനെയൊന്നും നില്‍ക്കില്ല' ...ന്നാ തോന്നുന്നേ..!!

പതിനൊന്നാം ക്ലാസില്‍ പഠിക്കുന്ന സമയം. സ്കൂളിലെ സിസിഎ പ്രോഗ്രാമുകളും , ഹൌസ് ഡേകളും എല്ലാം വാശിയോടെ നടക്കുന്നു. 'ആരവല്ലി' ഹൌസ് ന്റെ സിസിഎ ഇന്ചാര്ജ് ആയിരുന്ന എന്റെ തലയില്‍ മുഴുവന്‍ ഓരോരോ പ്രോഗ്രാം പ്ലാനുകള്‍ ആണ്. ഓരോന്നിനും വേണ്ടിയുള്ള പാട്ടുകള്‍ ഒക്കെ തീരുമാനിക്കണം, പിന്നെ അത് ആരുടെയെങ്കിലും കൈയില്‍ കൊടുത്തുവിട്ടു കാസ്സറ്റില്‍ റിക്കാര്‍ഡ് ചെയ്യിക്കണം. എന്നിട്ട് വേണം പ്രാക്ടീസ് ഒക്കെ ചെയ്യാന്‍. റഫ് നോട്ടിന്റെ പുറകില്‍ അങ്ങനെ ഓരോ ഐടിയകള്‍ ഒക്കെ എഴുതി വെക്കും. പാട്ടുകളുടെ ലിസ്റ്റ് ഒക്കെ ഉണ്ടായിരുന്നു ബുക്കില്‍.

റഫ് ബുക്ക് മിക്കവാറും ടീച്ചര്‍മാരുടെ റണ്ണിംഗ് നോട്സ് എഴുതാന്‍ ഉപയോഗിക്കും. ക്ലാസ് ബോര്‍ ആണെങ്കില്‍ പടം വരക്കും, അക്കാലത്തും പിന്നീടും മുടങ്ങാതെ അനുവര്‍ത്തിച്ചു പോന്ന ഒരു കലാപരിപാടി ആയിരുന്നു ക്ലാസില്‍ വരുന്ന സകല സാറന്മാരുടെയും സ്കെച്ചുകള്‍ ബുക്കില്‍ വരച്ചിടുക എന്ന്. ക്ലാസില്‍ ശ്രദ്ധിച്ചില്ലെന്ന പരാതിയും വേണ്ട, എന്നാല്‍ ബോറടിച്ചു ഉറക്കം തൂങ്ങുകയും ഇല്ല,

ആ സമയത്ത് കെമിസ്ട്രിക്ക് സ്ഥിരമായി ഒരു അദ്ധ്യാപകന്‍ ഉണ്ടായിരുന്നില്ല, പലരെ പ്രിന്‍സി അങ്കിള്‍ മാറി മാറി പരീക്ഷിക്കും, അതുകൊണ്ട് ക്ലാസില്‍ ശ്രദ്ധിക്കുക എന്നതൊന്നും നടക്കുന്ന കാര്യം അല്ലാരുന്നു, അല്ലേലും മനസിനെ പലപലയിടങ്ങളില്‍ പറന്നു നടക്കാന്‍ വിട്ടിട്ട്, കണ്ണ് മിഴിച്ചു ക്ലാസില്‍ ഇരിക്കുക എന്നതാണല്ലോ സ്ഥിരം പരിപാടി.

അങ്ങനെഇരിക്കെ ഒരു ദിവസം, അന്നൊരു വ്യാഴാഴ്ച ആണോ എന്നെനിക്കറിയില്ല, എങ്കിലും ഒരിടിവെട്ടു ദിവസം ആയിരുന്നു. സതീഷ്‌ സാറിന്റെ ഫിസിക്സ് ക്ലാസ് നടക്കുന്നു. ഞാന്‍ സ്ഥിരമായി ശ്രദ്ധിച്ചു ഇരിക്കുന്ന ഒരേയൊരു ക്ലാസ്. ക്ലാസ് ഇന്സ്പെക്ഷന് വേണ്ടി പ്രിന്‍സി അങ്കിള്‍ ഞങ്ങളുടെ ക്ലാസില്‍ വന്നു,ഒരു ചെയര്‍ എടുത്ത് ലാസ്റ്റ് ബെന്ച്ചുകളുടെ ഇടക്കിട്ട്, അവിടെ ഇരുന്നു. പ്രിന്‍സിയുടെ ഏറ്റവും അടുത്ത ബെഞ്ചില്‍ ഇരിക്കുന്നത് ഞാന്‍. സാറിന്റെ ക്ലാസ് ആയതുകൊണ്ട് എനിക്ക് ഒരു ബുദ്ധിമുട്ടില്ല, ഞാന്‍ വളരെ ഡീസന്റ് ആയി സാര്‍ പറയുന്ന കാര്യങ്ങളൊക്കെ റഫ് ബുക്കിലേക്ക് എഴുതിയെടുത്തുകൊണ്ടിരുന്നു.

ക്ലാസ് കഴിയാറായപ്പോ പ്രിന്‍സി "ഇവളെന്താ ഇത്ര മാത്രം എഴുതി പിടിപ്പിക്കുന്നെ" എന്ന മട്ടില്‍ എന്റെ ബുക്ക് വാങ്ങി. നോട്സ് ഒക്കെ കണ്ടു തൃപ്തിയായ അങ്കിള്‍ ബുക്ക് മറിച്ചു നോക്കി. ഞാന്‍ അത് ശ്രദ്ധിക്കുന്നേയില്ല, ഭയങ്കര കോണ്ഫി.
"എന്തുവാടോ ഇത് ??" പ്രിന്‍സി ഒരലര്‍ച്ച.. ഞാന്‍ ഞെട്ടി, ക്ലാസില്‍ ഉള്ളവരും ഞെട്ടി. സതീഷ്‌ സാര്‍ ഒന്നും മനസിലാവാത്തത് കൊണ്ട് കണ്ണുമിഴിച്ചു നിന്നു. എന്റെ നിഷ്കളങ്ക ഭാവം കണ്ടിട്ടായിരിക്കണം പ്രിന്‍സി കൈയിലിരുന്ന ബുക്ക് എന്റെ ഡെസ്കിലേക്ക് വലിച്ചെറിഞ്ഞു.
"ആരോടോ ഇത്? ആരെക്കുരിച്ചാ താന്‍ ഈ എഴുതി വെച്ചിരിക്കുന്നത്?"
ഞാന്‍ എന്റെ മുന്നില്‍ തുറന്നു മലര്‍ന്നു കിടക്കുന്ന ബുക്കിലേക്ക് നോക്കി, ഒരു വശത്ത് കുറെ അധികം പാട്ടുകള്‍ ലിസ്റ്റു ചെയ്തു വെച്ചിട്ടുണ്ട്, റിക്കാര്‍ഡ് ചെയ്യാനുള്ളവ. മറു വശത്ത്, കഴിഞ്ഞ ആഴ്ചയില്‍ രണ്ടു ദിവസം മാത്രം വന്നു കെമിസ്ടി എടുത്തു ബോര്‍ അടിപ്പിച്ചു കൊന്ന മാഷടെ പടം!!! ഉറങ്ങി ഉറങ്ങി ബെഞ്ചില്‍ നിന്നും താഴെ വീഴും എന്നുള്ള അവസ്ഥയില്‍ ആയിരുന്നതുകൊണ്ട് വളരെ നന്നായി ടൈം എടുത്തു വരച്ചതാണ്. സതീഷ്‌ സാര്‍ ഓടി വന്നു, പടം കണ്ടപ്പോ സാറിനു സംഗതി പിടികിട്ടി, ചിരി വരുന്നുണ്ടെങ്കിലും കടിച്ചു പിടിച്ച് എന്റെയും പ്രിന്സിയുടെയും മുഖത്തേക്ക് മാറി മാറി നോക്കി.

"എന്താണ് സതീഷ്‌ സാറേ ഈ കുട്ടിയെ ചെയ്യേണ്ടത്.. നന്നായി പഠിക്കേണ്ട സമയത്ത് കുട്ടികളുടെ മനസ്സില്‍ എന്തൊക്കെയാണെന്ന് കണ്ടില്ലേ."

"അത്, സാര്‍... പിന്നെ .." സതീഷ്‌ സാര്‍ നിന്നു പരുങ്ങി, സാറിന്റെ ക്ലാസില്‍ ശ്രധിക്കുന്നില്ലെന്നാണോ, പടം വരച്ചതിനാണോ.. എന്തിനാണ് പ്രിന്‍സി ചൂടാവുന്നത് എന്ന് മനസിലായില്ല. എനിക്കപ്പഴും പ്രത്യേകിച്ച് ഭാവ വ്യത്യാസം ഒന്നും ഇല്ല, ഞാന്‍ ക്ലാസില്‍ അലമ്പിയില്ലല്ലോ. കോണ്ഫി കോണ്ഫി..

" കണ്ടില്ലേ, അരികില്‍ നീ ഉണ്ടായിരുന്നെങ്കില്‍ എന്നൊക്കെ എഴുതി വെച്ചിരിക്കുന്നു. ഇയാളെക്കുറിച്ച്.ഇപ്പഴത്തെ പിള്ളേര്‍ക്കൊക്കെ മൊട്ടേന്നു വിരിയുന്നതിനു മുന്നേ പ്രേമമാ.. ഇതാരാ? തന്റെ നാട്ടിലുള്ള ആളാണോ? കാമുകന്‍ ആണല്ലോ.. കാണാതെ ഇരിക്കാന്‍ പറ്റില്ലെങ്കില്‍ ഞാന്‍ തനിക്കു ടിസി തന്നു വിടാം."

അപ്പോഴാണ്‌ സംഗതിയുടെ കൊടുംഫീകരത എനിക്ക് മനസിലാവുന്നത്. കെമിസ്ട്രി സാറിനെയും പ്രിന്സിക്ക് മനസിലായില്ല, ആകപ്പാടെ രണ്ടു ദിവസമേ അങ്ങേര് സ്കൂളില്‍ വന്നിടുള്ളൂ. പാട്ടുകളുടെ ലിസ്റ്റില്‍ "അരികില്‍ നീ" എന്ന പഴയ പാട്ടും ഉണ്ടായിരുന്നു. പക്ഷെ ഇത് രണ്ടും ഇങ്ങനെ കണക്റ്റ് ചെയ്യാം എന്ന് ഒരാളും വിചാരിച്ചില്ല.. പ്രിന്‍സി ഒഴികെ.

ഞാന്‍ വലിയ വായില്‍ കരയാന്‍ തുടങ്ങി. ന്യായീകരിക്കാന്‍ ചെന്നതിനു സതീഷ്‌ സാറിനു കണക്കിന് കിട്ടി. അവസാനം അത് റിക്കാര്‍ഡ് ചെയ്യാനുള്ള പാട്ടുകളാനെന്നും, പടം വെറുതെ കാരിക്കേച്ചര്‍ വരച്ചതാനെന്നും ക്ലാസിലെ നല്ല കുട്ടിയാണെന്നും ഒക്കെയുള്ള ടീച്ചര്‍മാരുടെ സര്ട്ടിഫികേഷന്‍ കൊണ്ട് അവസാനം പ്രിന്‍സി തണുത്തു. എങ്കിലും ഈ പാട്ട് എപ്പോ കേട്ടാലും മനസിനകത്ത് ഒരു ലടു പൊട്ടും. പിന്നീട് പ്രേമം അസ്ഥിക്ക് പിടിച്ച സമയത്തും ഈ പാട്ടുകൊണ്ട് ഞാന്‍ എന്റെ ചങ്ങാതിയെ ഓര്‍ത്തിട്ടില്ല. ഇപ്പോഴും ദാ..ചങ്ക് പെടക്കുന്നു. അരികില്‍ പ്രിന്‍സി ഉണ്ടായിരുന്നെങ്കില്‍....എന്റമ്മേ.

Monday, April 11, 2011

വളപ്പൊട്ട്‌

ഉടഞ്ഞുപോയ എന്റെ കരിനീല കുപ്പിവളയുടെ ഒരു ചില്ല്
എന്റെ ഹൃദയത്തില്‍ തറഞ്ഞു കയറി.
ചോര ചീറ്റിയൊഴുകി..
അതില്‍ നിന്റെ വിരല്‍ മുക്കിയെങ്കിലും
നീയെന്റെ സീമന്തരേഖ നിറച്ചിരുന്നെങ്കില്‍..

Saturday, January 8, 2011

മൂവി റിവ്യൂ : ട്രാഫിക്

ഈ ബ്ലോഗില്‍ ഒരു മൂവി റിവ്യൂ ഇടും എന്ന് ഒരിക്കലും വിചാരിച്ചില്ല. പക്ഷെ അടുത്ത കാലത്തൊന്നും ഇത്രക്കും മനസിനെ ഹോണ്ട് ചെയ്ത ഒരു പടം ഉണ്ടായില്ല. കാസ്റ്റ് : ശ്രീനിവാസന്‍ , റഹ്മാന്‍ , അനൂപ്‌ മേനോന്‍, വിനീത് ശ്രീനിവാസന്‍, അസിഫ് അലി, കുഞ്ചാക്കോ ബോബന്‍, സായ് കുമാര്‍ , കൃഷ്ണ, ലെന, റോമ, കാതല്‍ സന്ധ്യ, രെമ്യ നമ്പീശന്‍, റീന ബഷീര്‍ എന്നിവര്‍.

ശ്രീനിവാസന്‍, അനൂപ്‌ മേനോന്‍, വിനീത് എന്നിവര്‍ അല്പം തലയുള്ളവര്‍ ആയതു കൊണ്ടും, ആസിഫ് അലി, കുഞ്ചാക്കോ ബോബന്‍ എന്നീ ചുള്ളന്മാര്‍ അഭിനയിച്ചിട്ടുള്ളത് കൊണ്ടും ഉള്ള മിനിമം ഗ്യാരന്റി വെച്ചിട്ടാണ് ഒരു റിവ്യൂ വും നോക്കാതെ ട്രാഫിക് നു ടിക്കറ്റ് എടുത്തത്‌. കോക്ടെയില്‍ എന്ന സിനിമ പോലെ ഇതും ഒരു വണ്‍ ഡേയ് ത്രില്ലെര്‍ ആണ്. എല്ലാവരും വളരെ നന്നായി അഭിനയിച്ചിരിക്കുന്നു. ഒരാളുടെയും എന്‍ട്രി ആഘോഷമാക്കിയിട്ടില്ല. അസഹ്യമായ ഫൈട്ടുകളും ഗാനരംഗങ്ങളുമില്ല സാധാരണ മനുഷ്യരുടെ ജീവിതത്തില്‍ സംഭവിക്കുന്ന നല്ലതും ചീത്തയുമായ ചില സംഭവങ്ങളെ എല്ലാവരും വളരെ കൈയടക്കത്തോടെ അഭിനയിച്ചിരിക്കുന്നു. ജീവിതത്തിന്റെ പല മേഖലകളില്‍ ഉള്ള അപരിചിതരായ മനുഷ്യര്‍, എങ്ങനെയൊക്കെയോ പരസ്പരം ബന്ധപ്പെട്ടു കിടക്കുന്നു. ഓരോരുത്തരും അവരവരുടെ ലോകം മാത്രമേ അറിയുന്നുള്ളൂ. ഓരോ മനുഷ്യനും എന്തുമാത്രം സെല്‍ഫ് സേന്റെര്‍ട് ആണ് എന്ന് ഇന്‍ഡയറക്റ്റ് ആയി ഒരു മെസ്സേജ് തരികയും ചെയ്യുന്നു. പാരലല്‍ ആയി പലരുടെ ജീവിതത്തില്‍ നടക്കുന്ന സംഭവങ്ങളെ സസ്പെന്‍സ് ഒട്ടും കളയാതെ പരസ്പരം ലിങ്ക് ചെയ്തു സീക്വന്‍സ് ആക്കിയിരിക്കുന്നു സംവിധായകന്‍.

കുഞ്ചാക്കോ ബോബന്‍, കൃഷ്ണ എന്നിവര്‍ ഒരു ചെറിയ ഞെട്ടല്‍ മനസ്സില്‍ തരും, അത് സിനിമ മുഴുവന്‍ കണ്ടു കഴിഞ്ഞാലും മനസ്സില്‍ കിടക്കുകയും ചെയ്യും. ഹൃദയ ഭേദകമായ പല രംഗങ്ങളും ഉണ്ട് കഥാഗതിയില്‍, സായ് കുമാറിന്റെ അച്ഛന്‍ കഥാപാത്രം വളരെ ചെറുതാണെങ്കിലും, വേദനിപ്പിക്കുന്നു.

രെമ്യ നമ്പീശന്‍ എന്നാ ശാലീനയായ മലയാളി പെണ്‍കൊടിയുടെ മറ്റൊരു മുഖം ആണ് ഈ സിനിമയില്‍. എന്നാല്‍ അവര്‍ അത് വളരെ മനോഹരമായി അഭിനയിച്ചിരിക്കുന്നു. ശക്തമായ മറ്റൊരു സ്ത്രീ കഥാപാത്രം ചെയ്തത് ലെന ആണ്. കഥാഗതിയില്‍ പ്രാധാന്യം ഉണ്ടെങ്കിലും ബാകി സ്ത്രീ കഥാപാത്രങ്ങള്‍ എല്ലാം തന്നെയും നിഴലുകള്‍ ആയിപോയി. കഥാപാത്രങ്ങളുടെ കാസ്റ്റിംഗ് നന്നായിരിക്കുന്നു. വളരെ നാളുകള്‍ക്കു ശേഷം റഹ്മാന് കിട്ടിയ നല്ല ഒരു റോള്‍, അദ്ദേഹം നന്നായി ചെയ്തിരിക്കുന്നു. തമാശ എന്ന് പറയാന്‍ ഒന്നുമില്ലെങ്കിലും ചിലയിടങ്ങളില്‍ അല്പം സങ്കടത്തോടെ നമ്മള്‍ ചിരിച്ചു പോകും. റോമ സാധാരണ കാണുന്ന കുട്ടിത്തം നിറഞ്ഞ വേഷത്തില്‍ നിന്നും വ്യത്യസ്തമായി മേച്യൂര്ട് ആയ വേഷത്തില്‍. ഇടവേള എത്തിയപ്പോള്‍ ഇത്രയും സമയം ഒക്കെ ആയോ എന്ന് തോന്നിപ്പോകും പോലെ ഉദ്വേഗം ആയിരുന്നു. ആസിഫ് അലിയുടെ ആരാധകര്‍ക്ക് സന്തോഷിക്കാന്‍ നല്ല ഒരവസരം. അനൂപ്‌ മേനോന്‍ എന്ന നടനെ മലയാളം സിനിമ ഉപയോഗിച്ച് തുടങ്ങിയതേ ഉള്ളൂ, എന്ന് വീണ്ടും തെളിയിക്കുന്നു ട്രാഫിക്. ഗസ്റ്റ് റോളുകളില്‍ വന്ന ജോസ് പ്രകാശിന്റെ കഥാപാത്രവും, പുതിയ സെന്‍സേഷന്‍ നിവിന്‍ പോളിയും, അവരുടെ ചെറിയ വേഷങ്ങളെ മനോഹരമാക്കി.

രാജേഷ്‌ ആര്‍ പിള്ള എന്ന സംവിധായകന് അഭിമാനിക്കാം, അദ്ദേഹത്തിന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ എന്ന സിനിമയുടെ നിഴലില്‍ നിന്നും പുറത്തുവരാനായതില്‍. ഇത്രയും അഭിനേതാക്കളെ കഥാപാത്രങ്ങളായി സ്വാഭാവികമായി കോര്‍ത്തിണക്കാനായതില്‍ . ഈ സിനിമയിലെ സൂപ്പര്‍ സ്റാര്‍ എന്നത് കഥയും തിരക്കഥയുമാണ്. ബോബി-സഞ്ജയ്‌ കളുടെ തൊപ്പിയില്‍ ഒരു പൊന്‍തൂവല്‍ കൂടി. ഗാനങ്ങള്‍ നിലവാരം ഉള്ളതായിരുന്നെങ്കിലും ശ്രദ്ധ മുഴുവന്‍ കഥയിലായിരുന്നത് കൊണ്ട് കാര്യമായി ആസ്വദിക്കാന്‍ പറ്റിയില്ല. രണ്ടര മണിക്കൂര്‍ നേരം ആകാംഷയുടെ മുള്‍മുനയില്‍ നിറുത്തിയ ചിത്രത്തിനെ ഞാന്‍ എന്റെ ആസ്വാദന നിലവാരത്തില്‍ നിന്നു കൊണ്ട് പത്തില്‍ എട്ടര മാര്‍ക്ക് നല്‍കുന്നു. കഥയുടെ ഒരു തരിപോലും ഈ റിവ്യൂവില്‍ ഉള്‍പെടുതാത്തതു ആസ്വാദനത്തെ ബാധിക്കും എന്നതിനാലാണ്. എന്തുകൊണ്ടും കാണാന്‍ യോഗ്യമായ വളരെ സത്യസന്ധമായ ഒരു ചിത്രമാണ് ട്രാഫിക്.

Friday, December 3, 2010

ഒരു ദിവസം, ഒരു കഥ

ഒരിടത്ത് എക്സ് എന്ന് പേരുള്ള ഒരു ആണ്‍കുട്ടിയും വൈ എന്ന് പേരുള്ള ഒരു പെണ്‍കുട്ടിയും ഉണ്ടായിരുന്നു. എക്സ് ഒരു വന്‍ സംഭവം/പ്രസ്ഥാനം ആയിരുന്നു. എക്സിന്റെ ജൂനിയര്‍ ആയിരുന്നു വൈ. രണ്ടു പേരും നാട്ടിലെ തന്ത്ര പ്രധാനമായ ഒരു എന്ജിനീയറിംഗ് കോളേജില്‍ പഠിക്കുന്ന കാലം.

ഒരു ദിവസം, ക്ലാസ്സ്‌ കഴിഞ്ഞു വൈ അത്യാവശ്യം ലൈബ്രറി ഇടപാടുകള്‍ ഒക്കെ നടത്തി പുറത്തേക്കു വരുമ്പോള്‍, എക്സ് ലൈബ്രറിയുടെ വാതില്കല്‍ തന്നെ നില്പുണ്ട്. വൈ യെ നോക്കി എക്സ് മെല്ലെ ചിരിച്ചു. എക്സിനെ കണ്ടതും വൈയുടെ ഹൃദയമിടിപ്പ്‌ മെല്ലെ കൂടാന്‍ തുടങ്ങി. ഒരിക്കല്‍ പോലും പരസ്പരം സംസാരിചിട്ടില്ലെങ്കിലും എക്സിന്റെ കണ്ണുകള്‍ പലപ്പോഴും തനിക്കു നേരെ വരുന്നത് അവള്‍ കണ്ടിട്ടുണ്ട്. തിരിച്ചും ശ്രദ്ധിച്ചിട്ടുണ്ട്. പക്ഷെ ഇതാദ്യമായാണ് ഇത്രയടുത്ത് എക്സ് നെ കണ്ടത്. റാഗ്ഗിംഗ് ന്റെ സമയത്ത് ക്ലാസ്സില്‍ വന്നു മാത്രം കണ്ടിട്ടുണ്ട്, അപ്പോഴൊന്നും എക്സ് തന്നോട ഒരക്ഷരം പോലും സംസാരിച്ചിരുന്നില്ല.

വൈ പോകാനുള്ള പുറപ്പാടാണെന്നു തോന്നുന്നു. ഇന്നെങ്കിലും ഇവളോട് രണ്ടു വാക്ക് മിണ്ടണം എന്ന് കരുതിയതാണ്, പടച്ചോനെ ഈ ചങ്ക് പെടക്കുന്നത് നിക്കനില്ലല്ലാ.. എന്തായാലും കേറി മിണ്ടിക്കളയാം, എക്സ് തീരുമാനിച്ചു.

"എക്സ്ക്യൂസ് മി , ലൈബ്രറിയില്‍ വന്നതാണ്‌ അല്ലെ ??"

വൈ തിരിഞ്ഞു നോക്കി, പിന്നെ അല്ലാതെ ഇവിടെ ചുറ്റിക്കറങ്ങാന്‍ ഞമ്മള്‍ ആരാ, പിന്നെ ചെറുതായി ചിരിച്ചു കൊണ്ട് മൊഴിഞ്ഞു "അതേ "

"എന്താ പേര് ?" , പാവത്താന്‍. ഒന്നുമറിയാത്ത കുഞ്ഞാട് . ഇത്ര കാലമായിട്റ്റ് ഇവളെ കണ്ടിട്ടും പേര് പോലും അറിയില്ലാതത്ര നിഷ്കളങ്കന്‍.

"വൈ " , അവള്‍ മെല്ലെ മൊഴിഞ്ഞു

"ഓ , നൈസ് നെയിം. ഇയ്യ് നമ്മുടെ യുണിയന്‍ ഡേ ക്ക് ഡാന്‍സ് ചെയ്ത കുട്ട്യല്ലേ ?"

"അതേ ", വൈ യുടെ മുഖം തെളിഞ്ഞു. അപ്പൊ എക്സ് തന്നെ ശരിക്കും ശ്രദ്ധിച്ചിട്ടുണ്ട്.

"അല്ലാ, ഞാന്‍ വെറുതെ പരിചയപ്പെടാന്‍ വന്നതാ, നമ്മുടെ കോളേജില്‍ ഇങ്ങനെ ഒരു കുട്ടി ഉണ്ടായിട്ടു പരിചയപ്പെട്ടില്ലെങ്കില്‍ മോശല്ലേ ?" എക്സ് പറഞ്ഞു.

അല്ലാതെ എന്നോട് സംസാരിക്കാന്‍ വന്നതല്ല, അല്ലെ. ഹും, വൈ മെല്ലെ എക്സിന്റെ മുഖത്തേക്ക് നോക്കി. ആ ഭാവത്തിനു എന്ത് പേരാണ് പറയണ്ടത് എന്ന് അവള്‍ക്കു അപ്പോള്‍ മനസിലായില്ല. പക്ഷെ ഒരു കാര്യം മനസിലായി തന്നോട് സംസാരിക്കാന്‍ എക്സ് വല്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. സംസാരിക്കുമ്പോള്‍ കൈ വിറക്കുന്നു. അവള്‍ക്കു ചിരി വന്നു, പക്ഷെ തന്റെ ഹൃദയമിടിപ്പുകള്‍ അതിനെക്കാളും ഉറക്കെ കേള്‍ക്ക്ന്നുണ്ടോ എന്നും ആ സമയത്ത് അവള്‍ക്കു സംശയം തോന്നി.

ഇനി എന്താണ് ചോദിക്കേണ്ടത് എന്നറിയാതെ എക്സ് ബുദ്ധിമുട്ടുകയാണ്. എക്സിനു വൈയുടെ മുഖത്തേക്കെ നോക്കാന്‍ പറ്റുന്നില്ല. അവസാനം പറഞ്ഞു, "ശരി , ഞാന്‍ പോട്ടെ ?"

എക്സ് വൈയുടെ കണ്ണിലേക്കു നോക്കി . വൈ ശരി എന്ന് മൊഴിഞ്ഞു. ആ നിമിഷം എക്സിനു അവിടെന്നു പോകേണ്ട എന്ന് തോന്നി. പക്ഷെ മെല്ലെ അവന്‍ ചോദിച്ചു, "എന്നേ അറിയാമോ "

ഒരു നിമിഷം , എന്തുത്തരം പറയണം എന്നോര്‍ത്ത് വൈ ശങ്കിച്ച് നിന്നു. പിന്നെ പറഞ്ഞു "അറിയാം "

എക്സ് ഞെട്ടി പോയി. അവളുടെ അടുത്ത് നിന്നും അങ്ങനെ ഒരുത്തരം അവന്‍ പ്രതീക്ഷിച്ചിരുന്നില്ല. അത്ഭുതത്തോടെ അവന്‍ ചോദിച്ചു "എങ്ങനെ അറിയാം ?? !!"

"അന്‍റെ റൂമില് ഇങ്ങളെ ക്ലാസിലെ കുട്ട്യോള് ഉണ്ട്. ഓര് പറഞ്ഞിക്കണ് " വൈ മൊഴിഞ്ഞു..

"എന്താ ഓര് പറഞ്ഞെ ??" എക്സിനു അത്ഭുതം.

"ഒന്നൂലാ, ഇങ്ങളെ വീട് വയനാടല്ലെനും? പ്രിയടെ കൂടാ വീട്ടില് പോയിനീന്നും.." അപ്പ അതാണ്‌ കാര്യം. വീട്ടില്‍ പോയപ്പോള്‍ ക്ലാസിലെ പ്രിയ കൂടെ ഉണ്ടായിരുന്നത് വരെ ഇവള്‍ ശ്രദ്ധിച്ചിരിക്കുന്നു. കൊള്ളാം.

"ഇല്ലാ, അന്ന് പ്രിയാടെ കൂടെ പോയതല്ല, എന്‍റെ റൂട്ടില്‍ ബസ് ഇല്ലാത്തതോണ്ട് പോയതാ. പ്രിയയും ആ ബസില്‍ ഉണ്ടായിരുന്നു എന്നെ ഉള്ളൂ, ഇറങ്ങിയപ്പോള്‍ ആണ് കണ്ടത്" എന്തിനാണ് ഇത്രയും എക്സ്പ്ലനേഷന്‍ കൊടുക്കുന്നത് എന്ന് എക്സിനു തന്നെയും മനസിലായില്ല. പറഞ്ഞു കഴിഞ്ഞപ്പോള്‍ വൈയുടെ മുഖത്തുണ്ടായ പുഞ്ചിരിയുടെ അര്‍ഥവും അവനു മനസിലായില്ല. ഒരുകാര്യം വ്യക്തമായി, താന്‍ തീര്‍ച്ചയായും ഇവളെ ഇനിയും കാണും. കാണാതെ ഇരിക്കാന്‍ പറ്റില്ല.

"ശരി , ഞാന്‍ പോകട്ടെ.വീട്ടില്‍ പോകുന്നു. അവധി കഴിഞ്ഞു കാണാം" കാണില്ലേ എന്ന ചോദ്യം കണ്ണില്‍ നിറച്ചു അവന്‍ അവളുടെ മുഖത്തേക്ക് നോക്കി.
"ഓക്കേ, പിന്നെ കാണാം " എന്ന മറുപടിയില്‍ , ഞാന്‍ കാത്തിരിക്കും എന്ന ഉത്തരം നിറച്ചു അവള്‍ അവനെ യാത്രയാക്കി.


-------------------------------------------------------------------------------------------

വര്‍ഷങ്ങള്‍ കടന്നു പോയിരിക്കുന്നു. ഇന്നതൊക്കെ ഓര്‍ക്കാന്‍ നല്ല രസം.

ബാലിയും ഗ്രെവാളും പിന്നെ ഞമ്മളും

അഞ്ചാറു വര്‍ഷം മുന്നത്തെ കഥയാണ്, ബി ടെക് ആദ്യ വര്‍ഷം ഒന്നും രണ്ടും പരീക്ഷ നടക്കുന്ന കാലം. ആദ്യത്തെ രണ്ടു പരീക്ഷ കണക്കാണ്, കണക്ക് മാതമാടിക്സ് അതായത് കണക്ക് , എന്തായാലും രണ്ടു പേപ്പറും കണക്കാണ്, പഠിച്ചിട്ടും പഠിച്ചിട്ടും അത് കണക്കായി തന്നെ അവശേഷിക്കുന്ന കാലം.

ഈ കഥ നടക്കുന്നത് ഒരു ലേഡീസ് ഹോസ്റ്റലില്‍ ആണ്, സുന്ദരികളും സുശീലകളും സര്‍വോപരി ബുദ്ധിമതികളും ആയ ഒരു കൂട്ടം യുവ എന്‍ജിനീയര്‍മാര്‍ ( എഞ്ചിനീയറി മാര്) താമസിക്കുന്ന ഉഗ്രന്‍ ഹോസ്റ്റല്‍. കണക്ക് എല്ലാവരുടെയും തലയ്ക്കു പിടിച്ച സമയം. കംബയിണ്ട് സ്ടടി ആയതു കൊണ്ട് ആര്‍ക്കും സ്വന്തം റൂം സ്വന്തം കിടക്ക എന്നൊന്നും ഒരു വിവേചനവും ഇല്ല. രണ്ടു കട്ടില്‍ അടുപ്പിച്ചു ഇട്ട് , നടുക്ക് ഒരു ബാലി യും, ഒരു ഗ്രെവാളും തുറന്നു വെച്ച് , ആരെങ്കിലും ഒക്കെ പഠിക്കും, ചിലര്‍ പഠിപ്പിക്കും, ചിലര്‍ കേട്ടുകൊണ്ട് ഉറങ്ങും. അങ്ങനെ ഒരു പരീക്ഷാ തലേന്ന്,

ഈ കഥയില്‍ രണ്ടു ലീഡ് കഥാപാത്രങ്ങള്‍ ആണ് ഉള്ളത്, ഒരാള് കെയ്റ്റ് വിന്‍സ്ലെറ്റ് , മറ്റെയാള്‍ ആഞ്ജലീന ജോളി. മറ്റു പല സഹതാരങ്ങളും ഈ കഥയില്‍ ഉണ്ട്, പക്ഷെ അവര്‍ ഒക്കെ ഈ നായികമാരുടെ നിഴല്‍ മാത്രം.

നമ്മുടെ കെയ്റ്റ് വിന്‍സ്ലെട്ടും , അന്ജെലീന ജോളിയും പിന്നെ മറ്റു പല സുന്ദരിമാരും കൂടെ രാത്രി പകലാക്കി പഠിച്ചു പഠിച്ചു അവസാനം പുസ്തകത്തിന്‌ ചുറ്റും കിടന്നു ഉറങ്ങി പോയി. രാത്രി കുറെ കഴിഞ്ഞപ്പോള്‍ നമ്മുടെ അന്ജെലീന ജോളി എഴുന്നേറ്റു. ഉറക്കം ശെരിയാവുന്നില്ല. സ്വന്തം കട്ടിലില്‍ കിടന്നു തന്നെ ഉറങ്ങണം പുള്ളിക്ക്, ഉറക്കച്ചടവോടെ വാതില്‍ക്കല്‍ ചെന്ന്, വാതില്‍ തുറക്കാന്‍ നോക്കി. എന്ത് ചെയ്തിട്ടും സാക്ഷ എടുക്കാന്‍ പറ്റുന്നില്ല. തിരിച്ചു വന്നു നോക്കുമ്പോള്‍ നമ്മുടെ കെയ്റ്റ് , "ബാലി " യെ തലയിണയാക്കി ചുരുണ്ട് കിടന്നു ഉറങ്ങുന്നു. കെയ്റ്റ്ന്റെ ഒരു കൈയിന്റെ മേലെ മറ്റൊരു സുന്ദരി, വാതില്‍ തുറക്കാന്‍ ആരെയെങ്കിലും വിളിക്കണമല്ലോ, കെയ്റ്റ് നെ തന്നെ വിളിക്കാം .

"കെയ്റ്റ് , കെയ്റ്റ് ..ഒന്നെണീക്കൂ." അന്ജെലിന വിളിച്ചു.

കെയ്റ്റ് അറിയുന്നേ ഇല്ല. അതങ്ങനെയാണ്, ഉറങ്ങി കഴിഞ്ഞാല്‍ പിന്നെ കെയ്റ്റ് നെ വിളിച്ചാല്‍ കിട്ടില്ല. ആന കുത്തിയാലും അറിയില്ല എന്ന് പറഞ്ഞു വീട്ടിലെത്തിയാല്‍ കെയ്റ്റ് ന്റെ മമ്മി വിറകു കൊള്ളിയും പിടിച്ചു കൊണ്ടാണ് രാവിലെ എണീപ്പിക്കാന്‍ വരിക.

"എടീ പെണ്ണെ, ഒന്നെനിക്കെടി പോത്തെ " അഞ്ജലീന കെയ്റ്റ് നിട്ടു ഒരു തട്ട് കൊടുത്തു.

കെയ്റ്റ് മെല്ലെ അനങ്ങി, "ആ , എന്താടീ " , കണ്ണ് തുറക്കാതെ തിരിഞ്ഞു കിടന്നു കൊണ്ട് കെയ്റ്റ് ചോദിച്ചു.

"എടീ വാതില്‍ തുറക്കുന്നില്ല, എന്താ ചെയ്യുക ?" അഞ്ജലീനയും പകുതി ഉറക്കത്തില്‍ തന്നെ, "എടീ എന്താ ചെയ്യണ്ടേ ? എനിക്ക് റൂമില്‍ പോകണം "

"എടീ എക്സിന്റെ വാല്യൂ സബ്സ്ടിട്യൂറ്റ് ചെയ്താ മതി , പോ, തന്നെ ചെയ്യ് " കെയ്റ്റ് ഉപദേശിച്ചു.

"ഓക്കേ " എന്നും പറഞ്ഞു ആഞ്ജലീന സാക്ഷയിന്മേല്‍ എക്സിന്റെ വാല്യു സബ്സ്ടിട്യൂറ്റ് ചെയ്യാന്‍ പോയി. വാതില്കല്‍ എത്തിയപ്പോള്‍ ആണ് ആഞ്ജലീനക്ക് ബോധം വന്നത്. എക്സ് എങ്ങനെ വാതിലില്‍ സബ്സ്ടിട്യൂറ്റ് ചെയ്യും. തിരിച്ചു വന്നു കെയ്റ്റ് നിട്ടു നല്ല ഒരു തട്ട് കൊടുത്തു. "എടീ എന്താടീ പൊട്ടീ, എന്തിനാ എനിക്കിട്ടു താങ്ങിയത് " എന്നും ചോദിച്ചോണ്ട് കെയ്റ്റ് എണീറ്റ് വന്നു.

"എടീ വാതില്‍ തുറക്കാന്‍ പറ്റുന്നില്ല, വാ "

"ഇവിടെ എങ്ങാനും കിടന്നു ഉറങ്ങെടി, രാവിലെ തുറക്കാം " കെയ്റ്റ് മൊഴിഞ്ഞു .

"പോര, എനിക്ക് ഇപ്പോതന്നെ പോണം " ആഞ്ജലീന പണ്ടേ വാശിക്കാരിയാണ്‌.

"എന്നാല്‍ ശെരി, " കെയ്റ്റ് എണീറ്റു. എന്തിനും പോന്ന നമ്മള് ഇവിടെ ഉള്ളപ്പോഴാണോ ഒരു ചിന്ന വാതില്‍ തുറക്കാന്‍ ആഞ്ജലീന കഷ്ടപെടുന്നത്. ജബ് ഹം ഹൈ തോ ക്യാ ഗം ഹൈ !!

രണ്ടു പേരും കൂടി വാതിലിന്റെ അടുതെത്തി, നോക്കുമ്പോഴാണ്, സാക്ഷ ഇട്ടിട്ടേയില്ല. ഉറക്കച്ചടവില്‍ നോക്കിയപ്പോള്‍ ആണ് ആഞ്ജലീനക്ക് അത് തുറക്കാന്‍ പറ്റാതെ തോന്നിയത്. എന്തായാലും ആഞ്ജലീന വാതില്‍ തുറന്നു സ്വന്തം റൂമിലേക്ക്‌ പോയി.

സുഖമായി ഉറങ്ങുകയായിരുന്ന കിര്‍സ്ടന്‍ സ്റ്റുവര്‍ട്ട് ഇവളുമാരുടെ ബഹളം കേട്ട് ഞെട്ടി എണീറ്റ്‌ ഈ സംഭവതിനെല്ലാം സാക്ഷിയായത് കൊണ്ട് ഡയലോഗുകള്‍ വള്ളി പുള്ളി വ്യത്യാസമില്ലാതെ ഞങ്ങള്‍ക്ക് പിറ്റേ ദിവസം തന്നെ കിട്ടി.